അഭിനയ ലോകത്ത് നാല് പതിറ്റാണ്ടായി ജ്വലിച്ചു നില്ക്കുന്ന താര രാജാവ് ഇനി സംവിധായകന്റെ റോളില്‍. മലയാളികളുടെ പ്രിയനടന് മോഹന്‍ലാല്‍ സംവിധായകനാവുന്നു. ‘ബറോസ്- ഗാര്ഡിയന് ഓഫ് ദ ഗാമാസ് ട്രഷര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവോദയയുമായി ചേര്‍ന്നുള്ള ത്രീ-ഡി ചിത്രമായിരിക്കുമിതെന്നു ബ്ലോഗിലൂടെ താരം വെളിപ്പെടുത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതാവും ചിത്രമെന്നും മോഹന്‍ലാല്‍ കുറിക്കുന്നു.
സിനിമ ഗോവയിലാവും ചിത്രീകരിക്കുക. ഒരു തുടര്സിനിമയാകും ബറോസ്സെന്നും ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബറോസായി താന്‍ തന്നെയാവും അഭിനയിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈ ഡിയര്‍ കുട്ടിച്ചാത്തന് സിനിമയുടെ സംവിധായകന് ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.
സംവിധാനം എന്ന കിരീടത്തിന്റെ ഭാരം തനിക്ക് നന്നായി അറിയാമെന്നും ഇപ്പോള്‍ തന്റെ ശിരസ്സിലേക്കും ആ ആ ഭാരം അമരുകയാണ്. കുറേശ്ശേക്കുറേശ്ശെ താനത് അറിഞ്ഞു തുടങ്ങുന്നു, എന്റെ രാവുകള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. ഈ അവസ്ഥകളില്‍ നിന്നും ബറോസ്സ് പുറത്ത് വരും കയ്യില്‍ ഒരു നിധി കുംഭവുമായി’ എന്നും താരം പറയുന്നു
വാസ്കോഡഡാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നത്. നാനൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം . ‘എനിക്ക് ലോക സിനിമ ചെയ്യാനാണിഷ്ടം’ എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ. ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments