കൊല്ലം : ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുന്നു. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്തുകയാണ്. സിനിമാ താരങ്ങളും ആലപ്പാട് ജനതയ്‌ക്കൊപ്പം നിൽക്കുകയാണ്. ഈ സംഭവങ്ങൾക്കിടെയാണ് ദിലീപിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രവും ചര്‍ച്ചയാകുന്നത്.
മാറങ്കര എന്ന നാടിനെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും ദിലീപിന്റെ വക്കീല്‍ കഥാപാത്രം കോടതിയില്‍ വിവരിക്കുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ‘മാറങ്കരയിലെ മണലില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സിന് ആഗോള മാര്‍ക്കറ്റില്‍ കോടിക്കണക്കിനു രൂപയുടെ വിലയുണ്ട്. ഇവിടെയുള്ള രാഷ്ട്രീയക്കാരും സാമുദായിക നേതാക്കന്മാരും വന്‍വ്യവസായികളും ആരും ഈ പാവങ്ങളുടെ കൂടെയില്ല. മാറങ്കരയ്ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇത് അവരെ നേരിട്ടു ബാധിക്കാത്ത വിഷയമായതുകൊണ്ട് താല്‍പര്യവുമില്ല. അതുകൊണ്ടാണ് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ മാറങ്കരയിലെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത്. ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്.’
സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്നീ ഹാഷ്ടാഗുകളോടെയാണ് പാസഞ്ചറിലെ രംഗം ഷെയര്‍ ചെയ്യപ്പെടുന്നത്. ദിലീപിന്റെ വക്കീല്‍ കഥാപാത്രം പറയുന്ന ഡയലോഗ് ഇന്ന് ആലപ്പാടിനു വേണ്ടി സമൂഹമാധ്യമങ്ങളിലെ സുഹൃത്തുക്കള്‍ ആവര്‍ത്തിക്കുന്നു ‘ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനും ഉണ്ട്.’
Post Your Comments