കോഴിക്കോട് ഒരുകൂട്ടം നല്ല കലാകാരന്മാരുടെ ജന്മദേശമാണ്, ഐവി.ശശി, കുതിരവട്ടം പപ്പു, മാമുക്കോയ, രഞ്ജിത്ത് അങ്ങനെ ഒട്ടേറെ കലാകാരന്മാര് ഹൃദയത്തോട് ചേര്ത്ത് വയ്ക്കുന്ന ഹൃദയ ദേശമായി കോഴിക്കോട് മാറുമ്പോള് കോഴിക്കോട് നഗരത്തെക്കുറിച്ച് അതിവൈകാരികമായ മറ്റൊരു ലേഖനം മുഖ പുസ്തകത്തിലൂടെ പങ്കുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി, മലയാളത്തില് ഒരുപിടി നല്ല സിനിമകള് എഴുതിയ രഘുനാഥ് പലേരിയും കോഴിക്കോടാണ് പിറന്നു വീണത്.
കോഴിക്കോട് നഗരത്തെക്കുറിച്ച് രഘുനാഥ് പലേരി എഴുതിയ കുറിപ്പിന്റെ പൂര്ണ്ണരൂപം
പരശ്ശതം ഹൃദയമിടിപ്പുകൾ ഞാൻ ഭദ്രമായി സൂക്ഷിച്ചു വെച്ച ഒരു നഗരമേ ഉള്ളൂ ഈ
പ്രപഞ്ചത്തിൽ. അത് കോഴിക്കോടാണ്.
എന്റെ കോഴിക്കോട്.
തൊണ്ണൂറ് വർഷം മുൻപ് ”പെരുന്തട്ട” എന്ന ജന്മദേശത്തു നിന്നും പതിനാറാം വയസ്സിൽ അക്കാലത്തെ മരുമക്കത്തായ ജീവിത സമ്പ്രദായത്തോട് വിരക്തി തോന്നി, സ്വന്തം മാനുഷിക സമ്പ്രദായത്തിൽ ജീവിതം ഹോമിക്കാൻ തീരുമാനിച്ച്, അഛൻ നാടുവിട്ടെത്തിയ നഗരം. ആ അഛന് ജീവിതം നൽകിയ നഗരം. ഞങ്ങൾ അഛനമ്മമക്കളിൽ ഏകത്വത്തോടെ മിടിക്കുന്നൊരു ”ജീവിത ഖൽബ്” തന്ന നഗരം. ഇതാ എടുത്തോളൂ, എന്ന സന്ദേശത്തോടെ അനേകം ചങ്ങാതിമാരെ ഹൃദയത്തോട് ചേർത്തു നിർത്തിയ നഗരം.
കോഴിക്കോടിന് ഒരു ഭാഷയേ ഉള്ളൂ.
സ്നേഹം.
ഒരു വികാരമേ ഉള്ളൂ.
സ്നേഹം.
ഒരു മതമേ ഉള്ളൂ.
സ്നേഹം.
ഒരു രാഷ്ട്രീയമേ ഉള്ളൂ.
സ്നേഹം.
ഇരു കൈയ്യും നീട്ടി നിൽക്കുന്നൊരു ആതിഥേയ ഭാവം. കോഴിക്കോട് വെറുമൊരു കടൽത്തീര നഗരമല്ല. അതൊരു മനസ്സാണ്. ചില നേരങ്ങളിൽ അത് ഒരു മനസ്സും അല്ല. പൂർവ്വീകമായി ആരിൽ നിന്നെല്ലാമോ ചാലിച്ചെടുത്തൊരു പുഞ്ചിരിയാണ്. ”പുഞ്ചിരിക്കുന്ന നഗരം”, എന്നു കേട്ടിട്ടുണ്ടോ. അങ്ങിനൊരു നഗരം കണ്ടിട്ടുണ്ടോ. ഞാൻ കണ്ടിട്ടുണ്ട്. എന്റഛൻ കണ്ടിട്ടുണ്ട്. കോഴിക്കോട്
നഗരത്തിൽ വന്നും പിറന്നും ജീവിതം മുളപ്പിച്ചെടുത്ത സകലരും കണ്ടിട്ടുണ്ട്. ഇവിടം വന്ന് വിശന്നവരും പാടിയവരും കാമിച്ചവരും ജീവിച്ചവരും മരിച്ചവരും എല്ലാം കണ്ടിട്ടുണ്ട്. ഒരുപക്ഷെ ഓരോരുത്തരും അവരവരുടെ നഗരം പുഞ്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവാം. നഗരങ്ങൾ പുഞ്ചിരിക്കാറുണ്ടാവാം. കോഴിക്കോട്
പുഞ്ചിരിക്കുന്നത് ആ നഗരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു അനുഭൂതിയോടെയാണ്. അത് ഉൾക്കൊള്ളാൻ സാധിച്ചാൽ അതിഗംഭീരം ജീവിതം.
