GeneralLatest NewsMollywood

ഒരമ്മയ്ക്കും ഒരു അഭിനേത്രിക്കും ഇത്തരമൊരു ഗതികേട് വരരുത്; സഹായിച്ചത് അമ്മയും സുരേഷ് ഗോപിയും

ഒരു കാലത്ത് ഏറ്റവും സമ്പന്നതയില്‍ അഭിരമിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്

കഴിഞ്ഞ ദിവസം അന്തരിച്ച നടി രാധാമണിയുടെ ദുരിത ജീവിതത്തില്‍ സഹായമായത് താര സംഘടന അമ്മയും നടനും എം പിയുമായ സുരേഷ് ഗോപിയും. രാമു കാര്യാട്ടിന്‍റെ കാലചക്രം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, അരവിന്ദന്‍റെ ഉത്തരായണത്തിലൂടെ മികച്ച നടിക്കുള്ള പ്രത്യേക ദേശീയ പുരസ്കാരം സ്വന്തമാക്കി, മലയാളവും തമിഴും ഹിന്ദിയുമടക്കം ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച രാധാമണിയുടെ ജീവിതം ദുരിതമയമായിരുന്നു.

വടപളനിയിലുള്ള വാടകവീട്ടില്‍ പ്രായാധിക്യം ചെന്ന ഭര്‍ത്താവിനും (കനയ്യലാല്‍) ഇടുപ്പെല്ല് തകര്‍ന്ന്, പകരം കൃത്രിമ ഇരുമ്പ് ദണ്ഡുകളുടെ സഹായത്തോടെ ജീവിച്ചിരുന്ന ഏകമകന്‍ അഭിനയ്യുമായിരുന്നു രാധാമണിയുടെ സമ്പാദ്യം. താരത്തിന്റെ ജീവിതത്തെക്കുറിച്ച്..

”ഒരു കാലത്ത് ഏറ്റവും സമ്പന്നതയില്‍ അഭിരമിച്ചിരുന്ന കുടുംബമായിരുന്നു അവരുടേത്. പക്ഷേ എല്ലാം കീഴ്മേല്‍ മറിഞ്ഞു. നിര്‍മ്മിച്ച ചിത്രം നല്‍കിയ പരാജയവും മകന്‍റെ അപകടവുമെല്ലാം അതിനു കാരണമായി.ഈ ദുരിതത്തിനിടയില്‍ ചെറിയ ശ്വാസം മുട്ടലായി എത്തിയ ക്യാന്‍സര്‍ ആ കുടുംബത്തെ പൂര്‍ണ്ണമായും വഴിയാധാരമാക്കി. ചികിത്സാചെലവിന് പോലും അന്യരുടെ മുമ്പില്‍ കൈനീട്ടേണ്ട ഗതികേടിലായി. അന്നും ഇന്നും ആ കുടുംബത്തിന് താങ്ങായിരുന്നത് ഉഷ ചേച്ചിയാണ്. താരസംഘടനയായ അമ്മയുടെ മുന്നില്‍ ടി.പി. രാധാമണിയുടെ ദുരന്തകഥ എത്തിച്ചത് അവരായിരുന്നു. അമ്മയില്‍നിന്ന് ഇന്‍ഷ്വറന്‍സ് അടക്കമുള്ള സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതില്‍ ഉഷചേച്ചി ഇടനിലക്കാരിയായി. ടി.പി. രാധാമണിയുടെ സഹപ്രവര്‍ത്തകരായ ജയഭാരതിയില്‍നിന്നും വിജയ് സേതുപതിയില്‍നിന്നും(വണ്‍മം എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായി അഭിനയിച്ചത് ടി.പി. രാധാമണിയായിരുന്നു) ചെറിയ സാമ്പത്തിക സഹായങ്ങള്‍ വാങ്ങിച്ചുനല്‍കുന്നതിലും ഉഷചേച്ചിയുടെ സമയോചിതമായ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും അവരുടെ ഭീമമായ ചികിത്സാചെലവിനെ താങ്ങാന്‍ പര്യാപ്തമായിരുന്നില്ല.

തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ എത്തിയ സമയത്ത് നടന്‍ ഇന്ദ്രന്‍സ് ചെറിയ സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. മരുന്നിനു പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ ചില സഹപ്രവര്‍ത്തകരെ സഹായത്തിനായി വിളിച്ചിരുന്നു. എല്ലാവരും അനുതാപം അറിയിച്ചെങ്കിലും പണം മുടക്കാന്‍ മനസ്സ് കാട്ടിയില്ല. അവരില്‍ പലരും പിന്നീട് ടി.പി. രാധാമണിയുടെ മരണശേഷം അവര്‍ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ട് പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. അവര്‍ക്ക് ജീവിതത്തിലും അഭിനയിക്കാന്‍ അറിയാമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇതിനെക്കാള്‍ ദുരന്തം മറ്റൊന്നുണ്ടാകാനില്ല.

രണ്ടാം ഘട്ട ചികിത്സയ്ക്കായി രാധാമണി തിരുവനന്തപുരത്തെത്തിയപ്പോള്‍ അവരുടെ ദുരവസ്ഥ നടനും എം.പിയുമായ സുരേഷ്ഗോപിയോടും പറഞ്ഞു. ഒരു അപേക്ഷ തയ്യാറാക്കി ഉടനെ ഓഫീസിലെത്തിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം. അതുമായി ചേച്ചിയും മകനും കൂടിയാണ് ശാസ്തമംഗലത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തത്. അതിനുഫലമുണ്ടായി, പ്രധാനമന്ത്രിയുടെ പ്രത്യേക സഹായനിധിയില്‍ നിന്ന് രണ്ടരലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി. ചികിത്സയ്ക്കും മരുന്നുകള്‍ക്കും മാത്രമേ ഈ സാമ്പത്തിക സഹായങ്ങളെല്ലാം ഉപകരിക്കപ്പെട്ടിരുന്നുള്ളൂ. അതിനപ്പുറം മൂന്ന് ജീവനുകള്‍ ഒരു വീട്ടിനുള്ളില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് മറ്റ് ജീവിതാവശ്യങ്ങളുണ്ടെന്നും ആരും തിരിച്ചറിയാതെ പോയി. ഒരമ്മയ്ക്കും ഒരു അഭിനേത്രിക്കും ഇത്തരമൊരു ഗതികേട് വരരുത്. ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്നതൊക്കെ ചെയ്യുക. അതാണ് ഏറ്റവും കരണീയമായ മാര്‍ഗ്ഗം. അല്ലാതെ മരണശേഷമുള്ള അനുശോചന പ്രവാഹങ്ങള്‍ക്കല്ല. അത് കപടതയാണ്. ആ കപടത അഭിനയത്തിലാകാം. ജീവിതത്തിലാകരുത്. ”

കടപ്പാട് : നാനാ

shortlink

Post Your Comments


Back to top button