മോഹന്‍ലാല്‍ എന്ന നടന്റെ ഉദയത്തിനു പിന്നില്‍ ഫാസില്‍ എന്ന സംവിധായകന് നിര്‍ണായക പങ്കുവഹിച്ചങ്കില് മോഹന്‍ലാലിന്റെ തുടക്ക കാലത്തെ കരിയറില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ നല്കി അദ്ദേഹത്തെ പ്രേക്ഷകരുടെ കണ്ണില്പ്പെടുത്തിയത് ഭദ്രന് എന്ന സംവിധായകനാണ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പരമാര്‍ശിക്കുമ്പോള്‍ ഭദ്രന് എന്നെ ഫിലിം മേക്കറുടെ പങ്ക് ചിലരെങ്കിലും വിസ്മരിക്കാറുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ പല അഭിമുഖ സംഭാഷണങ്ങളിലും ഭദ്രന് സിനിമകള്‍ തനിക്ക് നല്കിയ ഇമേജിനെക്കുറിച്ച് മറന്നു പോകാതെ പറയാറുണ്ട്.
1982-ല്‍ പുറത്തിറങ്ങിയ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനം കീഴടക്കിയ മോഹന്‍ലാല്‍ പിന്നീടു നിരവധി ഭദ്രന് സിനിമകളില്‍ നിറഞ്ഞാടി. യുവത്വങ്ങളെ ഹരം കൊള്ളിച്ച സ്ഫടികവും, കുട്ടികള്‍ക്ക് പ്രിയങ്കരനായ അങ്കിള്‍ ബണ്ണുമൊക്കെ മോഹന്‍ലാല്‍ ഭദ്രന് കൂട്ടുകെട്ടില്‍ പിറവിയെടുത്ത സിനിമകളാണ്. ‘പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ നെഗറ്റീവ് കഥാപാത്രം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പിന്നീടു മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍ താര നിരയിലേക്ക് ഉയരുന്നതില്‍ ഈ സിനിമ നിര്‍ണായകമാകുകയും ചെയ്തു.
ഫാസില്‍, കമല്‍, സത്യന് അന്തിക്കാട്, സിബി മലയില്‍, ജോഷി എന്നീ മുന്‍നിര സംവിധായകരുടെ പേരുകള്‍ മോഹന്‍ലാല്‍ എന്ന നടനുമായി കൂട്ടി വായിക്കുമ്പോള്‍ ഭദ്രന് എന്ന സംവിധായകന് മോഹന്‍ലാലിന് നല്കിയ നല്ല കഥാപാത്രങ്ങളെക്കുറിച്ച് അധികമാരും വിലയിരുത്തി കാണാറില്ല. ‘രാജാവിന്റെ മകന്റെ’ വിജയമാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ താര വളര്‍ച്ചയ്ക്ക് കരുത്തായതെങ്കില്‍ ‘സ്ഫടികം’ പോലെയൊരു ശക്തമായ ഫാമിലി ആക്ഷന്‍ സിനിമ മോഹന്‍ലാലിന്റെ കരിയറില്‍ ഇതുവരെയും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ ജനപ്രിയ സിനിമകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഫടികത്തിന്റെ സൂത്രധാരന്‍ മോഹന്‍ലാല്‍ എന്ന മികച്ച നടനെയോര്‍ത്ത് എന്നും അഭിമാനിക്കാം.
Post Your Comments