കോടാമ്പക്കത്തേക്ക് വണ്ടി കയറുമ്പോള്‍ സുധീര്‍ കുമാറിന്റെ മനസ്സില്‍ നിറയെ സിനിമാ സ്വപ്നങ്ങളായിരുന്നു, മലയാള സിനിമയുടെ അമരത്ത് നായകനായി തിളങ്ങി നില്‍ക്കുന്നത് സ്വപ്നം കണ്ട സുധീര്‍ കുമാര്‍ സിനിമാ മോഹവുമായി ആദ്യം ചെന്ന് കയറുന്നത് ശ്രീകുമാരന്‍ തമ്പിയുടെ അടുത്തേക്കാണ്.
തിക്കുറുശ്ശി സുകുമാരന്‍ നായരും, പ്രേം നസീറും, മധുവുമൊക്കെ കത്തി നില്ക്കുന്ന മലയാളം ഫിലിം ഫീല്‍ഡില്‍ തനിക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ശ്രീകുകുമാരന് തമ്പി സുധീര്‍ കുമാറിനോടായി പറഞ്ഞത്, പോരാത്തതിന് ഇരുട്ടടിയെന്ന പോലെ മറ്റൊരു ചോദ്യവും ശ്രീകുമാരന്‍ തമ്പി സുധീറിനോട് ചോദിച്ചു. ‘താന്‍ കണ്ണാടി നോക്കാറില്ലേ?, ഈ മുഖവുമായിട്ടാണോ അഭിനയിക്കാന്‍ വന്നിരിക്കുന്നത്’.
ആകെ തകര്‍ന്നു പോയ സുധീര്‍ കുമാര്‍ കരഞ്ഞു കൊണ്ട് അവിടെ നിന്ന് സ്ഥലം വിട്ടു, എന്നാല്‍ താന്‍ ചാന്‍സ് ചോദിച്ച അതേ സിനിമയില്‍ തന്നെ തമ്പി സാര്‍ പിന്നീടു ഒരു ചെറിയ വേഷം തന്നിരുന്നുവെന്നു ഇന്നത്തെ മണിയന്‍പിള്ള രാജു പറയുന്നു.
അന്നത്തെ സുധീര്‍ കുമാര്‍ പിന്നീടു നല്ല നല്ല വേഷങ്ങളിലൂടെ മലയാള സിനിമയുടെ നിറ സാന്നിധ്യമായി മാറി. ബാലചന്ദ്രമേനോന്റെ ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ സുധീര്‍ കുമാര്‍ മലയാളികളുടെ സ്വന്തം മണിയന്‍പിള്ള രാജുവായി. പിന്നീടു കോമേഡിയനായും, മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചും മണിയന്‍പിള്ള രാജു മലയാള സിനിമയുടെ നെടുംതൂണായി.
Post Your Comments