കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയുണ്ടാകില്ല, സിനിമയിലായാലും അതിനു മാറ്റമില്ല സ്ക്രീനില്‍ ഒരു കുരുന്നു കുസൃതിക്കുടുക്കയെ കണ്ടാല്‍ നമുക്ക് ലാളിക്കാനും സ്നേഹിക്കാനുമൊക്കെ തോന്നും, കമല്‍ സംവിധാനം ചെയ്ത ‘തൂവല്‍ സ്പര്‍ശം’ എന്ന സിനിമയിലെ ബേബി ഫര്‍ഹാന ഒറ്റ സിനിമ കൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ആറുമാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ഫര്‍ഹാന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രീകരണ സമയത്തെ കുട്ടിയുമായുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായന്‍ ലാല്‍ ജോസ്.
“‘തൂവല്‍ സ്പര്‍ശം’ എന്ന സിനിമയുടെ ചിത്രീകരണം വളരെ രസകരമായിരുന്നു. അതില്‍ അഭിനയിച്ച ‘മിട്ടി’ എന്ന് വിളിക്കുന്ന ഫര്‍ഹാനയെ കരയിപ്പിക്കാതെ കളിപ്പിച്ച് ചിരിച്ച് നിര്‍ത്തുന്ന ജോലിയായിരുന്നു കമല്‍ സാര്‍ ഒരു സഹസംവിധായകനെന്ന നിലയില്‍ എനിക്ക് നല്‍കിയത്. അവളെ സെറ്റില്‍ മുഴുവന്‍ എടുത്തോണ്ട് നടന്നതും അവളെ ഒത്തിരി സ്നേഹിച്ചു ലാളിക്കുകയുമൊക്കെ ചെയ്തത് മറക്കാനാവാത്ത നിമിഷങ്ങളാണ്, സിനിമ കഴിഞ്ഞു അവള്‍ പോയത് വല്ലാത്ത വേദനയുണ്ടാക്കി. ഫ്ലാറ്റിലെ രണ്ടു റൂമുകള്‍ ചിത്രീകരണത്തിനായി ഒരേ സമയം സെറ്റ് ചെയ്താണ് കുട്ടിയുടെ സീനുകള്‍ എടുത്ത് തീര്‍ത്തത്, കുഞ്ഞു കരയുകയാണെങ്കില്‍ ഒരു റൂമിലും, ചിരിക്കുകയാണെങ്കില്‍ മറ്റൊരു റൂമിലും, അങ്ങനെ കുറച്ചു ബുദ്ധിമുട്ടി ചെയ്യേണ്ടി വന്ന സിനിമയാണ് ‘തൂവല്‍ സ്പര്‍ശം’,അതിലുപരി ഞാന്‍ ആസ്വദിച്ച് ചെയ്ത സിനിമയാണ്. ചിത്രീകരണ സമയത്ത് അവളെ പ്ലസന്റായി നിര്‍ത്തേണ്ട ചുമതലയും എനിക്കായിരുന്നു ഞാന്‍ പിന്നില്‍ നിന്ന് ഓരോ കോപ്രായങ്ങള്‍ കാണിച്ച് അവളെ ചിരിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു”.
സുരേഷ് ഗോപി മുകേഷ് സായ്കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിലെ ചിത്രീകരണ അനുഭവം ഒരിക്കലും മറക്കാനാകാത്തതാണെന്നും ലാല്‍ ജോസ് ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments