മലയാളത്തില്‍ പലപ്പോഴും വിവാദത്തിലായ സംവിധായകനാണ് വിനയന്. തന്റേതായ നിലപാടുകള്‍ ഇപ്പോഴും തുറന്നു പറയുന്ന വിനയന് മോഹന്‍ലാലുമായുള്ള ചിത്രത്തിന് സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുന്നു. അന്നും ഇന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന് മോഹന്‍ലാലാണെന്ന് വിനയന്. മോഹന്‍ലാലിനോട് തനിക്ക് യാതൊരു വിദ്വേഷവുമില്ല. പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ വിനയന് വ്യക്തമാക്കി.
താനൊരുക്കിയ ഊമപ്പെണ്ണിന്റെ ഉരിയാടാ പയ്യന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ താനും മോഹന്‍ലാലും ഒരേ ഹോട്ടലിളായിരുന്നു താമസിച്ചിരുന്നത്. ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. അവിടെ വെച്ച് മോഹന്‍ലാലിനെ കാണുകയും ഒരു പടം ചെയ്യുന്ന കാര്യങ്ങള്‍ സംസാരിച്ച് ഉറപ്പിക്കുകയും ചെയ്തിരുന്നു. സബ്ജക്ട് ആയ ശേഷം മോഹന്‍ലാലിനെ വന്ന് കാണാമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ആ സമയത്തായിരുന്നു എഗ്രിമെന്റില്‍ നടന്മാര് ഒപ്പിടണമെന്ന കാര്യത്തില്‍ ഫിലിം ചേംബറും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായത്. ആ തര്‍ക്കത്തില്‍ തന്റെ നിലപാടിന് വിരുദ്ധമായ നിലപാടായിരുന്നു മോഹന്‍ലാലിന്റെത്. അതിന് പിന്നാലെ ആ ചിത്രം നടക്കാതെ പോയെന്നും വിനയന് പറഞ്ഞു.
മോഹന്‍ലാലുമായുള്ള പ്രശ്നത്തിന് മറ്റൊരു കാരണം തെറ്റിദ്ധാരണയാണ്. മോഹന്‍ലാലിനെക്കാള്‍ മികച്ച നടനാണ് സായ്കുമാര് എന്ന് താന്‍ പറഞ്ഞതായി പ്രചരിച്ചതാണ്. എന്നാല്‍ ഞാന്‍ പറഞ്ഞത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ അഭിനയവും റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ സായ്കുമാറിന്റെ അഭിനയവും കണ്ടാല്‍ മികച്ചത് സായ്കുമാറിന്റെതാണെന്നാണ്. പക്ഷെ മോഹന്‍ലാലിന്റെ ഡെഡിക്കേഷന് കാത്ത് സൂക്ഷിക്കാന്‍ സായ്കുമാറിന് കഴിയാതെ പോയി. ആദ്യചിത്രങ്ങളിലെ അഭിനയത്തില്‍ സായ്കുമാര് തന്നെയാണ് മികച്ച നടന് എന്ന കാര്യത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുയാണ്. എന്നാല്‍ ഈ വാക്യത്തെ ചില സില്ബന്തികള് ഇത് തനിക്കെതിരായി ഉപയോഗിക്കുകയായിരുന്നു. ഒരിക്കലും മോഹന്‍ലാലിനെ എതിര്‍ക്കാനായിരുന്നില്ല സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ എടുത്തത്. നമ്മുടെ ഫാന്‍സ് അസോസിയേഷനും ചില തിരുവനന്തപുരം സുഹൃത്തുക്കളുമാണ് ഇക്കാര്യം വഷളാക്കിയത്. ചിത്രമെടുത്തതിന് പിന്നാലെ താങ്കള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാവില്ലെന്ന് പോലും ഭീഷണിപ്പെടുത്തിയവരോട് താന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നായിരുന്നു മറുപടി പറഞ്ഞതെന്ന് വിനയന് പറഞ്ഞു.
Post Your Comments