മഴക്കെടുതി കേരളത്തിനു ദുരിതം വിതച്ചപ്പോള് പലരും ഏറെ വിഷമഘട്ടത്തില് നിന്ന് മുന്നേറാനുള്ള പ്രയത്നത്തിനാലായിരുന്നു. യാത്രയ്ക്കിടെയുണ്ടായ പേമാരി പെയ്ത്തിനെക്കുറിച്ച് ദുരനുഭവകരമായ ഓര്മ്മ പങ്കിടുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ഫേസ്ബുക്ക് പോസ്സിലായിരുന്നു രഘുനാഥ് പലേരി മഴക്കെടുതിയെക്കുറിച്ച് വിശദീകരിച്ചത്.
ആ വഴിയിലൂടെ വീണ്ടും രണ്ടു തവണ യാത്ര പോയി. ആദ്യ തവണ പോകുമ്പോഴും വഴിയിലെ നനവ് തോർന്നിരുന്നില്ല. രണ്ടാം തവണ തവണ യാത്ര ഇന്നലെയായിരുന്നു. ഇടപ്പള്ളിയിൽ നിന്നും ഗുരുവായൂരേക്കുള്ള പറക്കും ബസ്സിൽ കയറിയപ്പോൾ യാത്രക്കാർ കുറവ്. ആവേശത്തോടെ ഇരിപ്പിടം പിടിക്കാൻ കുതിച്ചു കയറുന്നവരിൽ പലർക്കും കയ്യിൽ ടിക്കറ്റും ചില്ലറയും ഇല്ലാതെ ബക്കറ്റും തൂക്കി കണ്ടക്ടർ മുന്നിൽ വന്നപ്പോൾ ചെറിയ തോതിൽ അമ്പരപ്പ്. ബക്കറ്റിൽ പ്രളയ ദുരിതാശ്വാസ ഫണ്ടെന്ന അക്ഷരങ്ങൾ. ചെറിയദൂര യാത്രക്കാരും വലിയദൂരക്കാരും കയ്യിൽ തടഞ്ഞത് ബക്കറ്റിൽ ഇട്ടു. ഈ ദിവസം ഈ റൂട്ടിൽ എല്ലാ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഇങ്ങിനെയാണെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രക്കാർ കുറവാണെങ്കിലും ബക്കറ്റ് നിറയുന്നുണ്ട്.
ദിവസങ്ങൾക്കു മുൻപ് കാക്കനാട് നിന്നും കോയമ്പത്തൂരേക്ക് തിരിക്കുമ്പോൾ രാവും പകലുമായി പെയ്യുന്ന മഴക്ക് ശമനമില്ലായിരുന്നു. രാവിലെ ആലുവ നനക്കുന്ന പെരിയാറിന്നു മുകളിലൂടെ വാഹനം ഓടിച്ച് അങ്കമാലിയും ചാലക്കുടിയും തൊട്ട് തൃശൂർ എത്താനായിരുന്നു വളയം പിടിച്ചത്. കളമശ്ശേരി കഴിഞ്ഞ് കമ്പനിപ്പടിയെന്ന മെട്രോ സ്റ്റേഷനു താഴെ എത്തും മുൻപേ, “വഴിയിൽ വെള്ളം കുറേശ്ശെ കയറുന്നുണ്ടെന്നും, ഓടിച്ചു കയറാം എന്ന ധൈര്യം ഉണ്ടെങ്കിൽ പോയ്ക്കോ..” എന്നും ചിലർ വാഹനത്തിന്നരികിലേക്ക് വന്ന് പറഞ്ഞു. അതൊരു അനാവശ്യ ധൈര്യമായി തോന്നിയതും വാഹനം തിരിച്ചു. പറവൂർ കൊടുങ്ങല്ലൂർ നിരത്തിൽ വെള്ളമില്ലെന്നും സുഖമായി വരാമെന്നും സന്ദേശം കിട്ടി.
വിട്ടു ആ വഴിക്ക്.
ധാരാളം കുഴികൾ ഉള്ള വഴി.
മഴ നനച്ചു പിഴിയുന്ന വഴി.
പറവൂർ എത്തും മുൻപ് വഴി നടന്നു പോകുന്നവരുടെ പാദത്തിനു മുകളിലേക്ക് വെള്ളം മുന്നിൽ ഉരുണ്ടു കൂടുന്നത് കണ്ടു. പണ്ട് വീടിന്നു ചുറ്റുമുള്ള ഇടവഴികളിൽ മുട്ടോളം വെള്ളത്തിൽ സ്ക്കൂളിൽ പോയ ചിന്തയായിരുന്നു മനസ്സിൽ.
