ഇന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായിരുന്നു നടി ശ്രീദേവി. താരത്തിന്റെ മരണം ആരാധകരെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹം കൂടാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയില്‍ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. അന്ന് പ്രതിസ്ഥാനത്ത് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കാപൂര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാലിപ്പോള്‍ ഈ മരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ശ്രീദേവിയുടെ മരണത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. തന്റെ സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളകൗമുദി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ‘പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാധ്യതഎന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’. ഋഷിരാജ് സിംഗിന്റെ ലേഖനത്തില്‍ പറയുന്നു.
Post Your Comments