മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന് നിഗം. ബോളിവുഡ് സിനിമയിൽ അവസരം ലഭിച്ചിരുന്നുവെന്ന വാർത്ത സത്യമാണെന്ന് താരം തുറന്നു പറയുന്നു. ദംഗൽ സംവിധായകന് നിതീഷ് തിവാരിയുടെ ഛിഛോര്‍ എന്ന ചിത്രത്തിലേ്ക്കാണ് തന്നെ തിരഞ്ഞെടുത്തതെന്നും എന്നാൽ ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞു.
കൊച്ചിയില്‍ നടന്ന ഓഡിഷനിലൂടെയാണ് സെലക്ഷന് കിട്ടിയതെന്ന് പറഞ്ഞ താരം കുമ്പളങ്ങി നൈറ്റ്സിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ബോളിവുഡിലേയ്ക്ക് എനിക്ക് ക്ഷണം ലഭിച്ചുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പക്ഷേ അത് അങ്ങനെയല്ല. ഒരു വർഷം മുന്‍പ് നടന്ന സംഭവമാണ് ഇത്. ദംഗൽ സംവിധായകമായ നിതീഷ് തിവാരിയുടെ ചിത്രത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ചോപ്രയാണ് എന്നെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ടീം കൊച്ചിയിലെത്തി ഓഡിഷൻ നടത്തുകയായിരുന്നു. മലയാളിയായ കോളജ് വിദ്യാർഥിയുടെ വേഷത്തിൽ എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബോളിവുഡിലേക്ക് അവസരം ലഭിച്ചതിന്റെ സന്തോഷം ഒക്കെ അന്ന് ഉണ്ടായിരുന്നു. പക്ഷേ അപ്പോഴാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ചിത്രീകരണം തുടങ്ങിയത്. ഡേറ്റ് പ്രശ്നം ഉണ്ടായി. അതുകൊണ്ട് ബോളിവുഡ് ചിത്രത്തിൽ കമ്മിറ്റ് ചെയ്യാൻ പറ്റിയില്ല. ആരോടാണെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചെയ്യണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ബോളിവുഡ് സിനിമയിൽ അഭിനയിക്കാമെന്ന് അന്ന് ഞാൻ ഏറ്റിട്ടില്ലായിരുന്നു. അതുകൊണ്ട് കുമ്പളങ്ങി ചെയ്യാമെന്ന് തീരുമാനിച്ചു. ആ തീരുമാനം നല്ലതായി വരികയും ചെയ്തു.ആ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ഒക്കെ പൂർത്തിയായി. ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. ഇനിയും ബോളിവുഡിൽ നിന്ന് ക്ഷണം വന്നാലും ഇതു തന്നെയാകും എന്റെ രീതി. മറ്റ് കമ്മിറ്റ്മെന്റുകൾ ഒന്നുമില്ലെങ്കിൽ അത് ചെയ്യും. നിലവിൽ ബോളിവുഡിൽ നിന്ന് വേറെ സിനിമളിലേക്കൊന്നും അവസരം വന്നിട്ടില്ല. വന്നാൽ സന്തോഷം’. ഷെയ്ൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments