
മലയാളികളെ എന്നും ഹരം കൊള്ളിച്ച മോഹന്‍ലാല്‍ ചിത്രങ്ങളാണ് ആറാംതമ്പുരാൻ, രാവണപ്രഭു എന്നിവ. ഈ ചിത്രങ്ങളിലെ വിവാദ ഡയലോഗുകളെക്കുറിച്ച് മനസ്സുതുറക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്ത്. ആറാം തമ്പുരാനില്‍ ജഗന്നാഥന് പറയുന്ന മലപ്പുറത്ത് ബോംബ് കിട്ടുമെന്ന ആ ഡയലോഗിന്റെ പേരില്‍ തന്നെ മനസ്സിലാക്കിയവരാരും വിമർശിച്ചിട്ടില്ലെന്ന് രഞ്ജിത്ത് സിനിമാ പാരഡൈസോ ക്ലബ്ബിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”എന്നെ മനസ്സിലാക്കിയിട്ടുള്ളവരാരും ഈ ഡയലോഗിന്റെ പേരിൽ എന്നെ വിമർശിച്ചിട്ടില്ല. യാഥാർഥ്യബോധമുള്ള മലയാളിക്കറിയാം, കണ്ണൂരിലും തിരുവനന്തപുരത്തും പൊട്ടിയ ബോംബൊന്നും മലപ്പുറത്ത് പൊട്ടിയിട്ടില്ലെന്ന്. അതുകൊണ്ട് തന്നെ മലപ്പുറത്തുകാർക്ക് ഇതേപ്പറ്റി യാതൊരു പരാതിയുമില്ല. അവിടെ എനിക്ക് ധാരാളം കൂട്ടുകാരുണ്ട്. അതേസമയം കണ്ണൂരിൽ ബോംബ് കിട്ടുമെന്ന് പറഞ്ഞാൽ അത് പ്രകടമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ആർഎസ്എസിനും എതിരായി മാറും. പിന്നെ ഞാൻ കോൺഗ്രസുകാരനായി മാറും. ചിലർ തന്നില്‍ ഒരു സംഘപരിവാറുകാരനുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. അയാൾ മലപ്പുറം എന്ന് അടിവരയിട്ട് എഴുതിയതിന് പിന്നിൽ അങ്ങനെയൊരു ഉദ്ദേശ്യമുണ്ടോ എന്നും ചിലർ പരിശോധിക്കുകയാണ്. മലപ്പുറത്ത് മുസ്ലിം വിഭാഗക്കാർ മാത്രമേ ഉള്ളൂവെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. അങ്ങനെയല്ല, അവിടെയുള്ളത് മനുഷ്യരാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെയും വിവരമില്ലായ്മയുടെയും പ്രശ്നമാണിത്.
ഒരാളെ ചാപ്പകുത്തി മാറ്റിനിർത്താനുള്ള ശ്രമം നടത്തരുതെന്നും ഈ തിരക്കഥകളിലൊന്നും എന്തെങ്കിലും തെറ്റ് പറ്റിയെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്ന് തുറന്നു പറഞ്ഞ താരം അങ്ങനെയെങ്കിൽ എല്ലാ സിനിമകളും തെറ്റായെന്ന് തോന്നണ്ടേയെന്നും ചോദിക്കുന്നു
ഒരു സിനിമയിലെ സംഭാഷണങ്ങൾ കഥാപാത്രത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകുന്നതാണെന്നും ഇതുമുഴുവൻ അത് എഴുതിയ ആളുടെകാഴ്ച്ചപാടാണ് എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. വടക്കൻ വീരഗാഥയില്‍ ചന്തു സ്ത്രീകളെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ, അത് എംടി വാസുദേവൻനായരുടെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് പിടിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു
Post Your Comments