ഇവിടം ജീവിതം അതിന്റെ എല്ലാ മാറ്റിലും പകിട്ടിലും ഗംഭീരമാണ്.
അഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്.
”നാടുവിട്ടപ്പോൾ എങ്ങിനാണ് കോഴിക്കോട് തന്നെ നിന്നു കളഞ്ഞത്. വരുന്ന വഴിക്ക്
പയ്യന്നൂരും കണ്ണൂരും ഉണ്ടായിരുന്നല്ലൊ.?”
അഛൻ ചിരിച്ചു.
”തളിപ്പറമ്പും ഉണ്ടാരുന്നു. അവിടുന്നാണ് കുടുമ മുറിച്ചത്.”
”എന്നിട്ടും എന്തിനാ കോഴിക്കോട്ട് തങ്ങിയത്.”
”പയ്യന്നൂരും കണ്ണൂരും ഒന്നും തങ്ങാൻ തോന്നിയില്ല. ഇവിടെ എത്തിയപ്പോ പിന്നെ എങ്ങോട്ടും പോവാനും തോന്നിയില്ല. ഇതൊരു പുൽമെത്തപോലെയാണ്. ഉറങ്ങിപ്പോവും.”
അഛന്റെ ആ പുൽമെത്ത പ്രയോഗംപോലെ മറ്റൊരു വാക്ക് കോഴിക്കോടിന്ന് നൽകാൻ എനിക്കില്ല. അഛൻ ആദ്യ നാൾ ഉറങ്ങിയത് നഗരത്തിലെ ഏതോ പുൽമെത്തയിൽ ആയിരുന്നു. പ്രസിദ്ധമായ മാനാഞ്ചിറ മൈതാനമോ, അതിന്നരികിൽ ഉയർന്നു നിന്ന ഹജൂർ ആപ്പീസിന്റെ വൃക്ഷങ്ങൾ നിറഞ്ഞ മുറ്റമോ, ആയിരിക്കണം ആ പുൽമെത്തയെന്ന് പിന്നീട് ഇടക്കിടെ അഛനിൽ നിന്നും വീണു കിട്ടാറുള്ള സംസാരത്തിൽ നിന്നും ഞാൻ ഗ്രഹിച്ചിട്ടുണ്ട്. എതാണ്ട് അറുപത് വർഷത്തിലധികം മറ്റൊരു നഗരവാതിലും തുറക്കാതെ അമ്മക്കും മക്കൾക്കുമൊപ്പം നഗരം നൽകിയ അനവധി അനുഭവങ്ങളും രുചിച്ച് അഛൻ ആ പുൽമെത്തയിൽ തന്നെ ഉറങ്ങി.
അഛൻ എന്തുകൊണ്ട് കോഴിക്കോട്ടേക്ക് നാടുവിട്ടുവെന്ന് പലതവണ ഞാൻ ചിന്തിച്ചിട്ടുണ്ട്. ആ ഓട്ടം ബോംബെക്കോ കൽക്കത്തക്കോ ആയിരുന്നെങ്കിൽ കുറെക്കൂടി ത്രിൽ ആവുമായിരുന്നു. വല്ല തുറമുഖത്തേക്കും ആയിരുന്നെങ്കിൽ അവിടെ കാണുന്ന ഏതെങ്കിലും കപ്പലിൽ ”കള്ളവണ്ടി” കയറി വിദേശത്തെങ്ങാനും എത്തിയിരുന്നെങ്കിൽ ചിലപ്പോൾ എനിക്കീ ഭൂമിയിലേക്ക് വരാൻ തന്നെ സാധിക്കാതെ പോയെനെ. അഛൻ വല്ല വിദേശ വനിതയേയും പ്രേമിച്ച് കെട്ടി വേറെ ഒരുപിടി മക്കളുമായി കഴിഞ്ഞേനെ. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ അവരിൽ നാലാമനായ ഞാൻ ഏതു കോലത്തിലായിരിക്കും ഇപ്പോൾ അവിടെ ഉണ്ടാവുക..?
ഇതും ഞാൻ അഛനോട് ചോദിച്ചിട്ടുണ്ട്.
എന്റെ ചിന്തകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാറുള്ള അഛൻ ആ ”വിദേശ വനിതയിലെ”
നാലാമനായ എനിക്കൊരു പേരും അന്ന് തന്നിരുന്നു.
”ബഡുക്കൂസ്.”
”എന്തൊരു പേരാണ് അഛാ ഇത്..”
”നീയൊരു ബഡുക്കൂസ് ആണ്. അത് നിനക്ക് പറ്റിയ പേരാണ്.”
”അത് ഏത് രാജ്യമാണ് അഛാ..”
