GeneralLatest News

ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവരോട് നടി ശ്രീയ

ശബരിമലയിലെ സ്ത്രീപ്രവേശനം വലിയ ചര്‍ച്ചയാകുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത വിശ്വാസികളും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഈ വിഷയത്തില്‍ പ്രതികാരവുമായി എത്തിയിരിക്കുകയാണ് നടി ശ്രീയ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രീയയുടെ പ്രതികരണം

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണ രൂപം

ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണയും അമ്പലപ്പുഴയിൽ പാൽപ്പായസവും ശബരിമലയിൽ അരവണപായസവും പറശ്ശിനിക്കടവിലും കാനാടിയിലുമെല്ലാം മദ്യവും മത്സ്യവും മാംസവും കൊടുങ്ങല്ലൂരിൽ കോഴിക്കുരുതി. തൃശ്ശൂർ വടക്കും നാഥക്ഷേത്രത്തിൽ ചെന്നാൽ ആദ്യം നന്ദിയെ മണികൊട്ടി ഉണർത്തി അനുവാദം ചോദിച്ചു വേണം അകത്ത് പ്രവേശിക്കുവാൻ. എത്ര ശിവക്ഷേത്രങ്ങളിൽ ഉണ്ട് ആ ആചാരം? തൃപ്രയാർ പുഴയോട് ചേർന്നു നിൽക്കുന്നതിനാലാകാം ശ്രീരാമസ്വാമിക്ഷേത്രത്തിൽ മീനൂട്ട് എന്ന വഴിപാട് ഉള്ളത്. അതായത് വിവിധ ഹിന്ദു ക്ഷേത്രങ്ങളിലെ മൂർത്തികളുടെ പൂജയിലും, നിവേദ്യത്തിലും അവിടത്തെ ഉൽസവക്രമങ്ങളിലുമെല്ലാം വൈവിധ്യങ്ങൾ ഉണ്ട്. ഒരു അവിശ്വാസിയെ സംബന്ധിച്ച് എന്തുകൊണ്ട് വെണ്ണ നിവേദ്യവും മത്സ്യവും ഒരുപോലെ നേദ്യമായി എടുത്തുകൂടാ എന്ന ചൊദ്യം ഉന്നയിക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാൽ വിശ്വാസിക്ക് അത് ചിന്തിക്കുവാൻ പോലും സാധിക്കില്ല. ഏറ്റവും ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യണമെങ്കിൽ വിശ്വാസികളാണ് അവിശ്വാസികളല്ല ക്ഷേത്രവിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളെണ്ടതും നടപ്പിലാക്കേണ്ടതും എന്നാണ് എന്റെ അഭിപ്രായം. അവിശ്വാസികൾക്ക് വിശ്വാസികൾ പാവനമായി കരുതുന്നവയെ മാനിക്കുവാനല്ല മറിച്ചു വ്രണപ്പെടുത്തുവാനാകും ഉൽസാഹം കൂടുതൽ.

ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരാണോ? ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നവർ തീർച്ചയായും അത്തരത്തിൽ അല്ലല്ലൊ പ്രതികരിക്കുക. അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ കണ്ട് തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ല എന്നത് വ്യക്തമാണ്. ശ്രദ്ധ പിടിച്ചുപറ്റൽ, വിവാദങ്ങൾ സൃഷ്ടിക്കൽ, അവഹേളിക്കൽ അങ്ങിനെ പലർക്കും പല അജണ്ടകൾ ഉണ്ടാകാം. ദയവു ചെയ്ത് അത്തരക്കാർ ഞങ്ങൾ ഈശ്വര വിശ്വാസികളുടെ വികാരത്തെ കൂടെ കണക്കിലെടുക്കണം. വിശ്വാസികൾ അവരുടെ വഴിക്കും അവിശ്വാസികൾ അവരുടെ വഴിക്കും പോകട്ടെ എന്തിനാണ് വെറുതെ അസ്വസ്ഥത സൃഷ്ടിക്കുന്നത്?

മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ മതവിശ്വാസികളല്ലാത്തവർ കാണിക്കുന്ന അമിതാവേശം കാണുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് ശബരിമലയിലെ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് സ്ത്രീപ്രവേശനം അനുവദിക്കലാണോ കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന കാതലായ പ്രശ്നം? ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? പൊതു ഇടങ്ങളിലും ബാത്രൂമിന്റെ സ്വകാര്യതയിലും വരെ കടന്നുവരുന്ന ആൺ നോട്ടങ്ങൾ/അധിക്രമങ്ങൾ മുതൽ പൊതു ടോയ്ലറ്റുകൾ ഇല്ലാത്തതു വരെ ഉള്ള കാതലായ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. ഒരു കാര്യം കൂടെ സ്ത്രീക്കും പുരുഷനും എൽ.ജി.ബി.ടിക്കും ശുചിമുറികൾ നിലനിർത്തുന്നതിനു കൃത്യമായ കാരണം ഉണ്ടല്ലൊ. അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല,ഒരു മത വിശ്വാസത്തിന്റെയും ഭാഗമായല്ല അത് ഈ സമൂഹത്തിൽ തുടരുന്നത്.

