പ്രേക്ഷകരെ ചിരിപ്പിക്കുന്ന വേഷങ്ങള്‍ വെള്ളി വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന കലാകാരന്മാരില്‍ പലരും ഉള്ളില്‍ കരയുന്നവര്‍ ആയിരിക്കും. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ‘തട്ടീം മുട്ടീം’ ല്‍ കമലാസനന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. ഈ നടന്റെ തലവര മാറിയ പരിപാടാണ് തട്ടീംമുട്ടീം എന്ന് തന്നെ പറയാം. കോമഡി സ്‌കിറ്റുകളിലെ പെണ്‍വേഷങ്ങളിലൂടെ ചിരിയുടെ ലോകത്ത് എത്തിയ നസീറിന്റെ ബാല്യകാലം അത്ര സുഖമുള്ള ഓര്‍മ്മയല്ല. കയ്പ്പേറിയ ജീവിതവഴികൾ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു.
”ഏഴാം വയസിലാണ് വാപ്പ ഹനിഫ മരിക്കുന്നത്. അതുവരെ കൂടുംബത്തില്‍ നിറഞ്ഞു നിന്നിരുന്ന ചിരി അതോടെ മാഞ്ഞു. ഉമ്മയും നാലു മക്കളും തെരുവിലായി. സംക്രാന്തിക്കടുത്ത് റെയില്‍വേ പുറന്പോക്കിലായി കുടുംബത്തിന്റെ താമസം. അതിനിടെ മക്കള്‍ പട്ടിണി കിടക്കുന്നത് സഹിക്കാന്‍ കഴിയാതെ അമ്മ നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലാക്കി. അഞ്ചു വര്‍ഷം അവിടെ. പലപ്പോഴും അന്തിക്കഞ്ഞിയില്‍ കലരുന്നത് കണ്ണീരുപ്പായിരുന്നു.
അനാഥാലയത്തില്‍ നിന്നു മടങ്ങിയെത്തിയപ്പോഴും പട്ടിണി ബാക്കി. അങ്ങനെയാണ് ഭിക്ഷാടനത്തിന് ഇറങ്ങിയത്. മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്പോൾ വീട്ടില്‍ വിശന്നിരിക്കുന്ന അമ്മയുടെ മുഖമാണ് തെളിയുക. ആക്രി പെറുക്കല്‍, ഹോട്ടലില്‍ പാത്രം കഴുകൽ അങ്ങനെ റെയില്‍വേ പുറമ്പോക്കുകാരന്റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികള്‍ എല്ലാം എന്നെ തേടിയെത്തി. അപ്പോഴും ഇടയ്ക്ക് നാട്ടില്‍ ക്ലബുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാട്ടു മത്സരങ്ങളില്‍ പങ്കെടുക്കും. ഇടയ്ക്ക് ഒരു കഥാപ്രസംഗം സ്‌കിറ്റായി അവതരിപ്പിച്ചു. അതു കണ്ടു നാട്ടുകാര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ ഹരമായി. പുതിയ വഴി അവിടെ തുറന്നു. സ്റ്റേജുകളില്‍ തിരക്കായി. വിദേശയാത്രകള്‍ പതിവായി. ദിവസം മൂന്നും നാലും സ്റ്റേജുകള്‍ വരെ കളിച്ചു.” പുതു ജീവിതത്തിന്റെ സന്തോഷത്തിലും കണ്ണീരു നിറഞ്ഞ ഓര്‍മ്മകള്‍ താരം പങ്കുവച്ചു
Post Your Comments