”ജീവിക്കുന്നതിനിടയിൽ ആ രാജ്യത്തിന്റെ പേരൊന്നും നോക്കിയില്ലെടാ.”
അതുവരെ കേൾക്കാത്ത എതെങ്കിലും ഒരു നഗര നാമം അഛൻ മനസ്സിൽ നിന്നെടുത്ത് കാൽക്കൽ ഇടും എന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഉണ്ടായില്ല. അഛൻ എന്തോ ചിന്തയിലായിരുന്നു.
നഗരവാസികളും ഗ്രാമവാസികളും അത്തരം ചിന്തകളിലേക്ക് ഇടക്കിടെ വഴുതി വീഴും. അതാണ് ജീവിതം. മുറുകുന്ന ചിന്തകളും കണ്ണിൽ ഉറയുന്നൊരു തുള്ളി തെളിനീരുമാണ് അവരുടെ ശ്വാസവും മിടിപ്പും. അതിന് സ്ത്രീ പുരുഷ ഭേദമില്ല. പ്രായവ്യത്യാസമില്ല. നീയോ ഞാനോ എന്ന ഭാവമില്ല. പച്ചയായ ജീവിതം പച്ചക്ക് കടിക്കുമ്പോഴുള്ള ശബ്ദ വിന്യാസങ്ങളാണ് അവരുടെ താളം.
ജീവിതം പച്ചക്ക് കാണുന്നൊരു നഗരമാണ് കോഴിക്കോട്. അവിടെ എല്ലാവരും ബഡുക്കൂസുകളാണ്. ആ ബഡുക്കൂസുകളിൽ സ്നേഹമല്ലാതെ മറ്റൊന്നും ഇല്ല. ആരെങ്കിലും വഴി ചോദിച്ചു വന്നാൽ, ചില ബഡുക്കൂസുകൾ വഴി പറഞ്ഞു കൊടുക്കുക മാത്രമല്ല അവരെ അവിടം വരെ കൊണ്ടുചെന്നാക്കും. കോഴിക്കോട് ചാഞ്ഞു നിൽക്കുന്നൊരു മരമാണ്. അവിടേക്ക് ആർക്കും പാഞ്ഞു കയറാം. ജീവിത കാലത്തിനിടയിൽ കണ്ടുമുട്ടിയവരിൽ ഭൂരിഭാഗവും കോഴിക്കോട്ടേക്ക് അങ്ങിനെ പാഞ്ഞു കയറിയവരാണ്. കോഴിക്കോടിനെ സ്നേഹിച്ചു മതിമറന്ന് ശ്വാസം ഉൾപ്പെടെ എല്ലാം അവിടെ ഉപേക്ഷിച്ചു പോയവരാണ്. പലരും പള്ളിപ്പറമ്പിലും സെമിത്തേരിയിലും ഉണ്ട്. പലരും പുകയുടെ ശ്വാസമായി അന്തരീക്ഷത്തിൽ ഉണ്ട്. എന്റെ അഛനും അമ്മയും ഉൾപ്പെടെ.
സത്യത്തിൽ കോഴിക്കോട് വലിയൊരു പ്രതാപ നഗരമാണെങ്കിലും മനഃക്കരുത്തിൽ
എന്റഛന്റെ ഏഴയലത്ത് വരൂല. അത് എന്നോട് പറഞ്ഞത് കാദിരിക്കോയ ആണ്. കാദിരിക്കോയ ആഛനെ ആദ്യം കാണുന്നത് കോഴിക്കോട് നടക്കാവിലെ വീട്ടിൽ എനിക്കൊരു പുസ്തകം തരാൻ വന്നപ്പോഴാണ്. എന്റെ പുസ്തകം തന്നെയാണ് കാദിരി എനിക്ക് കൊണ്ടുവന്നു തന്നത്. അത് ഞാൻ കോളേജിൽ വെച്ച് മറന്നു പോയതായിരുന്നു. അത് കണ്ടെടുത്ത് കാദിരിയെ ഏൽപ്പിച്ചത് ഞങ്ങളുടെ ചങ്ങാതി രത്നവല്ലിയായിരുന്നു. അടുത്ത ദിവസം ഒരു പരീക്ഷ ഉണ്ടായിരുന്നു. ആ പുസ്തകം ഇല്ലാതെ അതെഴുതിയാൽ ഞാൻ തോൽക്കും എന്നുറപ്പുള്ളതുകൊണ്ട് കാദിരി അതുമായി വീട്ടിൽ എത്തി. പുസ്തകം വാങ്ങി നോക്കിയ ഞാൻ കാതിരിയോട് സത്യം പറഞ്ഞു.
”ഇതെന്റെ പുസ്തകല്ലെടാ. ബാലകൃഷ്ണന്റെതാണ്.”
കാദിരി അന്തിച്ചു.
”അപ്പോ രത്നവല്ലി ഇത് നിന്റേതാന്ന് പറഞ്ഞതോ.”
