‘ഇന്ത്യൻ റുപ്പി’ എന്ന രഞ്ജിത്ത് ചിത്രം തിലകൻ എന്ന അതുല്യ പ്രതിഭയ്ക്ക് സമ്മാനിച്ചത് കരുത്തുറ്റ വേഷമായിരുന്നു. കരിയറിന്റെ അവസാനനാളുകളിൽ തിലകൻ ചെയ്ത മികച്ച വേഷങ്ങളില്‍ ഒന്ന്. തിലകന്റെ അഭിനയ ചാരുത വേണ്ടുവോളം നിറഞ്ഞു നിന്ന ഇന്ത്യന്‍ റുപ്പിയില്‍ ‘അച്യുതന് നായര്‍’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
തിലകന് എന്ന മഹാനായ കലാകാരന്റെ അഭിനയ നിമിഷങ്ങളെക്കുറിച്ച് രഞ്ജിത്ത് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിന്ന്
‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തിന്റെ പല സീനുകളിലും തിലകന് ചേട്ടന് എന്നെ അമ്പരപ്പിച്ചു. ശാരീരികമായ വയ്യായ്മ, പ്രായാധിക്യം ഇതിനെയൊക്കെ മനസ്സിന്റെ ശക്തി കൊണ്ട് തിലകന് ചേട്ടന് മറികടക്കുന്നത് ഞാന്‍ കണ്ടുനിന്നു. പാളയത്ത് രണ്ടാം നിലയിലെ ഒരു മുറിയില്‍ ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എന്റെ സഹായിയോട് പറഞ്ഞു. ‘ഒരു കസേര തയ്യാറാക്കി വെയ്ക്കണം. തിലകന് ചേട്ടനെ അതിലെടുത്ത് മുകളിലേക്ക് കൊണ്ടുപോകാം’. തിലകന് ചേട്ടന് വന്നപ്പോള്‍ ‘ചെയര്‍ റെഡി’ ആണെന്ന് പറഞ്ഞ ആളിനെ രൂക്ഷമായി ഒരു നോട്ടം നോക്കിയിട്ട് പുള്ളി ഗോവണി കയറി നേരെ മുകളിലേക്ക് വന്നു’.
‘ജെപിയുടെ സഹോദരിയുടെ പെണ്ണുകാണല്‍ സീന്‍ എടുക്കുന്ന സമയം. ‘വിശന്നു വലഞ്ഞു കയറി വന്ന എനിക്ക് അറിഞ്ഞു ആഹാരം തരാന്‍ തയ്യാറായ പെണ്‍കുട്ടിയുടെ മനസ്സ് ഉണ്ടല്ലോ അതാണ് തനിക്ക് കിട്ടാന്‍ പോകുന്ന ഏറ്റവും വലിയ സ്ത്രീധനം’ എന്ന ഡയലോഗ് പറഞ്ഞു ഇറങ്ങിപ്പോകുന്ന തിലകന് ചേട്ടന് പടിപ്പുര വരെ നടക്കുന്നതിന്റെ ബാക്ക് ഷോട്ട് മാക്സിമം എനിക്ക് കിട്ടണമെന്നുണ്ടായിരുന്നു. ‘പറ്റുന്നത് വരെ നടന്നോളൂ വയ്യതാകുമ്പോള്‍ നിന്നോളൂ ഞാനപ്പോള്‍ കട്ട് പറയാം’ എന്ന് ഞാന്‍ പറഞ്ഞു. ‘ആശാന് വേണ്ടത് ഞാന്‍ പടിപ്പുര വരെ നടന്നു പോകുന്ന ഷോട്ടല്ലേ’ എന്ന് ചോദിച്ചു പുള്ളി നടന്നു തുടങ്ങി. വടി പോലും ഇല്ലാതെ. വീഴാന്‍ പോയാല്‍ ഇടയ്ക്ക് പിടിക്കാന്‍ ആളിനെ നിര്‍ത്തിയിരുന്നു. പടിപ്പുര വരെ പുള്ളി ഒറ്റ നടത്തം. പടിപ്പുര കടന്നപ്പോള്‍ കാല് ഒന്ന് സ്ലിപ്പായി. അതാണ് ശരീരത്തിന്റെ വല്ലായ്മയെ വരെ അതിജീവിക്കുന്ന യഥാര്‍ത്ഥ അഭിനയം’.
Post Your Comments