GeneralLatest NewsMollywoodNEWS

തിക്കിത്തിരക്കി ആ ആള്‍ക്കൂട്ടത്തിനിടയില്‍ കയറിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു!

എന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ള രാഗമാണ് ശിവരഞ്ജിനി

മലയാള സിനിമയുടെ പിന്നണി ഗാനരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ഗായകന്‍ ജി വേണുഗോപാല്‍. റേഡിയോ യുഗത്തിലൂടെ കടന്നു വന്നവരാണ് തങ്ങളുടെ തലമുറയെന്നു വേണുഗോപാല്‍ പറയുന്നു, തന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ള  രാഗത്തെക്കുറിച്ചും അതിനു കാരണമായ ഒരു അപൂര്‍വ്വ അനുഭവത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ജി വേണുഗോപാല്‍.

‘റേഡിയോ യുഗത്തിലൂടെ കടന്നുവന്നവരാണ് ഞങ്ങളുടെ തലമുറ. അപൂര്‍വ്വം വീടുകളിലെ അന്ന് റേഡിയോ ഉണ്ടായിരുന്നുള്ളൂ. ആ വീടുകളില്‍ വൈകുന്നേരം നല്ലൊരു ആള്‍ക്കൂട്ടം ഉണ്ടാകും റേഡിയോ  കേള്‍ക്കാന്‍ വേണ്ടി. ചലച്ചിത്ര ഗാനങ്ങളായിരുന്നു റേഡിയോയിലെ ഏറ്റവും ജനപ്രിയ പരിപാടി.

‘എന്നെ ഏറെ വേദനിപ്പിച്ചിട്ടുള്ള രാഗമാണ് ശിവരഞ്ജിനി. അതിനൊരു കാരണമുണ്ട്. ഈ രാഗത്തിലാണ് ‘കണ്ണുതുറക്കാത്ത ദൈവങ്ങളെ’ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് ഈ പാട്ടുപാടി എന്റെ വീട്ടില്‍ ഭിക്ഷ യാചിക്കാന്‍ അന്ധയായ ഒരു സ്ത്രീ വരും. ആഴ്ചയില്‍ ഒരു ദിവസം അവര്‍ കൃത്യമായി വരുമായിരുന്നു. ഞാന്‍ കാണുമ്പോഴൊക്കെ ഈ പാട്ടാണ് അവര്‍ പാടിയിരുന്നത്.  ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് സ്കൂള്‍ വിട്ടു വരുമ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയില്‍ ഒരാള്‍ക്കൂട്ടം. തിക്കിത്തിരക്കി ആ ആള്‍ക്കൂട്ടത്തിനിടയില്‍ കയറിയ ഞാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ആ സ്ത്രീ മരിച്ചു കിടക്കുന്നു. അതിനടുത്ത് അവരുടെ ചോറ്റുപാത്രം പകുതി തുറന്നു കിടപ്പുണ്ട്. ആ ചോറിലൂടെ ഉറുമ്പുകള്‍ വരിവരിയായി പോകുന്നു. നാട്ടുകാര്‍ ഒച്ചയുണ്ടാക്കുന്നു. ആരൊക്കെയോ പോലീസിനെ വിളിക്കാന്‍ പറയുന്നു. ആ പാട്ടും ആ സ്ത്രീയുടെ മുഖത്തെ ദൈന്യഭാവവും കുറെയേറെക്കാലം എന്നെ വേട്ടയാടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button