മലയാളത്തിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘ലൂസിഫര്‍’ അത് പ്രഖ്യാപിക്കപ്പെട്ട നാള്‍മുതല്‍ക്കേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ വലിയ ആരാധക വൃന്ദത്തിനു നിറഞ്ഞാടാന്‍ ഒരു സിനിമ എഴുതുന്നുവെന്ന പ്രഖ്യാപനത്തോടെ മുരളി ഗോപിയും അവര്‍ക്കൊപ്പം കൂട്ട് ചേര്‍ന്നു. ആശിര്‍വാദിന്റെ നിര്‍മ്മാണത്തിന് കീഴില്‍ വീണ്ടുമൊരു ‘മോഹന്‍ലാല്‍ ഷോ’ എന്ന സ്റ്റൈലോടെ ലൂസിഫര്‍ സോഷ്യല്‍ മീഡിയയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടു!. പൃഥ്വിരാജ് എന്ന ആക്ടര്‍ ഒരു സംവിധായകനെന്ന നിലയില്‍ ഒരു സിനിമയുടെ ദൗത്യം മുഴുവനായി ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തയും സിനിമാ പ്രേമികള്‍ക്ക് ഹരം പകര്‍ന്നു. മലയാള സിനിമാ വിപണിയില്‍ വന്‍കരുതല്‍ വച്ച് മോഹന്‍ലാല്‍ എന്ന താരപ്രഭയെ മാക്സിമം വിനിയോഗിച്ച് ലൂസിഫര്‍ ആസ്വാദകര്‍ക്കിടയിലെ ആനന്ദ ചര്‍ച്ചയാക്കി മാറ്റി . താരത്തിനപ്പുറം ലവലേശം തെറ്റില്ലാത്ത മോഹന്‍ലാല്‍ എന്ന നടന സൗകുമാര്യത്തെ അസ്സലായി സ്ക്രീനില്‍ പകര്‍ത്തി വയ്ക്കുക എന്ന ഉത്തരവാദിത്വവും പൃഥ്വിരാജ് എന്ന ഫിലിം മേക്കര്‍ ആത്മസമര്‍പ്പണത്തോടെ ഏറ്റെടുത്തു.
ലൂസിഫറിന്റെ പിറവിയ്ക്കായി മാസങ്ങളെണ്ണി കാത്തിരുന്ന ആരാധകക്കൂട്ടം ആനന്ദ നൃത്തം ചവിട്ടിയാണ് ചിത്രത്തെ തിയേറ്ററിലേക്ക് വരവേറ്റത്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ മൂര്‍ച്ച മോഹന്‍ലാല്‍ എന്ന താരത്തില്‍ പിന്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ജനിപ്പിച്ചു കൊണ്ട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം സ്ക്രീനില്‍ തെളിഞ്ഞു. മുരളി ഗോപി എന്ന റൈറ്ററുടെ ക്രാഫ്റ്റ് അടയാളപ്പെടുത്തി കൊണ്ട് ലൂസിഫര്‍ ലക്ഷ്യബോധമുള്ള ആഖ്യാന ശൈലിയോടെ ബിഗ്സ്ക്രീനില്‍ മാസായി മിന്നിക്കത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലേറ്റും മുന്‍പേ മലയാളത്തിന്റെ മഹാതാരം സ്റ്റീഫന്‍ നെടുമ്പള്ളിയായി കാഴ്ചക്കാര്‍ക്കിടയില്‍ അവതരിച്ചു, അവിടുന്നങ്ങോട്ട് മോഹന്‍ലാല്‍ എന്ന താരത്തിന്റെ ചുമലില്‍ ലൂസിഫര്‍ നാട്യങ്ങളില്ലാതെ തെളിയപ്പെട്ടു. മാസിന്റെയും, ക്ലാസിന്റെയും ഇടയില്‍ പൃഥ്വിരാജ് കരുതി വച്ച ആഘോഷത്തിന്റെ ആവേശ മിശ്രിതമെന്ന് ലൂസിഫറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. നീട്ടി വലിച്ചുള്ള എഴുത്തിനു മുരളി ഗോപി കടിഞ്ഞാണിടുമ്പോള്‍ ലൂസിഫര്‍ എല്ലാ അര്‍ത്ഥത്തിലും വൃത്തിയുള്ള വാണിജ്യ ചിത്രമായി പ്രേക്ഷക മനസ്സില്‍ തറയ്ക്കപ്പെടുന്നു. മീഡിയകളുടെ അതിപ്രസരണവും, രാഷ്ട്രീയ മുഖത്തിന്റെ തെറ്റായ നയങ്ങളെയും, കോർപറേറ്റ് കച്ചവടത്തെയും മുരളി ഗോപി എന്ന തിരക്കഥാകൃത്ത് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും ലൂസിഫര്‍ എന്ന ചിത്രം പൂര്‍ണ്ണമായും മോഹന്‍ലാല്‍ എന്ന താരത്തിലൂന്നി പറഞ്ഞ ഒരു കംപ്ളീറ്റ് ‘മോഹന്‍ലാല്‍ കൊടുംങ്കാറ്റ്’ ആണ് .
