നടിയെ ആക്രമിച്ച കേസിലെ കക്ഷിചേരൽ ഹർജിയിലെ പ്രധാനഭാഗം തന്നെ ധരിപ്പിച്ചിരുന്നില്ല എന്നും താൻ ചതിക്കപ്പെടുക ആയിരുന്നുവെന്നും നടി ഹണി റോസ്. മോഹൻലാലിന്റെ നിർദേശപ്രകാരം ആണ് ബാബുരാജും ആയി ബന്ധപെട്ടതെന്നും ഹർജി വായിക്കണം എന്ന് പറഞ്ഞപ്പോൾ അതിന്റെ ആവശ്യം ഇല്ല ഒപ്പു വാട്സാപ്പിൽ അയച്ചു തന്നാൽ മതിയെന്നും ബാബുരാജ് പറഞ്ഞു. വായിക്കണം എന്ന് നിർബന്ധം പിടിച്ചപ്പോൾ ഒന്നാമത്തെയും മൂന്നാമത്തെയും പേജുകൾ ആണ് അയച്ചു തന്നത്. രണ്ടാംപേജിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടുപോയ അവസ്ഥയാണുണ്ടായതെന്നും ഹണി പറഞ്ഞു. ചൊവ്വാഴ്ച നടന്ന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ താൻ ചതിക്കപ്പെട്ടു എന്ന് ഹണി റോസ് പരാതി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഉള്ള തീരുമാനം പാളിയത് നടിമാരുടെ തലയിൽ കെട്ടി വയ്ക്കുകയാണ് ‘അമ്മ നേതൃത്വം ചെയ്തത്. ഹര്‍ജി നല്‍കിയത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു മറ്റുഭാരവാഹികളുടെ നിലപാട്.
ഹർജി നല്കാൻ ഉള്ള തീരുമാനം നടിമാരുടെ സ്വന്തം താല്പര്യം ആണെന്നും അതിൽ സംഘടനക്ക് യാതൊരു ബന്ധവും ഇല്ലെന്നു കഴിഞ്ഞ ദിവസം ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ പാളിച്ചകളുണ്ടായെന്നും ഇക്കാര്യത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നേതൃത്വം ഹർജി നല്കുന്നതിനെക്കുറിച്ചു അറിഞ്ഞിരുന്നു എന്നാണ് നടിമാരിൽ ഒരാളായ രചന നാരായണൻകുട്ടി പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഹര്‍ജി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രചന വ്യക്തമാക്കി.
Post Your Comments