GeneralLatest NewsMollywood

സുരേഷ് ഗോപി മുതല്‍ ജഗതി ശ്രീകുമാര്‍ വരെ; സേതുരാമയ്യരുടെ അഞ്ചാം വരവില്‍ യുവനടനും

സേതുരാമന്റെ സഹായി ആയ ഹാരിയെന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.

സേതുരാമയ്യരായി മമ്മൂട്ടിയുടെ അഞ്ചാം വരവ് ഉടന്‍. സിബിഐ ഓഫീസര്‍ സേതുരാമയ്യരായി എത്തിയ നാല് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനു പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ട്.

1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പാണ് സീരീസിലെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ മുകേഷിനും ജഗതി ശ്രീകുമാറിനുമൊപ്പം സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. സേതുരാമന്റെ സഹായി ആയ ഹാരിയെന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. 1989ല്‍ രണ്ടാം ഭാഗമായ ജാഗ്രത എത്തി. എന്നാല്‍ രണ്ടാംഭാഗം മുതല്‍ സുരേഷ് ഗോപി ചിത്രത്തിന്‍റെ ഭാഗമായില്ല. മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐയില്‍ ഈശോ അലക്‌സ് എന്ന കഥാപാത്രമായി കലാഭവന്‍മണിയും ഉണ്ടായിരുന്നു.

2005ല്‍ ഇറങ്ങിയ നേരറിയാന്‍ സിബിഐ ആയിരുന്നു നാലാം ഭാഗം. ഈ ചിത്രത്തില്‍ തിലകന്‍, ജിഷ്ണു, ഗോപിക, സംവൃത സുനില്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താര നിര അണിനിരന്നിരുന്നു. മമ്മൂട്ടിയുടെ വലംകൈയായ ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ അഞ്ചാം ഭാഗം എത്തുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. വിക്രമായി ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുമോ എന്നാണു ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി സിബിഐയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനായാണ് എത്തുകയെന്നു റിപ്പോര്‍ട്ട്. കൂടാതെ ഒരു യുവനടനും ചിത്രത്തില്‍ പ്രധാന റോളിലെത്തുമെന്നും സൂചന.

shortlink

Related Articles

Post Your Comments


Back to top button