”അത് അവളിൽ ഒരു രത്നത്തിന്റത്രത്തോളം വിവരം ഇല്ലാത്തതോണ്ട്.”
കാദിരിയുടെ വീട് കടപ്പുറത്തിന്നടുത്ത് ഫ്രാൻസിസ് റോഡിലാണ്. എന്റെ വീട് കടപ്പുറത്തിൽ നിന്നും കുറെ ദൂരെ നടക്കാവിലും. പുസതകവുമായി വന്ന കാദിരി തിരികെ നടക്കും മുൻപ് അഛനെ പരിചയപ്പെട്ടു. അഛന് മക്കളുടെ ചങ്ങാതിമാരും മക്കളാണ്. ഫ്രാൻസിസ് റോഡും,
കാദിരിയുടെ വീടും, അതിന്റെ ചുറ്റുവട്ടത്തെ മറ്റു വീടുകളും, അവിടുന്ന് കടപ്പുറത്തേക്ക് പോകുന്ന
വഴികളും, കാദിരിയുടെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാം അഛനും അറിയാം. കാദിരിക്ക് അഛനെ എന്നെക്കാൾ പെരുത്തിഷ്ടായി. പുസ്തകം തരാൻ വന്നതുകൊണ്ട് കടല് കാണാൻ
പറ്റീന്നാണ് കാദിരി പറഞ്ഞത്. ഞാൻ ചോദിച്ചു.
”ഏത് കടല്..?”
”അറബിക്കടല്. നിന്റഛൻ ഒരു കടലാണ്. എന്താ മോനെ ധൈര്യം. അതില് ഒരു തോണീം മുങ്ങൂല. അഛന് കോഴിക്കോട് ബൈഹാർട്ടാണല്ലേ..”
”നിന്റെ ബാപ്പാക്കും ബൈഹാർട്ടല്ലേ..?!”
ഉത്തരം പറയാതെ കാതിരി തെല്ലിട ബാപ്പയുടെ കൈ പിടിച്ച് നടന്നെന്നു തോന്നുന്നു. കാതിരിയുടെ ബാപ്പയെ ഞാൻ അതുവരെ കണ്ടിരുന്നില്ല. ഇതുവരെയും കണ്ടിട്ടുമില്ല. അഛന് ആ ബാപ്പയെ അറിയുമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. എപ്പോഴോ ഫ്രാൻസിസ് റോഡിന്നടുത്തുള്ള സംഗം തിയേറ്ററിൽ ഒരുമിച്ച് സിനിമ കാണാൻ പോയപ്പോൾ കാദിരിയെ ചോദിക്കുന്നതിനിടയിൽ അഛൻ ആ ബാപ്പയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചരക്ക് കയറ്റിയ ലോറിയോടിച്ച് അഛൻ ആ ഭാഗത്തെല്ലാം ധാരാളം സഞ്ചരിച്ചിട്ടുണ്ട്. അവിടം നിറയെ അക്കാലത്ത് കപ്പലിൽ നിന്നും ഇറക്കുന്ന ചരക്കുകൾ നിറക്കുന്ന പാണ്ട്യാലകൾ ഉണ്ടായിരുന്നു. അപ്പുറം മാറി വല്ല്യങ്ങാടിയും. പാണ്ട്യാലകൾ എന്നുവെച്ചാൽ ഇംഗ്ലീഷിലെ ഗോഡൗണുകൾ. ആ പാണ്ട്യാലകളിലെല്ലാം അഛൻ ചരക്കിറക്കീട്ടുണ്ട്. അവിടത്തെ തൊഴിലാളികളെല്ലാം അഛന്റെ ചങ്ങാതിമാരും ആയിരുന്നു. ആ പാണ്ട്യാലകളും വല്ല്യങ്ങാടിയുമായി ബന്ധമുണ്ടായിരുന്ന ഒരു അരിബ്രോക്കർ ആയിരുന്നു കാദിരിയുടെ ബാപ്പ. ”ഔള്ളാക്കാ” എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരു കാദിരിബാപ്പ. കാദിരിയുടെ പതിനൊന്നാം വയസ്സിൽ ആണ് ഔള്ളാക്കാ പള്ളിപ്പറമ്പിൽ സ്ഥലം എടുത്തത്. ബാപ്പയെന്തിന് അത്ര നേരത്തെ സ്ഥലം വാങ്ങിയെന്ന് കാദിരി എന്നോട് ചോദിച്ചിട്ടുണ്ട്.
ബാലകൃഷ്ണന്റെ പുസ്തകം പിറ്റേന്ന് കാദിരി അവന് കൊടുത്തെങ്കിലും അന്നത്തെ പരീക്ഷയിൽ കാദിരിയും ഞാനും രത്നവല്ലിയും ബാലകൃഷ്ണനും തോറ്റു. മാഷും പുസ്തകവും മാത്രം പാസ്സായി.
