1996-ഓണക്കാലം, മലയാള സിനിമാ വിപണിയില്‍ വലിയ വരവറിയിച്ചു കൊണ്ടാണ് മോഹന്‍ലാലിന്‍റെ ദി പ്രിന്‍സും, മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥവും പ്രദര്‍ശനത്തിനെത്തിയത്, രണ്ടു ചിത്രങ്ങളും അന്നത്തെ ചെലവേറിയ ചിത്രങ്ങളായിരുന്നു, കുടുംബ സിനിമകളില്‍ നിന്നു മാറി വ്യത്യസ്ത പ്രമേയവുമായിട്ടായിരുന്നു മമ്മൂട്ടിയുടെ വരവെങ്കില്‍ താരമൂല്യം ഉപയോഗിച്ച് കൊണ്ടുള്ള ആക്ഷന്‍ ടൈപ്പ് കഥാപാത്രവുമായിട്ടായിരുന്നു മോഹന്‍ലാലിന്‍റെ വരവ്, എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ നിലംപൊത്തുകയായിരുന്നു.
ഹരിദാസ് സംവിധാനം ചെയ്ത ഇന്ദ്രപ്രസ്ഥത്തില്‍ വലിയ ഒരു താരനിര തന്നെ അണിനിരന്നിരുന്നു, വിക്രം സിമ്രാന്‍ എന്നിവരായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ മറ്റു അഭിനേതാക്കള്‍, മലയാള സിനിമയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ഒരു പരീക്ഷണ ചിത്രമായിരുന്നു ഇന്ദ്രപ്രസ്ഥം, എന്നാല്‍ തിരക്കഥയുടെ ബലമില്ലായ്മയും പ്രേക്ഷകര്‍ക്ക് പരിചിതമല്ലാത്ത ശൈലിയിലെ അവതരണവും ചിത്രത്തിന് വിനയായി.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദി പ്രിന്‍സിലും പ്രകാശ് രാജ് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ താരങ്ങളും അണിനിരന്നിരുന്നു, ടിഎ റസാക്ക് സംഭാഷണം നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സംവിധായകനായ സുരേഷ് കൃഷ്ണ തന്നെയായിരുന്നു, ആക്ഷന്‍ പ്ലസ് ഫാമിലി മൂഡില്‍ പറഞ്ഞ ദി പ്രിന്‍സിന്റെ അവതരണം പതിഞ്ഞ താളത്തിലുള്ളതായിരുന്നു, മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യത്തെ ഉപയോഗപ്പെടുതുന്നതിലും സിനിമ പരാജയപ്പെട്ടു, രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ ഇടറി വീണവയാണെങ്കിലും ഇന്നും മിനിസ്ക്രീനില്‍ കാഴ്ച്ചക്കാര്‍ ഏറെയുള്ള സിനിമകളാണ് ദി പ്രിന്‍സും ഇന്ദ്രപ്രസ്ഥവും..
Post Your Comments