വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും ജീവൻ കവർന്ന കാറപകടത്തിൽ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ അല്ലെന്ന നിഗമനത്തിലേയ്ക്ക് ക്രൈംബ്രാഞ്ച്. ഡ്രൈവർ അർജുൻ ആണ് സംഭവ സമയത്ത് ഡ്രൈവര്‍ സീറ്റില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം. അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ നാട്ടുകാരും കെഎസ്ആർടിസി ഡ്രൈവറും അടക്കമുള്ളവർ, കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്നാണു മൊഴി നൽകിയതെങ്കിലും നന്ദു എന്ന സാക്ഷിയുടെ മൊഴി ബാലഭാസ്കര്‍ അല്ല കാറോടിച്ചിരുന്നത്. ബാലഭാസ്കറെ കണ്ടാല്‍ തിരിച്ചറിയാവുന്ന നന്ദുവിന്റെ മൊഴി കൂടുതൽ വിശ്വസനീയമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നു.
കൂടാതെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴി അർജുൻ കാറോടിച്ചുവെന്നും മുന്നിലെ ഇടത്തേ സീറ്റിൽ കുഞ്ഞിനൊപ്പം താൻ ഇരുന്നു എന്നുമാണ്. ബാലഭാസ്കർ പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് നന്ദുവിന്റെയും മൊഴി. കാർ ഓടിച്ചിരുന്നതാരെന്നു വ്യക്തമാക്കുന്ന 2 നിർണായക തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം.
ഒന്ന്, ബാലഭാസ്കറും കുടുംബവും അവസാന യാത്രയ്ക്കിടെ കൊല്ലത്തെ ഷോപ്പിൽ നിന്നു ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ. എതിർവശത്തെ ഷോപ്പിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും 15 ദിവസത്തേയ്ക്കു മാത്രമേ ഇതിൽ ദൃശ്യങ്ങളുണ്ടാകൂ. എന്നാല്‍ ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘം ഇതു ശേഖരിച്ചിരുന്നില്ല. സിസിടിവിയുടെ ഹാർഡ് ഡിസ്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കാറിലെ ഓരോ സീറ്റിൽ നിന്നും ശേഖരിച്ച രക്ത സാംപിളുകളുടെ പരിശോധനാ ഫലമാണ് രണ്ടാമത്തെ തെളിവ്. ഡ്രൈവിങ് സീറ്റിൽ നിന്നുള്ള രക്തക്കറ ആരുടേതെന്നു കണ്ടെത്തിയാൽ കാറോടിച്ചത് ആരെന്നും വ്യക്തമാകും. ഈ രണ്ടു നിര്‍ണ്ണായക തെളിവുകളും ലഭിച്ചാല്‍ മരണത്തിലെ ദുരൂഹതയുടെ ചുരുളുകള്‍ അഴിക്കാന്‍ കഴിയും.
Post Your Comments