മലയാളത്തിന്റെ സൂപ്പർഹിറ്റ് തിരക്കഥാകൃത്താക്കളില് ഒരാളാണ് ഡെന്നിസ് ജോസഫ്. മമ്മൂട്ടിയെ നായകനാക്കി അഥര്‍വം ഒരുക്കിയത് ഡെന്നിസ് ആയിരുന്നു. മാദക ചിത്രങ്ങളില്‍ നായികയായിരുന്ന സില്‍ക്ക് സ്മിതയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ നായികയായി സില്‍ക്കിനെ വിളിച്ചപ്പോള്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, മമ്മൂട്ടിയുടെ നായികയാണെന്നോ ഉള്ള കാര്യം അവർ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നിസ് ജോസഫ് പറയുന്നു. തൊട്ടുമുമ്പു വരെ അഭിനയിച്ച സിനിമകളെ പോലെ എന്നു മാത്രമേ അവർ കരുതിയിരുന്നുള്ളുവെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പറയുന്നു.
‘സിൽക് സ്മിത അഥർവത്തിൽ അഭിനയിക്കാൻ വരുമ്പോൾ തൊട്ടുമുമ്പ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ കരുതിയിട്ടുള്ളു. അതിനപ്പുറത്തൊന്നും അവർക്ക് അറിയില്ലായിരുന്നു. കഥയും കാര്യങ്ങളും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനുകളില്ലെന്നോ അവർ വിശ്വസിച്ചില്ല. അവർ അവരുടെ ഒരു സാധാ സിനിമയിൽ അഭിനയിക്കാൻ വരുന്ന മട്ടിൽ ഓവർ മേക്കപ്പിൽ എത്തി.ഞാൻ ആകെ വല്ലാതായി. ഞാൻ പറഞ്ഞു, ഈ മേക്കപ്പ് പറ്റില്ല. ഇതി തുടച്ചു കളയ്. നമ്മുടെ മേക്കപ്പ്മാൻ എം.ഒ ദേവസ്യ ചേട്ടൻ തന്നെ ചെയ്യും. അവർ സമ്മതിച്ചു. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ സിനിമയോടും അതിന്റെ രീതിയോടും വേഷത്തോടും അവർ പെട്ടെന്ന് ഇണങ്ങി. ഞാൻ സിനിമയിൽ കണ്ട ഏറ്റവും ബുദ്ധിമതികളായ നടികളിൽ ഒരാളാണ് സിൽക് സ്മിത.സെറ്റിലുള്ള എല്ലാവരോടും അങ്ങേയറ്റം മാന്യമായി പെരുമാറുന്ന നിഷ്കളങ്കയായ സ്നേഹവതി’ ഡെന്നിസ് പറഞ്ഞു
Post Your Comments