നടി സോണിയ എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ പരിച്ചയമുണ്ടാകണമെന്നില്ല, പക്ഷെ ‘മൈഡിയര്‍ കുട്ടിച്ചത്താന്‍’, ‘നൊമ്പരത്തിപൂവ്’, തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ കൊച്ചു മിടുക്കിയെ ആരും മറക്കാനിടയില്ല, കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാല്‍ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മാണിക്യനെ മോഹിച്ച കുയിലിയായി വേഷമിട്ടതും സോണിയയായിരുന്നു, അധികകാലം മലയാള സിനിമയുടെ ഭാഗമാകാതെ സിനിമയോട് ബൈ പറഞ്ഞു കുടുംബ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു സോണിയ. പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് സോണിയക്ക് ലഭിച്ചിരുന്നു.
ബാലതാരമായി മലയാള സിനിമയില്‍ മിന്നി നിന്ന സോണിയ നായികാ പ്രാധാന്യമുള്ള വേഷങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിയാതിരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ്.
“സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണ്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു,അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല,പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല, ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ സിനിമയൊന്നും വേണ്ടായെന്ന് ഓര്‍ത്ത് കരയുന്ന ആളാണ് ഞാന്‍, ഒരു സെല്‍ഫി എടുത്തു നോക്കുമ്പോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകും, അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത് ഞാനിപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന്” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നടി സോണിയ വ്യക്തമാക്കുന്നു.
Post Your Comments