ചെറിയ തോൽവികൾ വലിയ തോൽവികളി ലേക്കുള്ള ചവിട്ടു പടികളാണെന്ന് കാദിരി പറയും. വിജയം എന്നത് ഏറ്റവും വലിയ തിരമാല അന്വേഷിച്ചു പോകുന്നതുപോലെയാണ്. തിരമാലയിൽ മുകളിലേക്കുയരുന്ന തോണിയിൽ പിടിവിടാതെ ഇരിക്കുന്നവൻ അറിയുന്നില്ലല്ലൊ, താഴെയുള്ളത് ഏറ്റവും വലിയ തിരമാലയാണെന്ന്.
കാദിരിയുടെ മുട്ടായി മണിപോലുള്ള തത്വചിന്തകൾ കോഴിക്കോടൻ ഭാഷയിൽ കേൾക്കുക ഒരു സുഖമാണ്. കാദിരി എനിക്ക് ഒരു തത്വചിന്താ പുസ്തകമായിരുന്നു. ഒരേ സമയം കാറ്റും വെളിച്ചവും ആയിരുന്നു. അവനില്ലായിരുന്നെങ്കിൽ കോളേജ് ജീവിതം ഉത്സവലഹരിയൊന്നും ഇല്ലാത്തൊരു അമ്പലപ്പറമ്പ് പോലെ ആയേനെ.
പക്ഷെ തിരമാല തേടിയാണ് കാദിരിയും ഗൾഫിലേക്ക് പോയത്. ഒരാൾ ഗൾഫിലേക്ക് പോകുന്നത് ആദ്യമായി ഞാൻ നേരിട്ട് കണ്ടത് കാദിരിയിലൂടെയാണ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബോംബെക്കുള്ള വണ്ടിയിൽ കയറി അവിടെ നിന്നും വിമാനത്തിൽ മരൂഭൂമിയിലേക്ക് പറക്കുന്ന അവനെ യാത്രയാക്കാൻ വന്ന ആൾക്കൂട്ടം കണ്ട് ഞാൻ അമ്പരന്നു. എത്രയാണ് ചങ്ങാതിമാർ. അപ്പോഴേക്കും കാദിരി കല്ല്യാണം കഴിച്ചിരുന്നു. കരയുന്ന ബീവിയും ആൾക്കൂട്ടത്തിൽ ഒരു സങ്കട കാഴ്ച്ചയായിരുന്നു. ഇവനെങ്ങോട്ട് പോകുന്നുവെന്ന് ശരിക്കും ഞാൻ അമ്പരന്നു. മരുഭൂമിയിൽ മണ്ണപ്പം ചുട്ട് ആദ്യത്തെ തിരിച്ചു വരവിൽ അതിലും വലിയ ആൾക്കൂട്ടം സ്റ്റേഷനിൽ നിരന്നു. എന്നാൽ പോകാൻ നേരം വല്ലാതെ ശോഷിച്ചു. വീണ്ടും വരുമ്പോൾ ആൾക്കൂട്ടം തടിച്ചങ്ങ് വീർക്കും. പോകുമ്പോൾ വല്ലാതെ മെലിയും.
ഗൾഫ് വിട്ട് കാദിരി തിരികെ വരുമ്പോൾ സ്വീകരിക്കാൻ ആളുകൾ പേരിന് മാത്രം. കാദിരി അത് കാര്യമാക്കിയില്ല. ജീവിതം അങ്ങിനെയാണ്. കടലിൽ തിര ഒഴിഞ്ഞ നേരമില്ല. എന്നാൽ ആവശ്യത്തിന് നല്ലതൊന്ന് കിട്ടേം ഇല്ല.
കാദിരിയുടെ ഉറ്റ ചങ്ങാതിയാണ് കോയ. കോയ ബ്രോക്കറാണ്. കോഴിക്കോട്ടെ കോർട്ട് റോഡും കോയസ്സൻകോയ റോഡും ചെറൂട്ടിറോഡിന്റെ ഒരു ഭാഗവും എല്ലാം കൂടി പരത്തിയെടുത്ത സ്ഥലത്തിന് മേക്കര എന്നൊരു പേരുണ്ട്. ഒരു കാലത്ത് അവിടം നിറയെ മലഞ്ചരക്ക് വ്യാപാരം നടന്നിരുന്നു. അന്ന് ആ വഴി വെറുതെ നടന്നാൽ ജലദോഷവും പനിയും മാറിക്കിട്ടും. കാറ്റിൽ എപ്പോഴും സുഗന്ധ ദ്രവ്യങ്ങളുടെ ഗന്ധം കാരണം അന്നനാളവും ശ്വാസനാളവും വികസിക്കും. ആ ഗന്ധവാഹി കളുടെ വിൽപ്പനക്കിടയിലെ ബ്രോക്കറിൽ ഒരാളായിരുന്നു കോയ. ഇന്നും കോയ എന്നല്ലാതെ മുഴുവൻ പേരും എനിക്കറിയില്ല. കോയ പോയിട്ട് വർഷങ്ങളായി. കോയയുടെ ഉറ്റ ചങ്ങാതിമാരിൽ ഒരാളാണ് മമ്മു. മെലിഞ്ഞിട്ടാണ്. അദ്ദേഹവും മലഞ്ചരക്ക് ബ്രോക്കറാണ്. വെറുതെ കൈ പിടിച്ച് വാസനിച്ചാ ആ മെലിഞ്ഞ വിരലുകളിൽ ഇഞ്ചി മണക്കും.
