എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും സഹോദരനും തമ്മിലുള്ള പിണക്കം വലിയ വിവാദമായിരുന്നു. കാന്‍സര്‍ ബാധിച്ച ജയചന്ദ്രനെ സന്ദർശിക്കാൻ താൽപര്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞുവെന്ന തരത്തിൽ വ്യാജ വാർത്തകൾ ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സഹോദരൻ ജയചന്ദ്രനെ കാണാൻ ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തിലെത്തി. ഈ സഹോദര വിവാദം തുടരുമ്പോൾ ഉള്ളു പൊള്ളിക്കുന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് വൈദികനായ മാര്‍ട്ടിന്‍ ആന്റണി. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിൽ സഹോദരനുമായി ഉണ്ടായിരുന്ന പിണക്കവും അകാലത്തിൽ സംഭവിച്ച അദ്ദേഹത്തിന്റെ മരണവും ഫാ. മാര്‍ട്ടിന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നു
ഫാ. മാര്‍ട്ടിന്‍ എഴുതിയ കുറിപ്പ്
ഓ ചുള്ളിക്കാട്
സെമിനാരിയില്‍ ചേര്‍ന്ന് നാലാം വര്‍ഷത്തെ ജനുവരി മൂന്നിനാണ് അപ്പന്‍ മരിച്ചത്. കടം കേറി നില്‍ക്കക്കള്ളിയില്ലാതെയായപ്പോള്‍ ഒരു മുഴം കയറില്‍ എല്ലാം അങ്ങ് അവസാനിപ്പിച്ച് അപ്പന്‍ രക്ഷപ്പെട്ടു. രണ്ടാമത്തെ പെങ്ങളുടെ കല്യാണം കഴിഞ്ഞ് അലമാര കൊണ്ടുപോകുക എന്ന ചടങ്ങിന്റെ തലേദിവസം ആയതുകൊണ്ട് വീട്ടുമുറ്റത്ത് വേറെ പന്തല്‍ ഇടേണ്ടി വന്നില്ല.
അമ്മ ഒറ്റയ്ക്കായി. ഇനിയുമുണ്ട് പുര നിറഞ്ഞു കഴിഞ്ഞ മൂന്ന് പെങ്ങമ്മാര്‍ കൂടി. ഒരു ഏട്ടന്‍ ഉണ്ട് എന്നെക്കാള്‍ രണ്ടു വയസ്സു മാത്രം മൂപ്പുള്ളവന്‍. ഏട്ടനാണ് ഇനി പ്രതീക്ഷ. അമ്മ കരഞ്ഞു തളര്‍ന്നു കിടക്കുന്നു. അന്നു വൈകുന്നേരം ഞാന്‍ അപ്പന്റെ കണ്ണോക്കിന്റെ പഷ്ണി കഞ്ഞി കുടിച്ചു അമ്മയുടെ അരികില്‍ പോയിരുന്നു. ഞാനിനി തിരിച്ചു പോകുന്നില്ല. അമ്മയുടെയും പെങ്ങന്മാരുടെയും മുഖഭാവം മാറി. പറ്റില്ല നാളെ തന്നെ തിരിച്ചു പോണം.
അന്നു മുതല്‍ സെമിനാരി ജീവിതം എനിക്ക് ക്രൈസിസിന്റെ ദിനങ്ങളായിരുന്നു. ഗൃഹാതുരത അതൊരു മധുരമുള്ള പദമല്ല എന്ന് ഞാന്‍ അറിയാന്‍ തുടങ്ങി. സെമിനാരിയിലെ സുഭിഷ്ടമായ ഭക്ഷണത്തില്‍ അമ്മയുടെയും സഹോദരങ്ങളുടെയും മുഖങ്ങള്‍ കാണുവാന്‍ തുടങ്ങിയപ്പോള്‍ വിശപ്പിന്റെ ശമനത്തിന് മാത്രം ഭക്ഷണം കഴിക്കുക എന്ന ശീലം തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ ഏട്ടന്‍ എന്നെ കാണാന്‍ വന്നു. അന്ന് ഏട്ടന് ഒരു പ്രണയ പനിയുടെ ചൂട് ഉണ്ടായിരുന്നു. പ്രണയിച്ചവളെ ഇപ്പോള്‍ തന്നെ സ്വന്തമാക്കിയില്ലെങ്കില്‍ ആരെങ്കിലും റാഞ്ചി കൊണ്ടു പോകുമെന്ന പേടി ആ കണ്ണുകളില്‍ ഉണ്ടായിരുന്നു. മതി ഇവിടത്തെ ജീവിതം. വാ വീട്ടിലേക്ക് പോകാം. അവന്‍ എന്നെ നിര്‍ബധിച്ചു.
