CinemaGeneralMollywoodNEWS

സബാഷ് മുകേഷ്, നിങ്ങളൊരു മഹാന്‍ തന്നെ : വിനയന്‍

താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടനും ജനപ്രതിനിധിയുമായ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഈ വിഷയത്തില്‍ മുകേഷിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്.

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച്‌ കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട്. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്‍ത്ഥന്മാര്‍ ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍ നിന്ന് MLA വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമെന്നു വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സബാഷ് മുകേഷ്! നന്നായിട്ടുണ്ട്. നിങ്ങളൊരു മഹാന്‍ തന്നെ. കലാകാരനും, ജനപ്രതിനിധിയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവമഹിമ അമ്മയുടെ എക്‌സിക്ക്യുട്ടീവില്‍ നിന്നു തന്നെ പുറത്തുവന്നത് വളരെ നന്നായി.

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീര്‍ക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച്‌ കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട്. ഈ ഏഴാം തീയതി നടന്ന അമ്മയുടെ കമ്മിറ്റിയില്‍ ഇതുപോലൊരു സംഭവം ഉണ്ടായെന്ന് ആരോ പറഞ്ഞ് അറിഞ്ഞതായി അന്നു തന്നെ കേരളാ ഫിലിം ചേമ്ബറിന്റെ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാര്‍ത്ഥന്മാര്‍ ഇടതുപക്ഷ മുന്നണിയുടെ ലേബലില്‍ നിന്ന് MLA വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം.

2014ല്‍ എന്റെ സിനിമയ്ക്കു വേണ്ടി 50,000 രൂപ അഡ്വാന്‍സ് വാങ്ങിയ ഷമ്മി തിലകന്‍ അതു തിരിച്ചു തന്ന് പിന്മാറിയിരുന്നു. വളരെ ഏറെ പ്രഷറുണ്ടെന്നും അതുകൊണ്ടാണ് ഏറെ ദു:ഖത്തോടു കൂടിയാണെങ്കിലും ഇങ്ങനെ ചെയ്യുന്നതെന്നാണ് അന്ന് ഷമ്മി എന്നോട് പറഞ്ഞിരുന്നത്. അതിന്റെ പിന്നില്‍ മുകേഷ് എന്ന മഹാനുഭാവന്‍ ആയിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. അല്ലെങ്കില്‍ അന്നു കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ കൊടുത്ത പരാതിയില്‍ ഇദ്ദേഹത്തിന്റെ പേരും പറയാമായിരുന്നു. ശ്രീ ഷമ്മി തിലകന്‍ സാക്ഷി കൂടി പറഞ്ഞിരുന്നെങ്കില്‍ ഷമ്മിയുടെ നാലു ലക്ഷം ഇല്ലാതാക്കിയ മുകേഷിന് രണ്ടു മൂന്ന് ലക്ഷത്തിന്റെ ഫൈന്‍ എങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യാമായിരുന്നു.

തിലകന്‍ ചേട്ടന്റെ കൂടെ വിനയന്‍ നിന്നതാണ് മുകേഷിന് തീരെ ഇഷ്ടപ്പെടാത്തതെന്ന് കമ്മിറ്റിയില്‍ മുകേഷ് പറഞ്ഞതായി അറിഞ്ഞു. പ്രിയ സുഹൃത്തെ അമ്മയുടെ മീറ്റിംഗില്‍ തിലകന്‍ ചേട്ടന് പൊലീസ് പ്രൊട്ടക്ഷനോടു കൂടി വരേണ്ട സാഹചര്യമുണ്ടാക്കിയത് നിങ്ങളൊക്കെ കൂടി ആയിരുന്നു എന്ന കാര്യം മറക്കണ്ട. അന്നൊന്നും വിനയന്‍ പിക്ച്ചറില്‍ പോലുമില്ലായിരുന്നു എന്നോര്‍ക്കണം. ഡാം 999 എന്ന ചിത്രത്തില്‍ നിന്നും, ക്രിസ്റ്റ്യന്‍ ബ്രദേര്‍സ് എന്ന ചിത്രത്തില്‍ നിന്നും ശ്രീ തിലകനെ മാറ്റിയപ്പോള്‍ എവിടായിരുന്നു ഹേ… നിങ്ങളൊക്കെ… കൂടുതലൊന്നും ഞാന്‍ വിശദീകരിക്കുന്നില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. വിനയന്‍ വര്‍ഷങ്ങളായി പറഞ്ഞിരുന്നതായിരുന്നു ശരി എന്ന്.

ഇപ്പോള്‍ ഏറെ നാളുകളായി ചാനലുകളില്‍ നടക്കുന്ന സിനിമാചര്‍ച്ചകളിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. ഒന്‍പതുമണി പ്രാസംഗികരില്‍ ചിലര്‍ തിലകന്റെ വിലക്കിനെതിരെയും, താരാധിപത്യത്തിനെതിരെയും അനീതിക്കെതിരെയും ഒക്കെ ഘോരഘോരം സംസാരിക്കുന്നതു കേട്ടു ഞാന്‍ ചിരിച്ചു പോകാറുണ്ട്. അന്നൊന്നും സിനിമയിലെ അനീതിക്കെതിരെയോ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയോ ഒരക്ഷരം മിണ്ടാത്തവര്‍ കാലം മാറിയപ്പോള്‍ വീരവാദം മുഴക്കുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്. അവസരവാദികളുടെ കൂടാരമായ നമ്മുടെ സിനിമാമേഖലയിലെ ഇന്നത്തെ ചിലരുടെ ആവേശ ‘തള്ള’ലുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അത്രയേറെ അനുഭവമുണ്ടല്ലോ എനിക്ക്. എന്റെ നിലപാടുകളില്‍ നിന്ന് അണുവിട ഞാന്‍ മാറിയിട്ടുമില്ലല്ലോ?

എത്രയായാലും ശ്രീ മുകേഷ് എനിക്കു നിങ്ങള്‍ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസര്‍ ക്ലീന്‍, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകള്‍ നമ്മള്‍ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാന്‍ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button