കോയക്ക് മക്കൾ ആറ്. മക്കളുടെ പേര് മറന്നു. നാല് പെങ്ങന്മാർ. ബിച്ചാത്തു. സുലൈഖ. ആസ്യ. ബിച്ചാമി. അതിൽ ബിച്ചാത്തൂന് രണ്ട് മക്കൾ. കച്ചുവും ഹൈറും. മറ്റുള്ളവർക്ക് എത്ര മക്കളെന്നും മറന്നു. കോയേടെ വീട്ടിൽ കുഞ്ഞു കച്ചുവും ഹൈറും ഉരുണ്ടുരുണ്ട് നടക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
കോയേടെ ചങ്ങാതിക്കൂട്ടത്തിലെ മറ്റു നന്മമുഖങ്ങളിൽ ഒരാളാണ് അബ്ദു. സുന്ദരൻ. രസകര സംസാരം. വൃത്തിയുള്ള വേഷം. നല്ല ഗറ്റപ്പ്. നിറഞ്ഞ സ്നേഹം. പുഞ്ചിരിയോടെ അല്ലാതെ ഒരിക്കലും കണ്ടിട്ടില്ല. കാദിരിയും കോയയും അബ്ദുവും കഴിഞ്ഞാൽ വീണുകിട്ടിയ ആ സ്നേഹ സംഘത്തിലെ മറ്റൊരാൾ റഷീദ്. ആലപ്പുഴ റഷീദ്. കറുത്ത് ഗുണ്ടുമണിപോലെ ജുബ്ബ ധരിച്ച റഷീദ്. റഷീദും അബ്ദുവും ”റീനാംമ്പർ റോളിംഗ ഷട്ടർ കമ്പനിയിൽ” ജോലിക്കാരായിരുന്നു. റഷീദ് അവിടെ നിന്നും ജോലി വിട്ട് കപ്പലിൽ പണിക്ക് പോയി. ഒരു സഞ്ചാരം കഴിഞ്ഞ് റഷീദ് തുറമുഖത്ത് ഇറങ്ങി. ടാറ്റ പറഞ്ഞ് തിരികെ മറ്റൊരു തുറമുഖത്തേക്ക് പോയ കപ്പല് വഴിയിൽ വെച്ച് മുങ്ങി. റഷീദ് ദുഃഖിതനായി. ഒരു കൂടപ്പിറപ്പ് കൈവിട്ട അനുഭവമായിരുന്നു റഷീദിന്. മുങ്ങുന്ന കപ്പലിനെ തനിക്കൊന്ന് സഹായിക്കാൻപോലും കഴിഞ്ഞില്ലെന്ന സങ്കടം റഷീദിനെ വല്ലാതെ അലട്ടിയ നാളുകളെക്കുറിച്ച് കാദിരി എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ കോഴിക്കോട് കടപ്പുറത്തെ ചക്രവാളത്തിൽ പഴംപൊരി വലുപ്പത്തിൽ വന്നു നിന്നിരുന്ന കപ്പലുകളെ ഞാൻ ഓർക്കും. അവയെല്ലാം സുരക്ഷിതിരായി തിരകൾക്കു മുകളിലൂടെ ഒഴുകുന്നുണ്ടാവുമോ. അവർക്കുള്ളിലെ റഷീദുമാർ ഭയമില്ലാതെ സ്വപ്നം കാണുന്നുണ്ടാവുമോ.
