മമ്മൂട്ടി മോഹന്‍ലാല്‍ എന്ന അഭിനയ വിസ്മയങ്ങള്‍ ഇന്നും മലയാള സിനിമയുടെ അമരത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ ഇരുവരെയും സൂപ്പര്‍ താരങ്ങളാക്കിയ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണ്. ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത ജെ.ശശികുമാര്‍ ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ തന്റെ താരപദവി ഭദ്രമാക്കുന്നത്. 1985-ല്‍ പുറത്തിറങ്ങിയ ‘പത്താമുദയം’ എന്ന ചിത്രത്തിലെ എസ്ഐ കഥാപാത്രമായ ജയമോഹനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു സൂപ്പര്‍ താര ലേബലിലേക്ക് മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ നടന്നടുത്തത്.
ത്രില്ലര്‍ & സസ്പന്‍സ് ശ്രേണിയില്‍ കഥ പറഞ്ഞ ചിത്രം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. എസ്എല്‍ പുരം സദാനന്ദന്‍ രചന നിര്‍വഹിച്ച ചിത്രം അന്നത്തെ കാലത്ത് വലിയ ക്യാന്‍വാസില്‍ നിര്‍മ്മിച്ച സിനിമയായിരുന്നു. മോഹന്‍ലാലിന് സൂപ്പര്‍ താര പരിവേഷം ചാര്‍ത്തി കൊടുത്ത ഈ ചിത്രത്തില്‍ ഒരു വലിയ താര നിര തന്നെ അണിനിരന്നിരുന്നു. ഉര്‍വശി നായികയായ ചിത്രത്തില്‍ എംജി സോമന്‍, ടിജി രവി, ബാലന്‍ കെ നായര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി നിറഞ്ഞുനിന്നു.
1987-ല്‍ പുറത്തിറങിയ ‘ന്യൂഡല്‍ഹി’യാണ് മമ്മൂട്ടിയിലെ സൂപ്പര്‍ താരത്തിനു കൂടുതല്‍ മൈലേജ് നല്‍കിയത്. ജോഷി-ഡെന്നിസ് ജോസഫ് ടീമിന്റെ ‘ന്യൂഡല്‍ഹി’ മമ്മൂട്ടിയുടെ തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം വന്ന വിജയ ചിത്രമായിരുന്നു. ‘ന്യൂഡല്‍ഹി’യ്ക്കും മുന്‍പേ മമ്മൂട്ടി സൂപ്പര്‍ താര നിരയിലേക്ക് ഉയര്‍ന്നെങ്കിലും ഈ സിനിമയുടെ ഗംഭീര വിജയമാണ് മമ്മൂട്ടിയിലെ സൂപ്പര്‍ താര ഇമേജിന് വലിയ ചലനം സൃഷ്ടിച്ചത്.
ജികെ എന്ന് വിളിക്കുന്ന പത്രപ്രവര്‍ത്തകന്റെ റോളില്‍ മമ്മൂട്ടി അഭിനയവും ഹീറോയിസവും ഒരു പോലെ സമന്വയിപ്പിച്ച് കൈയ്യടി നേടുകയായിരുന്നു. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു സുപ്രധാനമായ വേഷം കൈകാര്യം ചെയ്തു. ത്യാഗരാജന്‍, ഉര്‍വശി, വിജയരാഘവന്‍, സിദ്ധിഖ്, ദേവന്‍ തുടങ്ങിയ ഒരു വന്‍താരനിര ന്യൂഡല്‍ഹി എന്ന ചിത്രത്തിലും അണിനിരന്നു.
Post Your Comments