മലയാളത്തിന്റെ പ്രമുഖ തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരിക്കുകയാണ്. നടനെ വെന്റിലേറ്റരില്‍ നിന്നും മാറ്റിയെന്നും ആരോഗ്യ സ്ഥിതി വീണ്ടെടുത്തു തുടങ്ങിയെന്നും സത്യന് അന്തിക്കാട് പറയുന്നു.
മാതൃഭൂമി നടത്തുന്ന അക്ഷരോത്സവത്തില്‍ അതിഥിയായി എത്തിയ സത്യന് അന്തിക്കാട് ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ചും തുറന്നു പറയുന്നു. ” ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടെ വരാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത സമയത്താണ് ശ്രീനിക്ക് രണ്ട് ദിവസം മുന്‍പ് ശ്വാസതടസം ഉണ്ടായത്. വി.എം വിനുവിന്റെ പടത്തിന്റെ ഡബ്ബിങ്ങിന് പോയതാണ്. മാധ്യമങ്ങളിലും മറ്റും വ്യാജമായ പല വാര്‍ത്തകളും വരുന്നതുകൊണ്ടാണ് ഞാന്‍ സത്യസന്ധമായ കാര്യം പറയുന്നത്. ശ്രീനിക്ക് ശ്വാസംമുട്ടല്‍ ഉണ്ടായി. വിനു പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും അദ്ദേഹം വളരെ അവശനായിരുന്നു. വിനു പറഞ്ഞത് വെള്ളത്തില്‍ ഒരാളെ മുക്കി പിടിച്ചാല്‍ എങ്ങനെയായിരിക്കും, അതായിരുന്നു ശ്രീനിവാസന് വണ്ടിയില്‍വച്ച് കാണിച്ച വെപ്രാളം എന്നാണ്. ” സത്യന് അന്തിക്കാട് പങ്കുവച്ചു.
ഈ പരിപാടിയുടെ കാര്യം പറഞ്ഞപ്പോള്‍ ‘താന്‍ പോണം ഞാന്‍ അവിടെ വേദിയില്‍ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ട് നിങ്ങള്‍ സംസാരിക്കണ’മെന്ന് ശ്രീനി പറഞ്ഞതായും സത്യന് കൂട്ടിച്ചേര്‍ത്തു.
Post Your Comments