
മലയാള സിനിമയിലെ നാരദര് എന്ന വിളിപ്പേര് നടന് ടിപി മാധവന് വരാനുണ്ടായ പ്രധാന കാരണം അദ്ദേഹത്തെ കാണാന്‍ കഴിയാത്ത ഒരു ഫ്രെയിമും മലയാള സിനിമയില്‍ ഒരുകാലത്ത് ഇല്ലാതിരുന്നത് കൊണ്ടാണ്.
മലയാള സിനിമയുടെ കാരണവര്‍ നടന് മധുവാണ് ടിപി മാധവന് സിനിമയിലേക്കുള്ള എന്‍ട്രി നല്‍കുന്നത്. മധുവുമായുള്ള ചങ്ങാത്തം ടിപി മാധവനെ മലയാള സിനിമയുടെ സജീവ താരമാക്കി. പിന്നില്‍ നിന്ന് തട്ടി വിളിച്ചു പരിചയപ്പെട്ട ടിപി മാധവന് സിനിമയുടെ പുതിയ ലോകം തുറന്നു കൊടുത്താണ് മധു അദ്ദേഹത്തിന്റെ ജീവിതത്തില്‍ കരുത്തായത്.
മധു സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളിലും ടിപി മാധവന് വേഷമിട്ടു.മധുവിന്റെ ഒരു സിനിമയില്‍ അദ്ദേഹം ഹീറോയായും അഭിനയിച്ചു. 1980-കളിലും 90-കളിലുമൊക്കെ എല്ലാ സിനിമയിലും ഒരു ചെറിയ റോളെങ്കിലും ടി.പി മാധവന് സംവിധായകര്‍ കരുതിവെച്ചിരുന്നു.
500-ലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച ടി.പി മാധവന് നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2016-ല്‍ പുറത്തിറങ്ങിയ ‘മാല്‍ഗുഡി ഡെയ്സി’ലാണ് ഒടുവിലായി അഭിനയിച്ചത്. പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി എൻ ഗോപിനാഥൻ നായരുടെ അനന്തരവനാണ് ടി.പി മാധവന്.
Post Your Comments