പറവൂരും കഴിഞ്ഞ് മുന്നോട്ടുള്ള വഴിയേ വാഹനം ഓടവേ, വീതി കുറഞ്ഞ കുഴികൾ നിറഞ്ഞ നിരത്ത് നിറയെ മഴയും ആളുകളും. പിടിച്ചു നിൽക്കാതെ വഴിയിൽ നിന്നുപോകുന്ന വാഹനങ്ങൾ.
വശങ്ങളിൽ വന്നിടിക്കുന്ന ഓളങ്ങളുടെ ചിലമ്പുന്ന ശബ്ദം. സഹായം ആവശ്യപ്പെട്ട് വാഹനത്തിൽ കയറിയവരിൽ ഒരമ്മയുടെ കരച്ചിൽ. അമ്മയുടെ മനസ്സിൽ പ്രളയത്തിനും ഉപരി കുറച്ചു ദിവസം മുൻപ് മരണപ്പെട്ട ഏക മകന്റെ വിയോഗത്തീമഴ.
വാഹനത്തിൽ വെള്ളം കയറുന്നുവെന്ന് ആ അമ്മയാണ് ആദ്യം പറഞ്ഞത്.
ശരിയാണ്.
പാദം നനയുന്നുണ്ട്. അത് മുകളിലേക്ക് കയറുന്നുണ്ട്. പെഡലുകളിൽ നൃത്തച്ചുവടുകളുടെ ആയാസം അനുഭവപ്പെടുന്നുണ്ട്. പിറകോട്ട് പോയിട്ട് കാര്യമില്ല. അവിടെ വെള്ളം നിറയുന്നുണ്ടെന്ന് വഴിയോരം നിറയെ പെട്ടെന്ന് ഒത്തു ചേർന്ന നാട്ടുകാർ വിളിച്ചു പറഞ്ഞു.
“മുന്നോട്ട് വിട്ടോ…”
“നിർത്താതെ വിട്ടോ…”
“നിന്നു പോയാൽ എഞ്ചിൻ ഓഫാക്കാതെ വിട്ടോ.”
വെള്ളത്തിൽ എൻഞ്ചിൻ ഓഫാക്കേണ്ട ആവശ്യമുണ്ടോ. എഞ്ചിൻ സ്വമേധയാ അങ്ങ് ഓഫാവൂലേ. വെള്ളവും എഞ്ചിനും തമ്മിലുള്ള സ്നേഹ ബന്ധം അങ്ങിനെയല്ലേ.
ഒപ്പമുള്ളവരും ഭയം പുരണ്ട നിർദ്ദേശം തരുന്നുണ്ട്. മുന്നിൽ നീന്തുന്ന വാഹനങ്ങളുടെ കുഴികളിൽ വീഴുന്ന കുലുക്കവും ആട്ടവും ആണ് ആകെയുള്ള വഴി സൂചനകൾ. മുന്നിലും വെള്ളം നിറയുന്നുണ്ട്. ബ്രേക്ക് വഴുതുന്നുണ്ട്. ഹാൻഡ് ബ്രേക്ക് ലിവർ നനയുന്നുണ്ട്.
നിരത്ത് പുഴയാവാൻ തല തുവർത്തുന്ന നേരംപൊലും വേണ്ടി വന്നില്ല. ആദ്യമായിട്ടാണ് വെള്ളത്തിലൂടെ വെള്ളത്തിൽ ഇരുന്നുകൊണ്ട് വാഹനം ഓടിക്കുന്നത്. ഉത്തമ ഡ്രൈവർ ആയിരുന്ന അഛനായിരുന്നു മനസ്സിൽ. വാഹനത്തിൽ വെള്ളം നിറഞ്ഞാൽ എന്തു ചെയ്യും എന്ന് അഛനോട് ചോദിച്ചു. എന്ത് ചെയ്യാൻ. ഇരുവശവും മതിൽ ഉള്ളതുകൊണ്ട് ഒഴുകിപ്പോവില്ല. എവിടേങ്കിലും തടഞ്ഞു നിൽക്കുംന്ന് അഛൻ. ഒപ്പമുള്ളവരുടെ ഉയരത്തേക്കാൾ വെള്ളം ഉയരും മുൻപ് അവരേം കൂട്ടി കൂടുതൽ ഉയരത്തിലേക്ക് പോവുക. പണ്ട് മണ്ണാർക്കാട്ടിൽ ഒരു പ്രളയത്തിലൂടെ ലോറി ഓടിച്ച കഥ അഛൻ പറഞ്ഞത് ഓർമ്മയിൽ വന്നു. ഏത് കഥയും കേൾക്കാൻ രസമാണ്. ത്രില്ലാണ്. കഥയിലെ കഥാപാത്രമായി പെട്ടുപോകുമ്പോൾ അവസ്ഥ വേറെയാണ്. അപ്പോൾ കഥാപാത്രം തന്നെ കഥ എഴുതണം. അല്ലെങ്കിൽ കഥാഗതി മാറിപ്പോവും.