കപ്പലും ജോലിയും കയ്യിൽ നിന്നും പോയ റഷീദ് പിന്നെ നാട്ടിൽ വന്ന് സ്വന്തമായി ഒരു റോളിംഗ് ഷട്ടർ ബിസിനസ്സ് തുടങ്ങി. ഒപ്പം അബ്ദുവിനെയും കൂടെ കൂട്ടി. മുങ്ങിപ്പോയ കപ്പലിന്റെ പേര് ”മാരിഗോ”. കപ്പലിന്റെ ഓർമ്മക്കായി റഷീദ് ആ പേര് തന്നെ സ്വന്തം സ്ഥാപനത്തിന് നൽകി. ”മാരിഗോ റോളിംഗ് ഷട്ടർ”. പെരുന്നാൾപോലെ കാദിരി തന്ന കോയയും മമ്മുവും അബ്ദുവും റഷീദിനുമൊപ്പം കെട്ടിപ്പിടിക്കാൻ കിട്ടയ മറ്റൊരാൾ സുബൈർ ആണ്. സുബൈർ തടിച്ചിട്ടാണ്. ജീവിതം പെരുന്നാളാക്കാൻ കണ്ടുപിടിച്ച വരുമാന മാർഗ്ഗം പ്ലൈവുഡ് കച്ചവടം. എന്തോ അതങ്ങ് പച്ചപിടിച്ചില്ല. പിന്നെ കണ്ടത് അകലെ ഗൾഫാണ്. അവിടേക്ക് പറന്നു. അവിടേം പച്ചയൊന്നും കാണാതെ തരികെ വന്ന് കാദിരിയോടൊപ്പം കൂടി. ഗൾഫിൽ ഗൾഫാവാതെ തിരികെ വന്ന കാതിരി അതിനകം ജോലിയിൽ കയറിയത് പാട്ട് റെക്കാർഡറുകൾ വിൽക്കുന്നൊരു കടയിൽ. ഇരുപത്തിനാലു മണിക്കൂറും പാട്ടുകൾ കേൾക്കലായിരുന്നു കാദിരിയുടെ പണി. സുബൈർ കാദിരിക്കൊപ്പം കൂടിയത് ആ കടയിൽ ആയിരുന്നോ എന്നറിയില്ല. കാദിരി പലതും ചെയ്തു. പലതും പഠിച്ചു. ഒരു സ്ക്ക്രൂഡ്രൈവർ പോലും നേരാം വണ്ണം പിടിക്കാത്ത കാദിരി സ്വന്തമായി പഠിച്ച് ഒരു ഇലക്ട്രോണിക്ക് കടയിൽ ചിരപരിചതനെപോലെ കേടുവന്ന പല സർക്യൂട്ടുകളും നന്നാക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു.
കാദിരി പറഞ്ഞു.
”ആവശ്യം വന്നാൽ മലയാളംപോലെ ഇലക്ട്രോണിക്സും പഠിച്ചു പോവും മോനേ.”
പലതരം ഇലക്ട്രോണിക്സ് പഠിച്ച് അത്യാവശ്യം പച്ചപ്പും വളർത്തി കാദിരിയും സുബൈറും
പരസ്പരം കോഴിക്കോട്ട് തന്നെ പെരുന്നാളായി.
കാദിരി തന്ന മറ്റൊരു നിലാവാണ് ലത്തീഫ്. ലത്തീഫിന്റെ ജീവിതവും സ്വപ്നവും ഫുൾ കളറിലാണ്. നിറങ്ങളുടെ ലോകം. ലത്തീഫിന് പെയിന്റ് കട ഉണ്ടായിരുന്നു. കടയിൽ ഒപ്പം മറ്റൊരു നിറമായി അനിയനും. അനിയന്റെ പേരും അബ്ദു. വെറൊരു പുഞ്ചിരിയുടെ പേര് സികെ ഉസ്മാൻ. ഉസ്മാനെ, സികെ എന്നാണ്
വിളിക്കാറ്. കുറുതായി മെലിഞ്ഞ ഒരു സികെ. ബാവുട്ട്യാജീന്റെ കിസാൻ ഫെർട്ടിലൈസേർസിൽ ജോലി.. ബാവുട്ട്യാജിയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ കിസാൻ ഫെർട്ടിലൈസേർസ് എന്ന പേര് എനിക്ക് ഇഷ്ടമായിരുന്നു.
കോദിരി.
കോയ.
മമ്മു.
അബ്ദു.
റഷീദ്.
സുബൈർ.
ലത്തീഫ്.
സികെ.
