മലയാളികളുടെയും എക്കാലത്തെയും ഹിറ്റ് നായിക ഷീല വേദന മുഴുവന്‍ ഉള്ളിലൊതുക്കി ചിരിയോടെ ക്യാമറയെ അഭിമുഖീകരിക്കേണ്ടി വന്ന ഒരു സന്ദര്‍ഭത്തെക്കുറിച്ചു പങ്കുവയ്ക്കുന്നു. ഒരാളുടെ സ്വകാര്യ ദുഃഖത്തിന്റെ പേരില്‍ ഷൂട്ടിംഗ് മാറ്റിയാല്‍ നിര്‍മ്മാതാവിന് ഉണ്ടാകുക ഭീമമായ നഷ്ടമാണ്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചു രവി മേനോന് നല്കിയ അഭിമുഖത്തി ഷീല തുറന്നുപറയുന്നു.
അശ്വമേധത്തിലെ ഗാനചിത്രീകരണത്തിനിടയിലെ അനുഭവമാണ് താരം വ്യക്തമാക്കിയത്. ഏഴ് സുന്ദരരാത്രികള്‍ എന്ന ഗാന ചിത്രീകരണത്തിനിടയിലായിരുന്നു താന്‍ കൂട്ടുകാരിയെ പോലെ കരുതിയ മൂത്ത ചേച്ചി ശരണ്യ ആശുപത്രിയിലാണെന്ന അറിഞ്ഞത്. പ്രണയാദ്രമായ ആ ഗാനരംഗത്തില്‍ താനഭിനയിച്ചത് എങ്ങനെയാണെന്ന് ഇപ്പോഴും ഓര്‍ക്കാനാവില്ലെന്ന് താരം പറയുന്നു. പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു പാട്ടിലെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതായിരുന്നില്ല അവസ്ഥ.
”ചേച്ചി ആശുപത്രിയില്‍ ആണെന്ന് അപ്രതീക്ഷിതമായി കേട്ട വാര്‍ത്ത തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. വലിയൊരു ഷോക്കായിരുന്നു അത്. തനിക്കേറ്റവും അടുപ്പമുള്ള ചേച്ചിയായിരുന്നു.കൂട്ടുകാരികളെപ്പോലെയായിരുന്നു തങ്ങള്‍. തലേ ദിവസവും താന്‍ ചേച്ചിയെകാണുകയും ഒരുമിച്ചു ഷോപ്പിംഗിനൊക്കെ പോയി സന്തോഷത്തോടെ മടങ്ങുകയും ചെയ്തതാണ്. അസുഖമൊന്നും ഉണ്ടായിരുന്നില്ല, പെട്ടെന്ന് എന്ത് സംഭവിച്ചുവെന്ന ആധിയിലായിരുന്നു. വലിയ തുക മുടക്കി ഇട്ട സെറ്റായതിനാല്‍ ചിത്രീകരണം മാറ്റാനാവില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പരാമവധി വേഗം ചിത്രീകരണം തീര്‍ത്ത് തരാമെന്നായിരുന്നു അവര്‍ പറഞ്ഞത്. അങ്ങനെയാണ് അതിനായി സമ്മതിച്ചത്. ഓരോ ഷോട്ട് കഴിയുന്നതിനിടയിലും താന്‍ ആശങ്കയോടെ എവിടെയെങ്കിലും പോയിരിക്കുമായിരുന്നു. ഷോട്ട് റെഡിയാവുമ്പോഴായിരുന്നു തിരിച്ചെത്തുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കി ആശുപത്രിയിലെത്തിയപ്പോളാണ് ചേച്ചി നേരത്തെ തന്നെ യാത്രയായിയെന്നറിഞ്ഞത്. ട്യൂബല്‍ പ്രഗ്നന്‍സി ആയിരുന്നു മരണകാരണം. നേരത്തെ തന്നെ മരണവാര്‍ത്ത അറിഞ്ഞിട്ടും തന്നെ അറിയിക്കാതെ മറച്ചുപിടിക്കുകയായിരുന്നു അവര്‍. താന്‍ കരഞ്ഞ് ബഹളം വെച്ച് ചിത്രീകരണം മുടങ്ങിയാലോ എന്ന ഭയമായിരുന്നു എല്ലാവര്ക്കും.” ഷീല പങ്കുവച്ചു.
Post Your Comments