വീണ്ടും നിപ വൈറസ് ചര്‍ച്ചയാകുമ്പോള്‍ ആശങ്കയിലാണ് കേരളം. ഒരിക്കല്‍ അതിജീവിച്ച നിപ വീണ്ടും പിടിമുറുക്കുമോ എന്ന ഭയത്തില്‍ നില്ക്കുമ്പോള് നിപയെ കേരളം അതിജീവിച്ചതിന്റെ കഥയുമായി വൈറസ് പ്രദര്‍ശനത്തിനെത്തി. ഒ.പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തത്. രോഗത്തെ കുറിച്ചറിയാനുംഅതിനെതിരേ പോരാടാനുമുള്ള ഒരു സമൂഹത്തിന്റെ മനസും ഒരുമയും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രം കോഴിക്കോടിന്റെ മനോഹാരിത മനസ്സില്‍ നിറച്ചു.
ഒരിക്കൽ പിടിപെട്ടാൽ അതിജീവന സാധ്യത 20 ശതമാനത്തിൽ താഴെ മാത്രമുള്ള ഈ നിപ വൈറസ് എവിടെനിന്നു വന്നു, ആരിലേക്കൊക്കെ എത്തി എന്നറിയാൻ കഴിയാതെ കേരളം ഭീതിയുടെ മുള്‍മുനയില്‍ നിന്ന സമയം. പരിമിതികളുടെ നടുവിൽ നിന്നും സംഘടിതമായ പ്രവർത്തനങ്ങളിലൂടെ നിപയെ അതിജീവിച്ചവരുടെ ചരിത്രമാണ് ‘വൈറസ്’. പേരാമ്പ്രയിലെ ഒരു കുടുംബത്തിൽ നിന്നാരംഭിക്കുന്ന രോഗബാധ പലരിലേയ്ക്കും വ്യാപിക്കുന്നതും നിപയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ സ്വന്തം ജീവൻ ത്യജിച്ച ലിനി എന്ന നഴ്സിന്റെ ജീവിതം കൂടിയാണ് വൈറസ്.
രോഗത്തിന്റെ ആവിർഭാവവും മരണവും പ്രതിരോധവും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രത്തിന്റെ രണ്ടാം പകുതി രോഗത്തിന്റെ ഉറവിടം തേടി നടത്തുന്ന അന്വേഷണമാണ്. നിപ്പയുടെ ഉറവിടം തേടിയുള്ള യാത്ര കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളിലാണ് ചിത്രം അവസാനിക്കുന്നത്. നിപ വന്നു ഇത്രയാളുകൾ മരിച്ചു എന്നക്കൊയുള്ള അറിവുകള്‍ക്കും അപ്പുറവും ഈ രോഗത്തിന്റെ വിവരങ്ങള്‍ നിറഞ്ഞ ചിത്രം എന്താണ് യഥാർഥത്തിൽ നടന്നതെന്നും എങ്ങനെയാണ് നിപയേ അതിവേഗം കണ്ടു പിടിക്കാനും പ്രതിരോധിക്കാനും സാധിച്ചത്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ചിത്രം.
ആരോഗ്യരംഗത്തെ രക്തസാക്ഷിയായ ലിനി സിസ്റ്റര്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗീപരിചരണത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും ഇറങ്ങിയ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്ന് തുടങ്ങി കേരളത്തെ നിപയുടെ ആശങ്കയില്‍ നിന്നും മോചിതമാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ചവര്‍, തികച്ചും സ്വാഭാവികമായ ഈ കഥാപാത്രങ്ങളിലൂടെയും അവരുടെ ജീവിതത്തിലൂടെയും ഗൗരവമായി തന്നെ ഈ രോഗത്തെയും അതിന്റെ അവസ്ഥയേയും അവതരിപ്പിക്കാന്‍ ചിത്രത്തിനു കഴിഞ്ഞു. ലിനിയായി വേഷമിടുന്നത് റിമ കല്ലിംഗലാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, സുധീഷ്, സൗബിന് ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്, ജോജു ജോര്‍ജ്, റഹ്മാന്, പാര്‍വതി, രേവതി, രമ്യാ നമ്ബീശന്‍, മഡോണ എന്ന് തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
വൈറസിന്റെ ശക്തമായ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിന് പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമാണ് ഛായാഗ്രഹണം. സംഗീതം സുഷിന് ശ്യാം ആണ്. എഡിറ്റിംഗ് സൈജു ശ്രീധരന്.
Post Your Comments