‘ദേവാസുരം’ പോലെ തന്നെ പ്രേക്ഷകര്‍ ആഘോഷമാക്കിയ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകന് ‘കാര്ത്തികേയന്’ നിറഞ്ഞാടിയ ചിത്രമായിരുന്നു രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഈ ഹിറ്റ് ചിത്രം. ദേവാസുരത്തിലെ നീലകണ്ഠനേക്കാള്‍ തന്റെ മനസ്സിനോട് കൂടുതല്‍ ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രമാണ് ‘രാവണപ്രഭു’വിലെ നീലകണ്ഠനെന്നു തുറന്നു സമ്മതിക്കുകയാണ് രഞ്ജിത്ത്, എന്നാല്‍ ‘രാവണപ്രഭുവി’ലെ കാര്ത്തികേയന് തന്റെ ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഇല്ലെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കുന്നു.
‘ദേവാസുരത്തിലെ നീലകണ്ഠനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് ‘രാവണപ്രഭു’വിലെ നീലകണ്ഠനെയാണ്. അയാള്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്. ഈ ആയിരത്തിന്റെ ഒറ്റ നോട്ടൊക്കെ ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഞാനിതുവരെ കണ്ടിട്ടില്ല. അതേ സമയം ‘കാര്ത്തികേയന്’ എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഇല്ല. നീലകണ്ഠന് മരിച്ചതില്‍ ഭയങ്കരമായി വിഷമിച്ച ആളുകളുണ്ട്. ‘രാവണപ്രഭു’ റിലീസായി കുറച്ചു കാലം കഴിഞ്ഞു ഞാന്‍ തൃശൂര്‍ പൂരത്തിന് ചില സുഹൃത്തുക്കള്‍ക്കൊപ്പം പോയി. അവിടെ വച്ച് കണ്ട ഒരു ചങ്ങാതി ആകെ വിഷമിച്ചു പറഞ്ഞു, ‘രഞ്ജിയേട്ടന് ഇങ്ങനെയൊരു ചതി ചെയ്യരുതായിരുന്നു. നീലകണ്ഠന്റെ മരണം ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല’. നീലകണ്ഠനെ ആളുകള്‍ അത്രയേറെ സ്നേഹിച്ചിരുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി.
Post Your Comments