മലയാളികളുടെ പ്രിയനര്‍ത്തകിയാണ് നീനാ പ്രസാദ്. പതിനൊന്നു വർഷത്തെ ദാമ്പത്യം പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ ഭര്‍ത്താവ് സുനിൽ ജീവിതത്തോട് വിടപറഞ്ഞതിനെക്കുറിച്ച് നീനാ പ്രസാദ് പങ്കുവയ്ക്കുന്നു. എസ്എഫ്ഐ നേതാവും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അഡ്വ. സുനിൽ സി കുര്യൻ ആണ് നീനയുടെ ഭര്‍ത്താവ്. സുനിലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന പറയുന്നതിങ്ങനെ..
”യൂണിവേഴ്സിറ്റി കോളജിൽ തന്റെ സീനിയറായിരുന്നു സുനിൽ, യൂണിവേഴ്സിറ്റി കോളജിൽ ഡി ഗ്രിക്കു പഠിക്കുമ്പോഴാണ് എനിക്ക് കലാതിലകപ്പട്ടം കിട്ടുന്നത്. അന്നെനിക്കു കോളജിൽ സമ്മാനം തന്നത് സുനിലായിരുന്നു. ഞാനാണെങ്കിൽ നൃത്തമേ ഉലകം എന്നു ചിന്തിച്ചു നടക്കുന്നൊരു പെൺകുട്ടിയും. സമ്മാനം തരുന്ന ഫോട്ടോയിലെ ഞങ്ങൾ തമ്മിലുള്ള പൊക്കത്തിന്റെ അന്തരം കണ്ട് കൂട്ടുകാർ കളിയാക്കിത്തുടങ്ങിയതാണ്. അന്നൊന്നും ഞങ്ങൾക്കിടയിൽ പ്രേമമില്ല. കോളജ് വിട്ടതിനുശേഷമാണ് അങ്ങനെയൊരു തീപ്പൊട്ട് ഞങ്ങളുടെയുള്ളിൽ വീണത് തിരിച്ചറിയുന്നത്.
അന്നത്തെ സ്വപ്നങ്ങളൊന്നും ഒരുമിച്ചുള്ള ജീവിതത്തിലേക്കെത്തിയില്ല. രണ്ടു മതവിഭാഗങ്ങളായതുകൊണ്ട് എതിർപ്പുകളുണ്ടായിരുന്നു. അന്നു വിവാഹം കഴിച്ചിരുന്നുവെങ്കിൽ രണ്ടുപേരുടേയും ജീവിതം ഇതാകുമായിരുന്നില്ല. പിന്നീട് വർഷങ്ങൾക്കുശേഷം വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും ആ സങ്കടമൊരിക്കലും വിട്ടു പോയില്ല.” നീന പങ്കുവച്ചു.
വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴാണ് സുനിലിന് കരൾരോഗമാണെന്ന് തിരിച്ചറിയുന്നത്. ”ഒരു ദിവസം മാങ്ങ ചെത്തുമ്പോൾ കൈയൊന്നു മുറിഞ്ഞു. എന്തെല്ലാം ചെയ്തിട്ടും രക്തമൊഴുകുന്നത് നിർത്താൻ പറ്റുന്നില്ല. പിന്നീടുള്ള പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. കരൾ മാറ്റി വയ്ക്കണമെന്ന് പറഞ്ഞെങ്കിലും ഇണങ്ങുന്നത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി. ഒടുവിൽ എല്ലാം ശരിയായപ്പോൾ ലാഘവത്തോടെയാണ് ഓപ്പറേഷൻ തിയറ്ററിലേക്കു പോയതും. തിയറ്ററിന്റെ വാതിലടയുന്നതിനു മുൻപ് ഉറപ്പോടെ പറഞ്ഞു. ‘പേടിക്കേണ്ട, ഞാൻ വരും.’
രാത്രി ഓപ്പറേഷൻ കഴിഞ്ഞ് വരുമ്പോൾ ഓർമയുണ്ടെങ്കിലും മയക്കത്തിൽ തന്നെയാണ്.പിറ്റേന്നു ഒബ്സർവേഷനിലായതുകൊണ്ട് കാണാൻ കഴിഞ്ഞില്ല. രണ്ടാം ദിവസം രാവിലെ ഒരു ഫോൺ.‘ ഞാനാണ്, നീ ഒരു നമ്പർ എഴുതിയെടുക്കണം’ ഞാനാകെ അമ്പരന്നു. ‘ഇതാരുടെ ഫോൺ?’എന്നു ചോദിച്ചു. നഴ്സിന്റെയാണ്. ഏതോ കേസിന്റെ നമ്പറാണ് പറയുന്നത്. അത് ആർക്കോ കൈമാറണം. ഞാൻ ആ കണ്ണാടിക്കൂട്ടിലൂടെ ഒരു അദ്ഭുതജീവിയെ പോലെ നോക്കി. അതായിരുന്നു സുനിൽ, മരണത്തിനു മുന്നിലും നിർഭയനായി നിന്ന ഒരാൾ.”
കടപ്പാട് : വനിത
Post Your Comments