സംവിധായകന് ആകാന്‍ ആഗ്രഹിച്ച് എത്തി നടനായി മാറിയ താരമാണ് ശ്രീകാന്ത് മുരളി. 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവാണ് ശ്രീകാന്ത് മുരളി എന്ന അഭിനേതാവിന്റെ അരങ്ങേറ്റചിത്രം. അതിൽ മധ്യവയസ്കനായ ഒരു വക്കീലിന്റെ വേഷമായിരുന്നു ശ്രീകാന്തിന്. അതിനു ശേഷവും മികച്ച വേഷങ്ങള്‍ ചെയ്ത ശ്രീകാന്ത് പ്രിയദര്ശന് ഒപ്പം പ്രവര്‍ത്തിച്ച നാളുകളെക്കുറിച്ചു തുറന്നു പറയുന്നു.
പ്രിയദർശനൊപ്പമുള്ള സിനിമകൾ പഠനകളരികളായിരുന്നു. ആ സമയങ്ങളില്‍ ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ചിലതിനൊക്കെ പ്രിയൻ സാറിന്റെ കയ്യിൽ നിന്ന് നല്ല രീതിയിൽ വഴക്കു കേട്ടിട്ടുമുണ്ട്. ശ്രീകാന്ത് മുരളി പങ്കുവയ്ക്കുന്നു.” ചന്ദ്രലേഖയുടെ ഡബിങ് നടക്കുന്ന സമയം. മദ്രാസിലാണ് ഡബിങ് നടക്കുന്നത്. എം.ജി. സോമൻ ഡബിങ് കഴിഞ്ഞു മടങ്ങി. പക്ഷേ, അദ്ദേഹത്തിന്റെ ഒരു ഡയലോഗ് വിട്ടു പോയി. ഒരു റീലിൽ അദ്ദേഹത്തിന്റെ ഒറ്റ ഒരു സീൻ മാത്രമേയുള്ളൂ. അതാണ് വിട്ടു പോയത്. എല്ലാം കഴിഞ്ഞ് റീൽ റിവൈൻഡ് ചെയ്തപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. പ്രിയൻ സാർ വൈകുന്നേരം വന്നപ്പോൾ എന്താണ് നടന്നിരിക്കുക എന്ന് ഊഹിക്കാമല്ലോ. പിറ്റേ ദിവസം തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചു പോരാനൊരുങ്ങി. പ്രിയൻ സാറിനോട് യാത്ര പറഞ്ഞിറങ്ങാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് രാവിലെ തന്നെ പോയി
ബാഗ് പിടിച്ച് നിൽക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം കാര്യം തിരക്കി. തിരിച്ചു പോവുകയാണ് എന്നു പറഞ്ഞപ്പോൾ എന്നോടു വണ്ടിയിൽ കയറാൻ പറഞ്ഞു. വണ്ടിയിലിരുത്തി അദ്ദേഹം പറഞ്ഞു– ഓരോ ജോലിക്കും അതിന്റെതായ ഗൗരവം ഉണ്ട്. തന്നെ വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിച്ചതാണ്. എം.ജി. സോമൻ ഇനി ഈ ഒരു ഡയലോഗിന് വേണ്ടി തിരുവനന്തപുരത്തു നിന്നു വരണം. സിനിമയിൽ എക്സ്ക്യൂസുകളില്ല. നമ്മൾ ഒരു തെറ്റ് കാണിച്ചാൽ ആ സിനിമ എത്രകാലം ആളുകൾ കാണുന്നുണ്ടോ അത്രയും കാലം ആ തെറ്റ് അതിലുണ്ടാകും. അതു മനസിലാക്കുക. താൻ ഇവിടെ നിൽക്കുമ്പോൾ നിരവധി പേരുടെ അവസരങ്ങളാണ് ഇല്ലാതാകുന്നത്. അതും കൂടി ഓർക്കുക. പ്രിയദർശന്റെ വാക്കുകൾ ഇപ്പോഴും ഓർമയിൽ നിന്നും മാഞ്ഞുപോയിട്ടില്ല” ശ്രീകാന്ത് പറയുന്നു.
കടപ്പാട്: മനോരമ
Post Your Comments