സ്ലോ പേസില്‍ അവതരിപ്പിച്ചിരിക്കുന്ന ലൂസിഫര്‍ എന്ന ചിത്രം പൃഥ്വിരാജ് എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ ഓരോ സീനിലും കയ്യടി നേടുന്നുണ്ട്. സംഭാഷണങ്ങള്‍ക്ക് സിനിമ നല്‍കുന്ന പ്രാധാന്യത്തിന്റെ മഹത്വം മനസ്സിലാക്കിയാണ് പൃഥ്വിരാജ് ലൂസിഫറിന്റെ മേക്കിങ്ങില്‍ ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. നെടുമ്പള്ളി സ്റ്റീഫനില്‍ നിന്ന് സിനിമ മാറുമ്പോഴും മറ്റു പല രംഗങ്ങളിലും ശക്തമായ സംഭാഷണങ്ങളുടെ പിന്‍ബലത്താല്‍ സിനിമ ടോപ് ഗിയറില്‍ വീഴുന്നു. അതിനെ സമര്‍ത്ഥമായി സ്ക്രീനില്‍ വിനിയോഗിക്കാന്‍ പൃഥ്വിരാജ് എന്ന സൂത്രധാരന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ പോലും അന്തസ്സായി എഴുന്നേറ്റു നിന്ന്, ഏറെ അഭിമാനത്തോടെ “ഇത് എന്റെ സിനിമ എന്ന്” പൃഥ്വിരാജിന് സധൈര്യം ഏറ്റു പറയാം. വലിയ ക്യാന്‍വാസില്‍ വളര്‍ത്തപ്പെട്ട ഈ ഭീമന്‍ ചിത്രം മോഹന്‍ലാല്‍ എന്ന താരത്തിനും നല്‍കുന്നത് വലിയ മൈലേജാണ്, ഒരുകൂട്ടം പ്രതിഭയുള്ള ആര്‍ട്ടിസ്സ്റ്റുകളാല്‍ സമ്പന്നമായ ചിത്രത്തിന് പഴയൊരു ഐവി ശശി – ടി ദാമോദരന്‍ ചിത്രത്തിന്റെ മിഴിവും, മികവുമുണ്ട്, പൃഥ്വിരാജ് പതിയിരുന്നു പരുവപ്പെടുത്തിയത് പക്വതയുള്ള ചലച്ചിത്ര കാഴ്ചയായിരുന്നുവെന്ന് കൈയ്യടികളോടെ പറയുന്നു.
ഓരോ അഭിനേതാക്കളെയും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന രീതിയൊക്കെ പൃഥ്വിരാജിന്റെ ഡെഡിക്കേഷനും, ആപ്ലിക്കേഷനും എത്രത്തോളം ഉണ്ടെന്നത് എടുത്തു കാണിക്കുന്നു. നടീ-നടന്മാര്‍ പെര്‍ഫോം ചെയ്യുന്നതിലെ കൃത്യമായ ബാലന്‍സിംഗ് പോലും ഒരു സംവിധായകനിലെ ക്രാഫ്റ്റായി അടയാളപ്പെടുമ്പോള്‍ പൃഥ്വിരാജിന് ഇനിയും ഇവിടെ നിവര്‍ന്നു നിന്ന് സിനിമ പിടിക്കാം. ത്രില്ലര്‍ ശ്രേണിയിലുള്ള ഇന്‍വസ്റ്റിഗേഷന്‍ സിനിമയല്ല ലൂസിഫര്‍, ട്വിസ്റ്റ് കൊണ്ട് കൊട്ടാരം പണിയുന്ന സിനിമയുമല്ല. നല്ല നടന്റെ നല്ല നാടന്‍ സംഘട്ടനവും, അതിലുപരി മീശപിരിയും, മുണ്ട് മടക്കി കുത്തലും ചരിഞ്ഞു നടത്തവും ഉള്‍പ്പെടെ മോഹന്‍ലാല്‍ എന്ന താരത്തെ താരാട്ടിയ സിനിമയായി ലൂസിഫര്‍ മാറുമ്പോള്‍ സമീപകാലത്തായി മോഹന്‍ലാല്‍ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രമായി മാറുന്നു സുകുമാര പുത്രന്റെ ഈ കന്നിച്ചിത്രം. നല്ല പവര്‍ഫുള്‍ ഡയലോഗുകളില്‍ നിന്ന് റിയലസ്റ്റിക്കായ സോഫ്റ്റ് സംഭാഷണങ്ങളിലേക്ക് മലയാള സിനിമ പരുവപ്പെടുമ്പോള്‍ മുരളി ഗോപി ആ പഴയ മാസ് വീമ്പ് പറച്ചില്‍ ലൂസിഫറിലൂടെ വീണ്ടും തിരികെ എത്തിക്കുന്നു, ഒരു അമാനുഷിക കഥാപാത്രത്തിന്റെ ലേബല്‍ പതിപ്പിക്കാതെ പച്ചയായ മനുഷ്യനിലെ ശരീര ഭാഷയോടെയുള്ള കരുത്തുറ്റ തനി മലയാള സംഭാഷണ സ്ഫോടനങ്ങള്‍ ലൂസിഫര്‍ എന്ന ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം മടക്കി നല്‍കുന്നു.
