മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര തന്റെ പാട്ട് വഴികളില്‍ എന്നും കൂടെയുണ്ടായിരുന്ന അച്ഛനെക്കുറിച്ച് ഓര്‍ക്കുന്നു. പലപ്പോഴും താന്‍ പാടാന്‍ പോകുമ്പോള്‍ അച്ഛന് കൂടെയുണ്ടാകാറുണ്ട്. അര്‍ബുദത്തിന്റെ അസഹനീയമായ വേദനയിലും തനിക്കൊപ്പം വന്നിരുന്ന അച്ഛനെക്കുറിച്ച് രവിമേനോന്റെ പാട്ടുവഴിയോരത്ത് എന്ന പങ്തിയില്‍ ചിത്ര പങ്കുവയ്ക്കുന്നു.
ചെന്നൈയിലെ എ.വി.എം. ‘ജി’ തിയേറ്ററില്‍ ‘അനുരാഗി’ എന്ന സിനിമയിലെ ‘ഏകാന്തതേ നീയും അനുരാഗിയോ…’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡിംഗ് നടക്കുന്ന സമയത്തെകുറിച്ചാണ് ചിത്ര പങ്കുവച്ചത്. താന്‍ ആ ഗാനം പാടുമ്പോള്‍ സോഫയില്‍ ചാരിക്കിടന്നു താന്‍ പാടുന്നത് നോക്കിയിരിക്കുന്ന അച്ഛന്.
”അര്‍ബുദം കലശലായ കാലം. രോഗത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയിരുന്നു. ആദ്യം കവിളിനെയാണ് ബാധിച്ചത്. പിന്നെ മോണയിലേക്കും അത് പടര്‍ന്നു. അസഹനീയ വേദനയുമായാണ് ഡാഡി അന്നൊക്കെ റെക്കോഡിങ്ങിന് വരിക. വേണ്ടെന്നുപറഞ്ഞാലും സമ്മതിക്കില്ല. പല്ലവിയും ആദ്യചരണവും കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതേ തിരിഞ്ഞുനോക്കി.ഇഷ്ടപ്പെട്ടാല്‍ ഡാഡി ചിരിച്ചുകൊണ്ട് തലയാട്ടും. അതൊരു വലിയ പ്രോത്സാഹനമാണ് എനിക്ക്. എന്നാല്‍, അന്നത്തെ കാഴ്ച എന്നെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ് കണ്ണീര്. ആ അവസ്ഥയില്‍ അദ്ദേഹത്തെ കണ്ടിട്ടില്ല അതുവരെ. കരയുന്ന അച്ഛനെ പിന്നിലിരുത്തി എങ്ങനെ ആ പാട്ട് പാടിത്തീര്‍ത്തുവെന്ന് ഇന്നും എനിക്കറിയില്ല.”
എന്നാല്‍ ഈ കാഴ്ചയോടെ തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാനാണ് ചിത്ര തീരുമാനിച്ചത്. അങ്ങനെ അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാന്‍സല്‍ചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും അച്ഛന്റെ സ്നേഹ പൂര്‍ണ്ണമായ നിര്‍ബന്ധത്തോടെ ചിത്ര മടങ്ങിവരികയും ചെയ്തു.
നാടക കലാകാരന് കൃഷ്ണന് നായരാണ് ചിത്രയുടെ അച്ഛന്. ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ലെങ്കിലും കൃഷ്ണന് നായരും നന്നായി പാടുമായിരുന്നു.
(കടപ്പാട്: രവിമേനോന്)
Post Your Comments