രാഷ്ട്രീയം പോലെ അതാതു ദിവസത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഒന്നല്ല മതവിശ്വാസം. മനസ്സിലാക്കേണ്ട ഒരു കാര്യം ക്ഷേത്രവുമായി/പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യങ്ങൾ, ചരിത്രങ്ങൾ, ആചാരങ്ങൾ, തന്ത്രവിധികൾ അങ്ങിനെ അനവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും പൂജാവിധികളും മറ്റും രൂപപ്പെടുന്നത്. അതിനെ ശാസ്ത്രയുക്തിയുടേയോ നിയമത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയോ നോക്കിക്കണ്ടാൽ വിശ്വാസികൾക്ക് മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനങ്ങളിലാകും പലപ്പോഴും എത്തിച്ചേരുക. ശബരിമല, കണ്ണൂരിലെ തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രം അങ്ങിനെ ചില ക്ഷേത്രങ്ങളിലാണ് നിശ്ചിത പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അതേ മൂർത്തികൾ ഉള്ള മറ്റു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുമുണ്ട്. അതായത് മത വിശ്വാസത്തിന്റെ പല കാര്യങ്ങളും എപ്പോഴും യുക്തിഭദ്രമായ ഒന്നാകണം ഇല്ല. വിശ്വാസം നൽകുന്ന ഒരു ഊർജ്ജം ആത്മവിശ്വാസം എന്നിവ വളരെ വലുതാണ്, എന്തുകൊണ്ട് വലിയ ശാസ്ത്രഞ്ജന്മാരും ഡോക്ടർമാരുമെല്ലാം ഈശ്വര വിശ്വാസികളായി നമുക്കിടയിൽ ജീവിക്കുന്നില്ല? സ്ത്രീയും പുരുഷനും എൽ.ജി.ബി.ടിയും ഉൾപ്പെടെ എല്ലാവർക്കും അവരവരുടെ വിശ്വാസവും ആത്മാഭിമാനവും അവകാശങ്ങളും നിലനിർത്തിക്കൊണ്ട് ജീവിക്കുവാൻ വേണ്ട സാഹചര്യമാണ് ഒരുക്കേണ്ടത്.

ശബരിമലയിൽ പ്രവേശനം മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷന്മാരാണ്. അതു വിവേചനം അല്ലേ? ഒരു ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നു എന്നത് വിവേചനമായി കാണുന്നവർ എന്തുകൊണ്ട് ഭൂരിപക്ഷം ക്ഷേത്രങ്ങലിലും പൂജനടത്തുവാൻ സ്ത്രീകളെ അനുവദിക്കാത്തത് ഒരു വിഷയമായി കരുതുന്നില്ല? തീർച്ചയായും ശാബരിമലയെ ടാർഗറ്റ് ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രങ്ങൾ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയർത്തുന്നതിനും പിന്നിൽ എന്തോ ഒരു ഗൂഢമായ ഒരു അജണ്ട ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൂർണ്ണമായും ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ എന്റെ വ്യക്തിപരമായ തീരുമാനം ഇപ്പോൾ ശബരിമലയിൽ പോകേണ്ട എന്നുതന്നെയാണ്. അത് വിശ്വാസത്തിന്റെ ഭാഗമായാണ് അല്ലാതെ അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല. പാർളമെന്റ് പോലെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു സ്ഥാപനത്തിലല്ല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുനത്. വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന പവിത്രമായി കാണുന്ന ഒരിടത്തേക്കാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന രാഷ്ടീയമുതലെടുപ്പുകളും തർക്കങ്ങളും മറ്റും അതിരുവിടാതെ ഒരു സംയമനത്തിന്റെ പാതയിലൂടെ എത്രയും വേഗം തീരുമാനത്തിലെത്തുവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. സമാധാനത്തെ കുറിച്ചാണ് ശാന്തിയെ പറ്റിയാണ് മതങ്ങൾ പറയുന്നത്,സംഘർഷങ്ങളിലൂടെ ഒരു നേട്ടവും സമൂഹത്തിനു ലഭിക്കുകയില്ല.

സ്വാമി ശരണം

shortlink

Related Articles

Post Your Comments


Back to top button