Latest NewsMollywood

ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്; വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കി പൃഥ്വിരാജ്

ഒരു അക്കാദമിക് കരിയര്‍ പിന്‍തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല

വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളാല്‍ സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും കയ്യടികള്‍ നേടുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഹൈബി ഈഡനൊപ്പം പരീക്ഷകളില്‍ മികച്ച വിജയം നേടി വിദ്യാര്‍ത്ഥികള്‍ക്ക് എംപി അവാര്‍ഡ് നല്‍കാന്‍ എത്തിയതായിരുന്നു പൃഥ്വിരാജ്.

‘ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിനു ശേഷം കോളേജില്‍ ചേരുകയും അതു പൂര്‍ത്തിയാക്കും മുന്‍പ് നിര്‍ത്തി, സിനിമയിലേക്ക് വരികയും ചെയ്ത ഒരാളാണ്. ഒരു അക്കാദമിക് കരിയര്‍ പിന്‍തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാന്‍. ഒരിക്കല്‍ പോലും a2+b2 ഫോര്‍മുല എന്താണെന്ന് നിങ്ങള്‍ക്ക് ജീവിതത്തില്‍ ആലോചിക്കേണ്ടി വരില്ല. ആങ്ങനെ നോക്കുമ്പോള്‍ എന്തിനാണ് ഈ പരീക്ഷ എന്നൊരു ചോദ്യം പ്രസക്തമായി മുന്നില്‍ ഉണ്ട്.’

‘ഒരു പരീക്ഷ അത്രയേ ഉള്ളൂ. ജീവിതത്തില്‍ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഓരോ ദൗത്യം ഉണ്ടാവും. നിങ്ങളുടെ ദൗത്യം എന്താണെന്നു വെച്ചാല്‍, നിങ്ങള്‍ക്കു മുന്നിലുള്ള അക്കാദമിക് മെറ്റീരിയല്‍ നന്നായി പഠിച്ച് അതില്‍ നിങ്ങളുടെ നൈപുണ്യം തെളിയിക്കുക എന്നതാണ്. ആ ദൗത്യത്തോട് കാണിച്ച പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും കിട്ടുന്ന അംഗീകാരമാണ് നിങ്ങള്‍ക്ക് കിട്ടുന്ന റാങ്കും മാര്‍ക്കുമെല്ലാം. ഇനിയും ജീവിതത്തില്‍ നിങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ ഇപ്പോള്‍ കിട്ടിയ ജോലിയോട് നിങ്ങള്‍ കാണിച്ച ആറ്റിറ്റിയൂഡ് അതു ഓര്‍മ്മ വയ്ക്കുക. ഈ മനോഭാവം തന്നെയാണ് ജീവിതത്തില്‍ മുന്നോട്ടു വേണ്ടത്. അത് നാളെ ജോലിയുടെ കാര്യത്തില്‍ ആണെങ്കിലും കുടുംബജീവിതമാണെങ്കിലും സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു കടമ നിറവേറ്റേണ്ട സാഹചര്യമാണെങ്കിലും ഈ മനോഭാവം കൈവിടാതെ സൂക്ഷിക്കുക,’ പൃഥ്വിരാജ് പറയുന്നു. ‘ജീവിതം ഒരു സര്‍ട്ടിഫിക്കറ്റോ ഒരു ഗ്രേഡോ റാങ്കോ അല്ല,’ എന്ന് ഓര്‍മ്മപ്പെടുത്തിയാണ് പൃഥ്വിരാജ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button