വീണ്ടും സംഘര്‍ഷത്തിന്റെ ദിനങ്ങള്‍. ഒരുവശത്ത് ദൈവവിളി എന്ന ഞാന്‍ എടുത്ത തീരുമാനവും അമ്മയും പെങ്ങന്മാരുടെ മുഖങ്ങളും. മറുവശത്ത് ഏട്ടനും പ്രണയവും. തീരുമാനമെടുക്കുന്നതില്‍ ഞാന്‍ ഭീരുവായി. വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടി. ഞാന്‍ എന്ത് ചെയ്യണം. അമ്മയ്ക്ക് ഒരു മാറ്റവുമില്ല. നീ ഇങ്ങോട്ട് വരണ്ട. അതൊരു ഉറപ്പായിരുന്നു. ദൈവമാണ് എന്നെ ഇവിടെ കൊണ്ടുവന്നതെങ്കില്‍ അവന്‍ തന്നെ എന്റെ അമ്മയെയും നോക്കും എന്ന ഉറപ്പ്. ഞാന്‍ തീരുമാനിച്ചു. ഇല്ല, ഞാന്‍ തിരിച്ചു പോകുന്നില്ല. പക്ഷെ അന്നുമുതല്‍ വീട് ഒരു നൊമ്പര ചിത്രമായി കണ്മുന്നില്‍ നിരന്തരം തൂങ്ങിയാടാന്‍ തുടങ്ങി.
അങ്ങനെയിരിക്കെ ഏട്ടന്റെ പ്രണയം സഫലമായി. ലളിതമായ രീതിയില്‍ അവന്‍ ഏട്ടത്തിയെ വീട്ടില്‍ കൊണ്ടു വന്നു. പക്ഷേ അന്നു മുതല്‍ ഞാന്‍ ഏട്ടനെ ഒരു ശത്രുവായി എന്റെ ഹൃദയത്തില്‍ ഉറപ്പിച്ചു. അനുജന്‍ പിന്നീട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു വീട്ടിലെ കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ഞാന്‍ ഏട്ടനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കടങ്ങളുടെ മേല്‍ കടങ്ങള്‍ കൊണ്ട് മല്ലിടുന്ന അമ്മയുടെയും അനുജന്റെയും സങ്കടങ്ങളുടെ ഇടയില്‍ ഞാന്‍ നിസ്സഹായനായി നിന്നു. ഏട്ടന്‍ എനിക്ക് ഒരു ദുഷ്ട കഥാപാത്രമായി.
വീടോര്‍മ്മകള്‍ അവനോടുള്ള വെറുപ്പായി എന്റെ മനസ്സില്‍ വളര്‍ന്നു. പതിമൂന്ന് വര്‍ഷക്കാലത്തെ സെമിനാരി ജീവിതത്തില്‍ അവനെ ഞാന്‍ പൂര്‍ണമായി അകറ്റി നിര്‍ത്തി. അനുജന്‍ എന്റെ ഏട്ടന്‍ ആയി മാറി. പക്ഷേ ഏട്ടന്‍ ആ കാലയളവില്‍ മദ്യത്തിന്റെ നീര്‍ച്ചുഴിയില്‍ പെട്ടു പോകുകയായിരുന്നു. 2007 ഞാന്‍ പുരോഹിതന്‍ ആയപ്പോള്‍ അവന്‍ മദ്യത്തിന്റെ അടിമയായി മാറി. അപ്പോഴും അവന്‍ എനിക്ക് ഒരു അപരിചിതനെ പോലെയായിരുന്നു. അങ്ങനെയിരിക്കെ 2009 മെയ് 13ന് പ്രണയിച്ചു സ്വന്തമാക്കിയവള്‍ക്ക് ഒത്തിരി നൊമ്പര ഓര്‍മ്മകള്‍ നല്‍കി അവന്‍ അപ്പന്റെ അടുത്തേക്ക് പോയി. ലിവര്‍ സിറോസിസ് ആയിരുന്നു.
