CinemaComing SoonLatest NewsMollywood

സ്വന്തം സിനിമയ്ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ച് സംവിധായിക; ചിത്രത്തിന് പിന്തുണയുമായി ആരാധകര്‍

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് കയ്യടി നേടുകയാണ് ഹസീന സുനീര്‍ എന്ന യുവസംവിധായിക. തന്റെ ആദ്യ സംരംഭമായ ‘പ്രകാശന്റെ മെട്രോ’ മേയ് മൂന്നിന് തീയേറ്ററുകളില്‍ എത്തുകയാണ്. അതിനിടെയാണ് സ്വന്തം സിനിമയുടെ പോസ്റ്റര്‍ ചുവരിലൊട്ടിക്കുന്ന സംവിധായികയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നടന്‍ അജു വര്‍ഗീസാണ് ഹസീന പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്.

സ്വന്തം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് കാണുമ്പോള്‍ ഓരോ യുവ സംവിധായകരുടെയും ഉള്ളം പിടയുമെന്ന് ഉറപ്പാണ്. അണിയറ പ്രവര്‍ത്തകരുടെയെല്ലാം പിന്തുണയാണ് ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചത്. താരമൂല്യം ഇല്ലെന്ന കാരണത്താല്‍ സിനിമ പലപ്പോഴും തഴയപ്പെട്ടെന്ന് സംവിധായിക വ്യക്തമാക്കി. പോസ്റ്റര്‍ ഒട്ടിക്കുന്നത് പ്രഹസനമാണെന്ന് പലരും പറഞ്ഞിരുന്നു.

സംവിധായിക പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ നിരവധിപേര്‍ സിനിമയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രം നാളെ തീയേറ്ററുകളില്‍ എത്തുമങ്കിലും എത്ര തീയേറ്ററുകളില്‍ എത്തുമെന്നോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സംവിധായിക വ്യക്തമാക്കി. കുറച്ച് തീയേറ്ററുകളിലെങ്കിലും സിനിമ നാളെ റിലീസ് ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഹസീന.

റോഡ് മൂവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം ഓട്ടോ ഡ്രൈവറായ പ്രകാശന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. ദിനേഷ് പ്രഭാകറാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്നത്. അനഘ ജാനകിയാണ് നായിക. നോബി, സാജു നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button