ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ ഉണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചു തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കാശ്മീരില്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ ഒരു അമ്മയും മകളും സെല്‍ഫി എടുക്കാനായി അടുത്തുവന്നു. അവര്‍ സെല്‍ഫി എടുത്ത ഉടനെ അത് നീക്കം ചെയ്യണമെന്ന ആവശ്യവുമായി അവരുടെ ഭര്‍ത്താവ് വരുകയും മോശമായി പെരുമാറുകയും ചെയ്തതായി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. താന്‍ മോദിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നതിനാലാണ് അയാള്‍ അപ്രകാരം പെരുമാറിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
പ്രകാശ് രാജിന്റെ കുറിപ്പ് ഇങ്ങനെ
കാശ്മീരിലെ ഗുല്‍മാര്‍ഗിലെ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങവെ ഒരു സ്ത്രീയും കുട്ടിയും എന്നോടൊപ്പം ഒരു സെല്‍ഫി ആവശ്യപ്പെട്ട് വന്നു.അവരോടൊപ്പം അവരുടെ ചെറിയ മകളുമുണ്ടായിരുന്നു. ഞാന്‍ സെല്‍ഫിയില്‍ അവര്‍ക്കൊപ്പം നിന്നു. അവര്‍ക്കത് വലിയ സന്തോഷമായി. എന്നാല്‍ പെട്ടെന്ന് അവരുടെ ഭര്‍ത്താവ് ഇടപെട്ട് ആ സെല്‍ഫി നീക്കം ചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ മോദിയുടെ ആശയങ്ങളോട് എതിര്‍ത്തു നിന്നതിനാണ് അത്. ചുറ്റുമുണ്ടായിരുന്ന വിനോദസഞ്ചാരികളെല്ലാം അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സ്ത്രീ കരച്ചിലായി.
ഞാന്‍ അയാളെ അടുത്തു വിളിച്ചു. എന്നിട്ടു പറഞ്ഞു. സര്‍..ഞാനോ മോദിയോ അല്ല താങ്കളും താങ്കളുടെ ഭാര്യയും വിവാഹിതരാകാന്‍ കാരണം. അവര്‍ നിങ്ങള്‍ക്ക് ഈ ഭാഗ്യവതിയായ മകളെ തന്നു.. നല്ലൊരു ജീവിതം നിങ്ങളോടൊത്ത് പങ്കുവച്ചു.നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ അവര്‍ മാനിക്കുന്നതു പോലെ അവരുടേത് നിങ്ങളും മാനിക്കുക.. വെക്കേഷന്‍ നന്നയായിരിക്കട്ടെ..അയാള്‍ ഒന്നും പറയാതെ നിന്നു. ഹൃദയത്തില്‍ വിങ്ങലുമായാണ് ഞാന്‍ പടിയിറങ്ങിയത്. അയാള്‍ ഫോട്ടോ നീക്കം ചെയ്യുമായിരിക്കാം.. ഇല്ലായിരിക്കാം.. പക്ഷേ അവരുടെ മുറിവ് മായ്ക്കാന്‍ അയാള്‍ക്കാകുമോ?
Post Your Comments