അവന്‍ മരിച്ച രാത്രിയില്‍ അനുജന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു. എടോ, നമ്മുടെ ചേട്ട പോയി. എന്നില്‍ ഒരു വികാരവും ഉണര്‍ന്നില്ല. ഞാന്‍ ആശ്രമത്തില്‍നിന്നും വീട്ടില്‍ ചെന്നു. അമ്മയ്ക്ക് വ്യാകുല മാതാവിന്റെ മുഖം. ചേട്ടത്തിക്കും മകള്‍ക്കും കരയാന്‍ ഇനി കണ്ണീരില്ലാത്ത അവസ്ഥ. എനിക്കോ ഒരു തുള്ളി സങ്കടമില്ല. വര്‍ഷങ്ങളായുള്ള അപരിചിതത്വം ഏട്ടനെ എനിക്ക് ആരും അല്ലാതാക്കി മാറ്റി.
നിനക്ക് കരച്ചില് വരുന്നില്ലേ? ആത്മാര്‍ത്ഥ സുഹൃത്ത് കാതില്‍ വന്നു ചോദിച്ചു. സങ്കടം ഉണ്ടെങ്കിലല്ലേ കരയേണ്ടു. ഞാന്‍ അവനോട് പറഞ്ഞു. അന്ന് ആ മരണ വീട്ടിലെ വിഷാദമില്ലാത്ത ഏക മുഖം എന്റേത് മാത്രം ആയിരിക്കണം. ശവസംസ്‌കാര സമയമായി. കുര്‍ബാന ഞാന്‍ ചൊല്ലണം. അള്‍ത്താരയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കാന്‍ തുടങ്ങി. ഒരു സങ്കടത്തിന്റെ കാര്‍മേഘം എന്നെ പൊതിഞ്ഞു.
കുര്‍ബാന പുസ്തകത്തിലെ വരികളുടെ ഇടയില്‍ ഞാന്‍ തട്ടി വീഴാന്‍ തുടങ്ങി. ഓരോ പദങ്ങളിലും ഏട്ടന്റെ മുഖം നിറയുന്നു. ഒന്നിച്ചുള്ള ബാല്യകാലം. അവന്റെ പുഞ്ചിരി. അവന്റെ സങ്കടം. എല്ലാം കുര്‍ബാന പുസ്തകത്തിന്റെ താളുകളില്‍ നിറയുന്നു. അതാ സ്വര്‍ണ്മസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന. ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും പൊറുക്കണമേ എന്ന വരി എനിക്ക് ഉച്ചരിക്കാന്‍ പറ്റുന്നില്ല. കണ്ണില്‍ അന്ധകാരം നിറഞ്ഞു. ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
എന്നെ അവന്‍ സ്‌നേഹിച്ചിരുന്നു. പക്ഷേ എനിക്ക് അവനെ സ്‌നേഹിക്കാന്‍ സാധിച്ചില്ല. എന്റെ ഈഗോ അവനെ ഒരു അപരിചിതനാക്കി മാറ്റി. ഒരു അന്യനെപ്പോലെ കണ്ണെത്താ ദൂരത്തേക്ക് അവന്‍ നടന്നകന്നു. ഇന്ന് അവന്‍ എന്റെ ഏകാന്തതയിലെ നൊമ്പരമാണ്. ആ കരങ്ങളില്‍ ഒന്ന് സ്പര്‍ശിക്കാമായിരുന്നു. അവനെ നോക്കി ഒരു പുഞ്ചിരിയെങ്കിലും നല്‍കാമായിരുന്നു. പക്ഷേ നടന്നില്ല. എന്റെ ഈഗോ. എന്റെ മാത്രം ഈഗോ. എന്റെ പാപങ്ങളുടെ കൂനയില്‍ ഇതെന്നും തെളിഞ്ഞു കിടക്കും. ഒരു ക്രൂര മൃഗമായി അതെന്റെ നിശബ്ദതയെ വേട്ടയാടും.
എന്തിനാണ് ഞാന്‍ ഇതെല്ലാം ഇവിടെ കുറിച്ചത്? അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണയുടെ വായനയില്‍ ഞാനും വെന്തുരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ എനിക്ക് നല്‍കിയത് പോരാടാനുള്ള ഊര്‍ജ്ജമായിരുന്നു. മനസ്സുകൊണ്ട് ആരാധിക്കുന്ന ചുള്ളിക്കാട് സാര്‍ തന്റെ സഹോദരന്‍ ജയചന്ദ്രനെ ഒരു നോക്കെങ്കിലും കാണാന്‍ പോകുമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. സ്വന്തം ഏട്ടനെ ഒരു തീക്കനലായി ഉള്ളില്‍ കൊണ്ടു നടക്കുന്ന എളിയവന്റെ ആഗ്രഹം മാത്രമാണിത്.
Post Your Comments