ടൊവിനോ തോമസ് സൈനിക വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന് 06 തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്. നവാഗതനായ സ്വപ്നേഷ് കെ നായര്‍ ഒരുക്കിയ ചിത്രം കണ്ടത്തിനു പിന്നാലെ ടൊവിനോയ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മ ധനലക്ഷ്മി. ഇതിലും വലിയൊരംഗീകാരം തനിക്കിനി കിട്ടാനില്ലെന്ന് പറഞ്ഞുകൊണ്ട് ടൊവിനോ തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ധനലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ..
“തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ആ ചിത്രം കാണാന്‍ പോയത്. സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ബന്ധപ്പെടുത്താന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ആ ചിത്രത്തിലുണ്ട്. എന്റെ മനസിലുണ്ടായിരുന്ന, എനിക്കറിയാവുന്ന ഒരു പട്ടാളക്കാരനെ ഞാന്‍ ആ സിനിമയില്‍ കണ്ടു. ക്യാപ്റ്റന്‍ ഷഫീക്ക് അത് വളരെ നന്നായി ചെയ്തു. പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല, ഒരു സൈനികന്റെ അമ്മ എന്ന നിലയില്‍ പറയുന്നതാണ്. എന്റെ മകന് ഒരിക്കലും ഒരു ആര്മിക്കാരനായി നാട്ടില്‍ പെരുമാറിയിട്ടില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു അവന്. ക്യാപ്റ്റന്‍ ഷെഫീക്കിനെ എനിക്ക് അതേ പോലെ തോന്നി.
ഒരമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന്, ഒന്ന് മാറോടണയ്ക്കണമെന്ന് എനിക്ക് തോന്നി. ഇത് മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ എന്ത് പറയുമെന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാന്‍ അങ്ങനെയാണ്, ലോകത്തുള്ള എല്ലാവരും എന്റെ മക്കളാണ്.. അദ്ദേഹം അത്രയും ഉയര്‍ന്ന നിലയിലാണ് അത് ചെയ്തിരിക്കുന്നത് എന്ന് എനിക്ക് അനുഭവപ്പെട്ടു. എന്റെ മകന്റെ സാദൃശ്യം കൂടെ എനിക്ക് അതില്‍ തോന്നി. അതുകൊണ്ട് എത്ര പുകഴ്ത്തിയാലും എനിക്ക് മതിയാകില്ല. അത്രയും നന്നായി ടൊവിനോ അത് ചെയ്തു.”
Post Your Comments