പ്രതിനായക കഥാപാത്രങ്ങളാണ് വിജയരാഘവന് എന്ന നടന് എപ്പോഴും തിളക്കം നല്‍കിയിട്ടുള്ളത്, നായകനേക്കാള്‍ വിജയരാഘവനില്‍ അഭിനയത്തിന്റെ പെരുമ പ്രകടമാകുന്നത് പ്രതിനായകനായി സ്ക്രീനിലെത്തുമ്പോഴാണ്, തന്റെ സിനിമാ ജീവിതത്തില്‍ ഏറെ വഴിത്തിരിവായ കഥാപാത്രങ്ങളില്‍ ഒന്നാണ് ‘ഏകലവ്യന്’ എന്ന ചിത്രത്തിലെ ചേറാടി കറിയ എന്ന് വിജയരാഘവന് പറയുന്നു, സ്ഥിരമായി പോലീസ് വേഷം ചെയ്യാറുള്ള തനിക്ക് ‘ഏകലവ്യന്’ എന്ന സിനിമയിലും പോലീസ് വേഷമായിരുന്നു രണ്‍ജി പണിക്കര്‍ നല്കാനിരുന്നതെന്നും എന്നാല്‍ പോലീസ് വേഷം ആണെങ്കില്‍ ഞാന്‍ ചെയ്യാനില്ലെന്ന് കട്ടായം പറഞ്ഞതോടെ ചിത്രത്തിലെ ചേറാടി കറിയ എന്ന ശക്തമായ വില്ലന്‍ കഥാപാത്രം തനിക്ക് നല്‍കുകയായിരുന്നുവെന്ന് വിജയരാഘവന് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
‘ഏകലവ്യന്’ എന്ന ചിത്രത്തിലെ ചേറാടി കറിയ ആണ് എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ കഥാപത്രം. രണ്‍ജി തിരക്കഥ എഴുതി കൊണ്ടിരിക്കുന്ന സമയം എന്തോ കാര്യത്തിനു വിളിച്ചപ്പോള്‍ എഴുത്തൊക്കെ എന്തായി എന്ന് വെറുതെ ചോദിച്ചു. തനിക്കൊരു പോലീസുകാരന്റെ വേഷമുണ്ടെന്നു രണ്‍ജി പറഞ്ഞു. ഞാനന്ന് പോലീസ് വേഷം ചെയ്തു മടുത്തിരിക്കുകയാണ്. അതൊന്നു മാറ്റിത്തരാന്‍ പറഞ്ഞപ്പോള്‍ വേറെ റോളില്ലെന്നായി. അങ്ങനെയെങ്കില്‍ ഞാന്‍ അഭിനയിക്കുന്നില്ലെന്ന് കട്ടായം പറഞ്ഞു’.
‘പിന്നെയുള്ളത് ഒരു വയസ്സന് വേഷമാണ് അത് താന്‍ ചെയ്യുമോ എന്ന് രണ്‍ജി ചോദിച്ചപ്പോഴേ ഞാന്‍ തയാറായി. അങ്ങനെ ഞാന്‍ കറിയ ആയി. തോട്ടത്തിലെ പണിക്കാര് വാറ്റിയ നല്ല അമ്മന്‍ സാധനം കുടിക്കുന്ന കാട്ടില്‍ക്കയറി കൊമ്പനാനയുടെ കണ്ണില്‍ വെടിപൊട്ടിക്കുന്ന ചേറാടി കറിയ. എന്റെ മനസ്സില്‍ തോന്നിയതിനു അനുസരിച്ച് ഒരു സ്കെച്ച് വരച്ചാണ് ഞാന്‍ ഷൂട്ടിങ്ങിന് ചെന്നത്. ആ സിനിമയില്‍ 400 അടി ദൈര്‍ഘ്യമുള്ള ഒരു ഷോട്ടുണ്ട്. വണ്ടിയില്‍ നിന്നിറങ്ങി ഗണേഷിനോട് സംസാരിച്ച് നീങ്ങുന്നത്. ആ സീന്‍ കഴിഞ്ഞു നോക്കുമ്പോള്‍ ഷാജി കൈലാസ് കട്ട് പറയാതെ നില്ക്കുന്നു. രണ്‍ജി ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു സിനിമയിലെ നല്ല നിമിഷമായിട്ടാണ് ഞാനതിനെ കാണുന്നത്’.
Post Your Comments