CinemaMollywoodNEWS

മോഹന്‍ലാല്‍ നല്‍കിയ ഭാഗ്യമാണ് ‘ആറാം തമ്പുരാന്‍’, ജഗന്നാഥനെന്ന് മകന് പേരും നല്‍കി; ഷാജി കൈലാസ്

മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീമിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘ആറാം തമ്പുരാന്‍’. 1997-ല്‍ പുറത്തിറങ്ങിയ ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ ചിത്രങ്ങളില്‍ ഒന്നായി മാറി. ‘കണിമംഗലം ജഗന്നാഥന്‍’ എന്ന കഥാപാത്രം പ്രേക്ഷക മനസ്സില്‍ ആഴത്തില്‍ പതിക്കപ്പെട്ടു. കേരളത്തിലെ തിയേറ്ററുകളില്‍ ഇരുനൂറോളം ദിവസങ്ങള്‍ തകര്‍ത്തോടിയ ‘ആറാം തമ്പുരാന്‍’ മലയാള സിനിമയുടെ വാണിജ്യ നിരയില്‍ തലയെടുപ്പുള്ള ചലച്ചിത്ര കാഴ്ചയായി.

‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തെക്കുറിച്ച് ആദ്യം ആലോചിക്കുമ്പോള്‍ മോഹന്‍ലാല്‍ മനസ്സില്‍ ഇല്ലായിരുന്നുവെന്നും, ‘അസുരവംശം’ എന്ന സിനിമയ്ക്ക് ശേഷം താനും രഞ്ജിത്തും ആറാം തമ്പുരാന്‍റെ കഥ പതിയെ രീതിയില്‍ ഡെവലപ് ചെയ്തു കൊണ്ടു വന്നപ്പോള്‍ മോഹന്‍ലാല്‍ അതിലേക്ക് ആകസ്മികമായി വരികയായിരുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.

“മണിയന്‍പിള്ള രാജു ചേട്ടനോടാണ് ഞങ്ങള്‍ ഈ കഥ ആദ്യം പറയുന്നത്,പിന്നീട് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വിളിച്ചു. നിങ്ങളുടെ കഥ മോഹന്‍ലാലിന് ചെയ്യാന്‍ കഴിയുന്ന സബ്ജക്റ്റ് ആണോ എന്ന് ചോദിച്ചു. അങ്ങനെ ആറാം തമ്പുരാന്റെ കഥ മോഹന്‍ലാലിന് വേണ്ടി കുറച്ചൂടി വിശാലമായ രീതിയില്‍ വികസിപ്പിച്ചു.

 

എനിക്ക് ഒരുപാട് ഭാഗ്യം നല്‍കിയ സിനിമയാണ് ‘ആറാം തമ്പുരാന്‍’ ,അഭിനയ കലയുടെ എല്ലാം എല്ലാമായ ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ ലഭിച്ച ആദ്യ അവസരമായിരുന്നു അത്, ‘ആറാം തമ്പുരാന്‍’ സിനിമ ഇറങ്ങിയ ശേഷമാണ് എനിക്കൊരു മകന്‍ ജനിക്കുന്നത്, ഞാന്‍ അവന് ‘ജഗന്നാഥന്‍’ എന്ന പേരും നല്‍കി”.

രഞ്ജിത്ത് തിരക്കഥ രചിച്ച ആറാം തമ്പുരാനില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു, ‘ഉണ്ണി മായ’ എന്ന കഥാപാത്രത്തെ പ്രേക്ഷക പ്രീതി നേടും വിധം മനോഹരമാക്കിയ മഞ്ജു മോഹന്‍ലാലിനോളം ആറാം തമ്പുരാനില്‍ നിറഞ്ഞു നിന്നു. സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനും, മഞ്ജു വാര്യര്‍ക്കും പുറമേ ഒരു വമ്പന്‍ താരനിര തന്നെയുണ്ടായിരുന്നു!. കൊളപ്പുള്ളി അപ്പന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച നരേന്ദ്രപ്രസാദാണ് ആറാം തമ്പുരാനില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ മറ്റൊരു താരം.

 

shortlink

Related Articles

Post Your Comments


Back to top button