കോളേജ് പഠന കാലത്തും തുടർന്നുള്ള എത്രയോ വർഷങ്ങളിലും എന്റെ ജീവിതം കോഴിക്കോടൻ പെരുന്നാളാക്കിയ ചങ്ങാത്തക്കൂട്ടമായിരുന്നു അത്. മറക്കില്ല ഒരു മുഖവും. നിലാവല്ലാതെ മറ്റൊന്നും ആ
മുഖങ്ങളിൽ നിന്നും കൊഴിയുന്നത് കണ്ടിട്ടില്ല. മിക്ക ദിവസങ്ങളിലും ഞങ്ങൾ കടപ്പുറത്തി ന്നടുത്തുള്ള കോയയുടെ വീട്ടിൽ വൈകീട്ട് സംഗമിക്കും. പിരിയാൻ നേരം കാദിരി കണ്ടുപിടിച്ചൊരു ഭക്ഷണ വട്ടം ഉണ്ട്. ഉള്ളതെടുത്ത് എല്ലാരും കൂടി രണ്ടോ മൂന്നോ തേങ്ങ വാങ്ങും. പിന്നെ, അക്കാലത്തെ അപ്പക്കൂട് റൊട്ടിയും. മുകളിൽ കറുത്ത തൊപ്പിയുള്ള രുചി നിറഞ്ഞ അത്തരം റൊട്ടി ഇപ്പോൾ നഗരങ്ങളിൽ കിട്ടാറില്ല. പകരം ചതുര വടിവിലുള്ള പഴയ രുചി പോയ ”ബ്രഡ്” കിട്ടും. ഇന്നത്തെ ആ ബ്രഡ് അന്ന് കിട്ടാഞ്ഞത് നന്നായി. കാദിരിയും അബ്ദുവും റഷീദും മറ്റും തേങ്ങ ചിരകി പാലെടുക്കും. കോയെടെ പെങ്ങന്മാർ അത് സമ്മതിക്കില്ല. ആ ജോലി അവർ ഏറ്റെടുക്കും. ചൂടുള്ള കട്ടൻ ചായേടെ അകമ്പടിയോടെ റൊട്ടി മുറിച്ച് തേങ്ങാപ്പാലും കൂട്ടി ഞങ്ങളുടെതായ ഒരു പാർട്ടിയുണ്ട് പിന്നീട്. അതിശക്തമായിരുന്നു അതിന്റെ സ്നേഹ രുചി.
വർഷങ്ങളോളം വറ്റാതെ നിലനിന്നൊരു സ്നേഹക്കടൽ ആയിരുന്നു അവർക്കിടയിലെ അവരുടെ കോഴിക്കോടൻ ജീവിതം. അതിനുള്ളിൽ ഞാനും ഒരു തിരമാല. അവിടേക്ക് തോണിയായി വന്നവൻ കാദിരി. കാദിരിയെ കണ്ടെത്തുന്നത് കോളേജിൽ വെച്ച്. ഇന്നും കാദിരിയെ കാണുമ്പോൾ എനിക്കെന്റെ കോജേജിലെ ബഞ്ചും ഡസ്ക്കും രത്നവല്ലിയും ബാഹുലേയനും തങ്കമണിയും ജയപ്രഭയും ബാലകൃഷ്ണനും ഗോപിയും എല്ലാം ഓർമ്മ വരും. കാദിരിയുടെ ഉമ്മയുടെ ഉമ്മയും ഇത്താത്തയും അനുജനും എല്ലാം എനിക്ക് പ്രിയപ്പെട്ടവർ. ഉമ്മയുടെ വേദനിക്കുന്ന പാദം എത്രയോ തവണ അരികിൽ ഇരുന്ന് തടവിയിട്ടുണ്ട്. ആ പാദത്തിലെ നീരിന്നുള്ളിൽ നിന്നും എന്റെ അമ്മയിൽ മിടിച്ചതുപോലെ ഒരു ഹൃദയമിടിപ്പ് വന്ന് വിരലുകളിൽ അനുഗ്രഹിക്കുംപോലെ പലതവണ എന്നെ തൊട്ടിട്ടുണ്ട്.
ആ സ്പർശത്തെക്കുറിച്ച് ഉമ്മ പോയശേഷം ഞാനൊരിക്കൽ കാദിരിയോട് പറഞ്ഞു.
കണ്ണീര് മറച്ച് കോഴിക്കോടൻ ഭാഷയിൽ അവൻ കണ്ടുപിടിച്ചൊരു സത്യം എന്നോടന്ന് പറഞ്ഞു.
”നമ്മളൊന്നും കാങ്ങണില്ല രഘു. നമ്മക്ക് കണ്ണുള്ള കാര്യംപോലും നമ്മള് കാങ്ങണില്ല. സത്യം പറഞ്ഞാ നമ്മളൊക്കെ തനി ബഡുക്കൂസ്..”
കോഴിക്കോടാണ് എന്റെ ഉള്ളിലെ പ്രപഞ്ചം. ആ പ്രപഞ്ച നിലാവത്ത് അഛൻ ഒരു പുൽമെത്തിയിൽ ദാ.. കിടന്നുറങ്ങുന്നു. ഉണർത്താതെ എത്ര കാലമായി അഛനരികിൽ ഈ ഇരുപ്പ് തുടങ്ങീട്ട്.
…………….
ചിത്രത്തിൽ എന്റെ കാദിരി. കോളേജിൽ പഠിക്കുമ്പോൾ തല നിറച്ചും മുടി ഉണ്ടായിരുന്നു. ”ഉൾ ഗ്ലോബൽ വാമിംഗ്” കാരണം സകലതും മാഞ്ഞു.
:)
കടപ്പാട്:
കുടുംബം മാസിക
Post Your Comments