മലയാള സിനിമയ്ക്ക് ശ്രീനിവാസന് നല്കിയ സംഭാവനകള്‍ എന്തെന്ന് ചോദിച്ചാല്‍ ശ്രീനിവാസന് മാത്രം പറയാന്‍ കഴിയുന്ന ഒരു മറുപടിയുണ്ട് ‘താന്‍ സംവിധാനം ചെയ്യാത്ത സിനിമകളാണ് മലയാള സിനിമയ്ക്ക് നല്കിയ സംഭാവന എന്ന്’, ശ്രീനിവാസന്റെ കുറിക്ക് കൊള്ളുന്ന നര്‍മം സിനിമയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. ഉള്ളു തുറന്നു സംസാരിക്കുന്ന അപൂര്‍വ്വം കലാകാരന്മാരില് ഒരാളാണ് അദ്ദേഹം. ആരോഗ്യകരമായ പ്രശ്നങ്ങളൊക്കെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുന്ന ശ്രീനിവാസന് തനിക്ക് മരണ ഭയം തീരെ ഇല്ലെന്നു വ്യക്തമാക്കുകയാണ്.
‘യഥാര്‍ത്ഥത്തില്‍ മരണം എന്നത് ഭയക്കേണ്ട ഒന്നല്ല. ഇനി മരിക്കാന്‍ എനിക്ക് ഭയമില്ല. അസുഖം വന്നു ദീര്‍ഘകാലം വേദനിച്ച് മരിക്കേണ്ട അവസ്ഥ വരരുതേ എന്ന ആഗ്രഹമുണ്ട്. അല്ലാതെ 500 കോടി സമ്പാദ്യമുള്ള ഒരാളും ഞാനും വാഹനമിടിച്ച് മരിച്ചു എന്നിരിക്കട്ടെ. രണ്ടുപേരുടെയും മരണം ഒരുപോലെയാണ്. അയാള്‍ ആ കോടികള്‍ കൊണ്ട് പോകുന്നില്ല. കോടികള്‍ ഒന്നും ഇല്ലാത്ത ഞാനും ഒന്നും കൊണ്ട് പോകുന്നില്ല.
കഠിനമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സംവിധായകന് വിഎം വിനുവാണ് എന്നെ ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. പോകുന്ന വഴിയില്‍ വാഹനങ്ങളും മറ്റു കാഴ്ചകളുമൊക്കെ കണ്ണില്‍ നിന്ന് മാഞ്ഞുപോകുന്നത് ഓര്‍മ്മയുണ്ട്. പിന്നെ ബോധംപോയി. 24 മണിക്കൂര്‍ ബോധമില്ലാതെ കിടന്നു. ആ സമയത്ത് മരിച്ചുപോയാല്‍ ഞാന്‍ അറിയാന്‍ പോലും പോകുന്നില്ല. അതുകൊണ്ട് മരണം അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമല്ല’. മാതൃഭൂമിയുടെ ഗൃഹലക്ഷ്മി നല്കിയ അഭിമുഖത്തില്‍ ശ്രീനിവാസന് വ്യക്തമാക്കുന്നു.
Post Your Comments