അതും അഛൻ പറഞ്ഞു തന്നിട്ടുണ്ട്.
ഭീതി മാറ്റാനായി ആരോ പരസ്പരം ചോദിക്കുന്നത് കേട്ടു.
“നീന്താൻ അറിയോ..”
രണ്ടു വട്ടം നീന്തൽ പഠിക്കാൻ പോയിട്ടുണ്ട്. ആദ്യ പഠിത്തത്തിൽ ഒപ്പം ചാടിയ ചെങ്ങാതി മുങ്ങാം കുഴിയിട്ടു വന്ന് കാല് പിടിച്ച് താഴേക്ക് കൊണ്ടുപോയി. സ്വർഗ്ഗം കണ്ട വെപ്രാളത്തോടെ പൊന്തി വന്ന ശേഷം പിന്നെ ആ വെള്ളത്തിലേക്ക് പോയില്ല. പിന്നെ വർഷങ്ങൾക്ക് ശേഷം മകൾക്കൊപ്പം നീന്തൽ ക്ലാസിൽ പോയി. ഒപ്പം ഇറങ്ങിയ കുഞ്ഞു കുട്ടികൾപോലും ഊളിയിട്ട് എനിക്കടിയിലൂടെ പറക്കുമ്പോഴും ഞാൻ കൈയിട്ടടിച്ച് അവർക്കു മുകളിലെ വെള്ളത്തിൽ തറപറ എഴുതിക്കൊണ്ടിരുന്നു. എത്ര ശ്രമിച്ചാലും ഏതാണ്ട് പൊങ്ങിക്കിടക്കുംന്നല്ലാതെ ഒരടിപോലും എന്റെ ദേഹം മുന്നോട്ട് പോവൂല. പഠിപ്പിക്കുന്ന മാഷാണെങ്കിൽ ഒരു ക്രോണിക്ക് സിനിമാ പ്രാന്തൻ. എന്നെ വെള്ളത്തിൽ കിട്ടിയാൽ അപ്പോൾ പിടിച്ചു കിടത്തി നീന്താൻ വിടാതെ സിനിമാ സംശയങ്ങൾ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും.
കാറിൽ വെള്ളം കയറുമ്പോൾ ഞാൻ ചിന്തിച്ചത് നീന്താൻ അറിയില്ലല്ലൊ എന്നാണ്. പിന്നെ ആ അറിവില്ലായ്മയും ഒരു ധൈര്യമായി. വെള്ളം നിറഞ്ഞ കാറിന്നകത്ത് എന്തായാലും നീന്താൻ പറ്റില്ല. ആക്സിലേറ്ററിൽ നിന്നും കാലെടുത്താൽ എഞ്ചിൻ നിൽക്കും. എഞ്ചിൻ നിന്നു പോകാതെ ഓടിക്കാനാണ് വെള്ളത്തിൽ മുങ്ങി നിന്ന് വഴി കാണിക്കുന്നവർ വിളിച്ചു പറയുന്നത്.
കൊടുങ്ങല്ലൂർ വരെ ഓടിയെത്തി വെള്ളത്തിൽ നിന്നും കയറുമ്പോൾ കടന്നു വന്ന ലോകത്തിന്റെ അവസ്ഥ എല്ലാവരിലും ഒരു മൗനമായി മാറിയിരുന്നു. കാൽച്ചുവട്ടിൽ ഉണ്ടായിരുന്ന കര കാണാതെ പരിഭ്രമിച്ചു നിൽക്കുന്നവരുടെ കണ്ണിലെ ഭീതിയിൽ അശേഷം നനവില്ലായിരുന്നു.
പ്രളയ ദുരന്തത്തിന് ടിക്കറ്റില്ലാതെ സഹായം പിരിക്കുന്ന പ്രിൻസ് ബസ്സിന്റെ കണ്ടക്ടർ അരികിൽ കുറെ നേരം ഇരുന്നിരുന്നു. അദ്ദേഹം പറഞ്ഞു.
“വീട് മുങ്ങിപ്പോയിരുന്നു. ഇന്നലേം മിനിയാന്നും ചെന്ന് ഏതാണ്ട് വൃത്തിയാക്കി. എന്ന് താമസിക്കാൻ പറ്റുംന്ന് അറിയില്ല.”
ജീവിതത്തിന് ഒരു സത്യമേ ഉള്ളൂ.
അഹങ്കരിക്കാൻ ഒന്നുമില്ലെന്ന സത്യമായ സത്യം.
Post Your Comments