പ്രടകനത്തില്‍ മോഹന്‍ലാല്‍
ദേവാസുരവും, നരസിംഹവും രാവണപ്രഭുവുമൊക്കെ മോഹന്‍ലാലിന്‍റെ ചെറുപ്പ വീര്യം കാട്ടി ‘ടപേ ടപേ’ എന്ന ശൈലിയില്‍ ഡയലോഗ് പൊട്ടിച്ചപ്പോള്‍ ഇവിടെ പ്രായത്തിനനുസൃതമായ ചേര്‍ച്ചയുള്ള ചരിഞ്ഞു നടത്തമാണ് പൃഥ്വിരാജ് എന്ന സംവിധായകന്‍ മോഹന്‍ലാലില്‍ സന്നിവേശിപ്പിച്ചത്. മോഹന്‍ലാല്‍ എന്ന താര നക്ഷത്രത്തെക്കൊണ്ട് മാത്രം ചെയ്തെടുപ്പിക്കാന്‍ കഴിയുന്ന ഒരു അഡാറു പരിപാടി. പൂര്‍ണ്ണമായും സംവിധായകന്‍റെ നടനെന്ന വിശേഷണമുള്ള വിസ്മയ നടനാണ് മോഹന്‍ലാല്‍!, അത് കൊണ്ട് തന്നെ ലൂസിഫറില്‍ മോഹന്‍ലാല്‍ പലവേളയിലും മാടപ്രാവിനെപ്പോലെ പറന്നുയരുന്നു.
മറ്റു പ്രകടനങ്ങളില്‍ ടോവിനോ തോമസും,സായ് കുമാറും, ബൈജുവുമെല്ലാം കൈയ്യടിക്കാന്‍ പാകത്തിലുള്ള കലക്കന്‍ സംഭാഷണങ്ങള്‍ പറഞ്ഞു നിറഞ്ഞു നില്‍ക്കുന്നുണ്ട്. മഞ്ജു വാര്യര്‍ എക്സ്പീരിയന്‍സിന്റെ അഭിനയ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ബോളിവുഡില്‍ നിന്നെത്തിയ വിവേക് ഒബ്രോയുടെ കഥാപാത്രത്തിന്റെ ശരീര ഭാഷ അതിമാനോഹരമായി തോന്നിയില്ല. നെടുമ്പള്ളി സ്റ്റീഫന്റെ നിധിയായും, നിഴലായും സിനിമയിലെ രണ്ടാം തമ്പുരാനെന്ന ഭാവത്താല്‍ പല ഫ്രെയിമിലും പൃഥ്വിരാജ് കളം നിറയുന്നു.
ലൂസിഫറിലെ പിന്നണി സംഗീതം ദീപക് ദേവ് ത്രസിപ്പിക്കും വിധം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ സുജിത് വാസുദേവിന്റെ ക്യാമറയും നീലജലാശയ മനോഹാരിത പോലെ നിത്യയൗവ്വനമായി നിലകൊള്ളുന്നു..
അവസാന വാചകം
എല്ലാ മോഹന്‍ലാല്‍ സ്നേഹികള്‍ക്കും, അതിനപ്പുറം നിലവാരമുള്ള നല്ല വാണിജ്യ ചിത്രങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ‘സിനിമ’ എന്ന മെന്യു കാര്‍ഡ് നോക്കി ‘ലൂസിഫര്‍’ എന്ന കോളം ധൈര്യമായി ടിക്ക് ചെയ്യാം….
നിരൂപണം : പ്രവീണ്‍.പി നായര്‍
Post Your Comments