‘രണ്ടാം ഭാവം’ എന്ന ചിത്രത്തിന് ശേഷം താന്‍ ചെയ്ത രണ്ടു രണ്ടു ചിത്രങ്ങളുടെയും വിജയത്തിന്റെ ഗ്രാഫ് താഴോട്ടായിരുന്നുവെന്ന് സംവിധായകന് ലാല്‍ ജോസ്. ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ ഒരു ശരാശരി വിജയം നേടിയപ്പോള്‍ ‘രണ്ടാം ഭാവം’ എന്ന ചിത്രം പൂര്‍ണ്ണപരാജയമായിരുന്നു, ‘രണ്ടാം ഭാവ’ത്തിന്റെ പരാജയം മാസികമായി തന്നെ വല്ലാതെ ബാധിച്ചുവെന്നും സിനിമയില്‍ നിന്ന് ഉള്‍വലിഞ്ഞു നിന്ന തന്നെ വീണ്ടും തിരികെ എത്തിച്ചത് ദിലീപിന്റെ ഇടപെടലാണെന്നും ലാല്‍ ജോസ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘രണ്ടാം ഭാവം’ എന്ന ചിത്രത്തിന്റെ പരാജയം എന്നെ വല്ലാതെ ബാധിച്ചിരുന്നു. മുറിക്കുള്ളില്‍ ഒതുങ്ങി കൂടിയ എന്നെ കാണാന്‍ ദിലീപ് ഒരു ദിവസം വീട്ടില്‍ വന്നു, എന്റെ മാറ്റം അപ്പച്ചന് ദിലീപിനെ അറിയിച്ചിരുന്നു,അതറിഞ്ഞു കൊണ്ടാണ് ദിലീപിന്റെ വരവ്, ‘നീ എന്തിനാണ് ഇങ്ങനെ മുറിക്കുള്ളില്‍ ചടഞ്ഞു കൂടിയിരിക്കുന്നത്, നമുക്ക് ഉടന്‍ തന്നെ അടുത്ത സിനിമ ചെയ്യണം’, എന്ന് ദിലീപ് പറഞ്ഞു. ‘എന്റെ ഡേറ്റ് നിനക്ക് ഓപ്പണ്‍ ആണ്. കഥ റെഡിയായാല്‍ നമുക്ക് എപ്പോള്‍ വേണമെങ്കിലും സിനിമ ചെയ്യാം. നിര്‍മ്മാതാവിന്റെ കാര്യം ഓര്‍ത്ത് നീ വിഷമിക്കണ്ട, എനിക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുള്ള ഒന്നിലധികം നിര്‍മ്മാതാക്കള്‍ ഉണ്ട്’. ദിലീപ് എന്നെ അറിയിച്ചു. അങ്ങനെയാണ് എന്റെ നാലാം ചിത്രമായ ‘മീശമാധവന്’ സംഭവിക്കുന്നത്. ‘രണ്ടാം ഭാവ’ത്തില്‍ വര്‍ക്ക് ചെയ്ത അതെ ടെക്നിക്കല്‍ ടീമിനെ തന്നെ എന്റെ അടുത്ത ചിത്രത്തിലും പങ്കെടുപ്പിക്കണമെന്നു എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ലാല്‍ ജോസ് പറയുന്നു.
Post Your Comments