Latest NewsMollywood

ദക്ഷിണാമൂര്‍ത്തി സ്വാമികളെയും സ്വാതി തിരുനാളിനെയുമൊക്കെ സംഗീതം പഠിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്നു നടിക്കുന്ന ഒരു തലമുറ വളര്‍ന്ന് വരുന്നുണ്ടെന്ന് ജോണ്‍സണ്‍ മാസ്റ്റര്‍; വീഡിയോ വൈറല്‍

മലയാളികള്‍ക്ക് എന്നും കേള്‍ക്കാനിഷ്ടമുള്ള നല്ല ഈണങ്ങള്‍ സമ്മാനിച്ചാണ് ജോണ്‍സണ്‍ മാസ്റ്റര്‍ യാത്രയായത്. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തട്ടിക്കൂട്ട് സംഗീതവുമായി രംഗത്തു വരുന്ന പുതിയ തലമുറയിലെ പലരെയും മാസ്റ്റര്‍ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കൂട്ടത്തില്‍ തന്റെ സംഗീത ജീവിതത്തെക്കുറിച്ചും പറയുന്നു. 2009 ല്‍ തിരുവനന്തപുരം കേസരി ഹാളില്‍ വച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രവി മേനോന്റെ ‘മൊഴികളില്‍ സംഗീതമായി’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു ഏറെപ്പേരൊന്നും കേട്ടിരിക്കാനിടയില്ലാത്ത ജോണ്‍സണ്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍.

1975ല്‍ ദേവരാജന്‍ മാഷാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. മുപ്പത്തിയഞ്ചു വര്‍ഷമായി സിനിമയിലുണ്ട്. എന്നാല്‍ സിനിമ ഒരു പ്രൊഫഷനാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നതാണ്. സത്യം. ആളുകള്‍ പലരും വിശ്വസിക്കില്ല. ഇവിടെ പലരും ചെരിപ്പു നക്കി നടക്കുന്നുണ്ട്. എന്റെ ഭാഷയ്ക്ക് അല്പം പ്രശ്നമുണ്ട്. ഇനിയിപ്പോള്‍ എന്നെ അഹങ്കാരിയെന്നു വിലയിരുത്തിയാലും കുഴപ്പമൊന്നുമില്ലെന്നും ജോണ്‍സണ്‍ പറയുന്നു. അതിനിടെ പുതുതലമുറയെ കാര്യമായി വിമര്‍ശിക്കുന്നുമുണ്ട്. ദക്ഷിണാമൂര്‍ത്തി സ്വാമികളെയും സ്വാതി തിരുനാളിനെയുമൊക്കെ സംഗീതം പഠിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്നു നടിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. മൈക്കിള്‍ ജാക്സണെ പോലും അറേഞ്ച് ചെയ്തു കൊടുത്തത് തങ്ങളാണെന്നു നടിച്ച് മറ്റൊരു വിഭാഗം. അങ്ങനെ ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. അവര്‍ക്കുവേണ്ടി ഒ എന്‍ വി സാര്‍ വരികളെഴുതിയാലും മലയാളം അക്ഷരമാല പോലുമറിയാത്തവര്‍ എഴുതിയാലും ഒരുപോലെയായാണ് ഇത്തരക്കാര്‍ കണക്കാക്കുന്നത്.

സംവിധായകര്‍ക്ക് ട്യൂണ്‍ പറഞ്ഞു കൊടുക്കുമ്പോള്‍ പോലും മുക്കിയും മൂളിയുമാണ് ഇന്നത്തെ യുവസംഗീതകാരന്‍മാരില്‍ പലരും പാടിയൊപ്പിക്കുക. അതിനു സഹായിയായി ഒരാളെ കൂടെക്കൂട്ടും. അടുത്ത സിനിമയില്‍ ഒരു അവസരം തരാമെന്നു പറഞ്ഞ് ധരിപ്പിച്ചിട്ടാണ് അയാള്‍ക്ക് താനുണ്ടാക്കിയ ട്യൂണ്‍ കേള്‍പ്പിക്കുന്നത്. കീബോര്‍ഡുമുണ്ടാകും കൈയില്‍. അതില്‍ കൈയിട്ട് മാന്തി ഒരു ട്യൂണ്‍ ഒപ്പിക്കും. അങ്ങനെയൊക്കെ ഉണ്ടാക്കുന്ന ട്യൂണുകള്‍ ഇന്നത്തെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇഷ്ടമാകുന്നു എന്നതാണ് ഏറ്റവും ശോചനീയാവസ്ഥ. ഇത് സംഗീതത്തെ സ്നേഹിക്കുന്നവര്‍ മനസിലാക്കി, അതിനെതിരേ പ്രതികരിക്കണമെന്നും ജോണ്‍സണ്‍ മാസ്റ്റര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button