ഒരു സൈക്ലിങ് താരത്തിന്റെ ജീവിത കഥ പറഞ്ഞ ‘ഫൈനൽസ്’മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് മണിയൻപിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഒരുക്കാന്‍ അതിന്റെ സംവിധായകന്‍ കാത്തിരുന്നത് 12 വര്ഷം. നവാഗതനായ പി.ആർ. അരുൺ ആണ് ഈ ചിത്രം ഒരുക്കിയത്. നടി മുത്തുമണിയുടെ ജീവിത പങ്കാളി കൂടിയായ അരുണ്‍ താന്‍ അതിജീവിച്ച 12 വര്‍ഷത്തിന്റെ കഥ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
‘‘പല കായിക പ്രതിഭകളുടെയും ജീവിതത്തിൽ നിന്നു മനസ്സിലാക്കിയ കാര്യങ്ങൾ ചേർത്തുവച്ച് സൃഷ്ടിച്ചതാണ് ഫൈനൽസിന്റെ കഥ. പൂർണമായും ഫിക്ഷൻ. പക്ഷേ, അതിന് പ്രേരണയായത് ഒരു പത്രവാർത്തയാണ്. എന്റെ നാട് മലപ്പുറം മഞ്ചേരിയാണ്. മഞ്ചേരിയിൽ നടന്ന ഒരു സൈക്ലിങ് മത്സരത്തിനിടെയാണ് സ്റ്റേറ്റ് ചാംപ്യനായിരുന്ന തിരുവനന്തപുരത്തുകാരി ഷൈനി സൈലസ് കാറിടിച്ച് മരിച്ചത്. ആ സംഭവം എന്നെ വല്ലാതെ ഉലച്ചു. അങ്ങനെയാണ് ഫൈനൽസിന്റെ കഥ മനസ്സിൽ രൂപപ്പെട്ടത്. സിനിമ ഷൈനിയുടെ ജീവിതമല്ലെങ്കിലും ചിത്രം സമർപ്പിച്ചിരിക്കുന്നത് ഷൈനിക്കാണ്’’.– അരുൺ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
‘ധാരാളം സൈക്ലിസ്റ്റുകളെ കണ്ട്, സംസാരിച്ച്, അവരുടെ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയാണ് തിരക്കഥ തയാറാക്കിയത്. തിരക്കഥ പൂർത്തിയായിട്ടിപ്പോൾ 12 വർഷം കഴിഞ്ഞു. അതുമായി പല സംവിധായകരെയും കണ്ടെങ്കിലും ഒന്നും ശരിയായില്ല. അതിനിടെ ഞാൻ ജോലി വിട്ട് മുഴുവൻ സമയ സിനിമാ–നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു. ‘ഫിഫ്ത്ത് എസ്റ്റേറ്ററ്റ്’ എന്നൊരു നാടക സംഘം രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നാടകം പഠിക്കാൻ തുടങ്ങുകയും ചെയ്തു. എന്റെ ഒരു നാടകത്തില്‍ രജിഷ അഭിനയിച്ചു. അങ്ങനെ ഫൈനൽസിന്റെ കഥ രജിഷ അറിയുകയും ഏറെക്കഴിയും മുമ്പേ മണിയൻ പിള്ള രാജുച്ചേട്ടൻ വിളിച്ച് ‘അത് അരുൺ തന്നെ സംവിധാനം ചെയ്യ്’ എന്നു പറഞ്ഞ് നിർമാണം ഏറ്റെടുക്കുകയും ചെയ്തു. അതോടെയാണ് പ്രൊജക്ട് ഓൺ ആയത്. ഈ സിനിമയ്ക്കു വേണ്ടി ഞാൻ സംവിധായകൻ വരെയായി എന്നു വേണമെങ്കിൽ പറയാം’’.അരുണ്‍ പറഞ്ഞു
Post Your Comments