
തെന്നിന്ത്യന്‍ താര സുന്ദരി നിത്യ മലയാളികളുടെയും പ്രിയതാരങ്ങളില്‍ ഒരാളാണ്. യുവ താരങ്ങളുടെ നായികയായി ഒരുപിടി വിജയ ചിത്രങ്ങള്‍ സ്വന്തമാക്കിയ നിത്യ മേനോനെക്കുറിച്ച് ഒരുകാലത്ത് പല വിവാദ വാർത്തകളും ആരോപണങ്ങളും ഉയർന്നു വന്നിരുന്നു. കരിയറിന്റെ തുടക്കകാലത്ത് നിർമാതാക്കളുടെ സംഘടനാഭാരവാഹികളെ താരം അപമാനിച്ചെന്നും തന്നെ കാണാനെത്തിയ അവരോട് മാനേജരെ കണ്ടാൽ മതിയെന്ന് പറഞ്ഞെന്നുമെല്ലാം വിവാദങ്ങള്‍ ഉണ്ടായിരുന്നു. അന്ന് സംഘടനയുടെ വിലക്ക് വരെ നേരിടേണ്ടി വന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ.
ഉണ്ണി മുകുന്ദനെ നായകനാക്കി ടി കെ രാജീവ് കുമാര്‍ ഒരുക്കിയ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് സംഭവം. അതിനെക്കുറിച്ച് നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…‘ഈ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് എന്റെ അമ്മയ്ക്ക് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്. രാജീവ് സാറിന്റെ സിനിമയായതു കൊണ്ടും ഞാൻ കാരണം ആ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങരുത് എന്ന നിർബന്ധം ഉള്ളതു കൊണ്ടും ഞാൻ ഷൂട്ടിങ്ങിനു വന്നു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. കാൻസറിന്റെ മൂന്നാം സ്റ്റേജായിരുന്നു അമ്മയ്ക്ക്, ഞാനാണെങ്കിൽ നന്നേ ചെറുപ്പവും. എനിക്ക് അമ്മയുടെ കൂടെ നിൽക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് മുറിയിൽ പോയി കരയുമായിരുന്നു ഞാൻ. ഷോട്ട് റെഡിയാകുമ്പോൾ മേക്കപ്പിട്ട് അഭിനയിക്കും. തിരികെ വീണ്ടും മുറിയിലെത്തി കരയും. അങ്ങനെയായിരുന്നു ആ ദിവസങ്ങൾ’ നിത്യ പങ്കുവച്ചു.
ആ സമയത്താണ് തന്നെ കാണാന്‍ ചിലര്‍ മുറിയില്‍ വന്നത്. അവരോടു താരം അപമര്യാദയായി പെരുമാറിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് മനപ്പൂര്‍വ്വം സംഭവിച്ചതല്ല. ആ സമയത്തെ തന്റെ അവസ്ഥ അവര്‍ മനസിലാക്കാത്തതാണെന്നു നിത്യ പറയുന്നു.
‘നമ്മളൊക്കെ മനുഷ്യരാണ്. മനുഷ്യരുടേതായ എല്ലാ വികാരവിചാരങ്ങളും ഉണ്ടാകും. ആ സമയത്ത് എനിക്ക് മൈഗ്രെയ്നും ഉണ്ടായിരുന്നു. ആ അസുഖം വന്നവർക്കെ ആ അവസ്ഥ മനസ്സിലാകൂ. ചിലപ്പോൾ ബാൽക്കണിയിൽ നിന്നെടുത്ത് ചാടാനൊക്കെ തോന്നും. അത്രയ്ക്ക് വേദനയാണ്. അങ്ങനെ ഒരു സുഖവുമില്ലാതെ മുറിയിലിരിക്കുമ്പോഴാണ് ഒരു മുന്നറിയിപ്പുമില്ലാതെ കുറേ ആളുകൾ കയറി വന്നത്. എനിക്ക് അതിൽ ആരെയും അറിയില്ല. അറിയാൻ ശ്രമിച്ചിട്ടും ഇല്ല. വലിയ ആളുകളൊക്കെ ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞു. ഞാനാകെ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയായതിനാലും ഷൂട്ടിങ് ഉള്ളതിനാലും പിന്നീട് കാണാം എന്ന് ഞാൻ അവരോട് പറഞ്ഞുവെന്നത് ശരിയാണ്. ലൊക്കേഷനിൽ വച്ച് കാണേണ്ട എന്നേ ഉദ്ദേശിച്ചുള്ളൂ.
അവരുടെ ഈഗോയെ അതു ബാധിച്ചു. എനിക്ക് ഈഗോയാണെന്ന് അവർ പറഞ്ഞു. പക്ഷേ എനിക്കല്ല അവർക്കാണ് ഇൗഗോ. ഞാൻ അതെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. പിന്നെ അതു വിടാൻ തീരുമാനിച്ചു. അത് വലിയ കാര്യമൊന്നും അല്ല എന്ന് മനസ്സിലായി. എനിക്ക് സന്തോഷമായിരിക്കാനാണ് ആഗ്രഹം. നല്ല സിനിമകൾ ചെയ്യണമെന്ന് മാത്രമാണ് ലക്ഷ്യം. എനിക്ക് വിലക്ക് ലഭിച്ചുവെന്ന് പലരും പറയുന്നു. പക്ഷേ ആ സമയത്താണ് ഞാൻ ഉസ്താദ് ഹോട്ടൽ ഷൂട്ട് ചെയ്തതും.’ നിത്യ വെളിപ്പെടുത്തി
Post Your Comments