Film ArticlesLatest NewsMollywood

താര സംഘടനയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍ണായക യോഗം ; അമ്മ – ഡബ്ല്യുസിസി കൂടിക്കാഴ്ച ഇന്ന്

താര സംഘടനയായ അമ്മയുടെ നീണ്ട പതിനേഴു വര്‍ഷത്തെ അധ്യക്ഷ പദവിയില്‍ നിന്നും നടന്‍ ഇന്നസെന്റ് പിന്മാറിയിയതിനെ തുടര്‍ന്നു എതിരില്ലാതെ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ജൂണ്‍ 24നു മോഹന്‍ലാല്‍ അധ്യക്ഷ പദം ഏറ്റെടുത്തതോടെ വിവാദങ്ങളും ആരംഭിച്ചു. ആദ്യ യോഗത്തില്‍ തന്നെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു ആരോപിക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. അതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രവര്‍ത്തകരായ നാല് നടിമാര്‍ രാജി വയ്ക്കുകയും ചെയ്തു. ഇത് കൂടാതെ ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് അവര്‍ അമ്മ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നു അമ്മ നേതൃത്വവും വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്നു നിര്‍ണായക കൂടിക്കാഴ്ച നടക്കും.

ജോയ് മാത്യു, രേവതി, പാര്‍വതി തിരുവോത്ത്, ഷമ്മി തിലകന്‍, പദ്മപ്രിയ, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുകയെന്നാണ് സൂചന. കഴിഞ്ഞദിവസം നടിയെ അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള ‘അമ്മ’ ഭാരവാഹികള്‍ ശ്രമിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് അമ്മയില്‍ തന്നെ ഭിന്നിപ്പ് രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വൈകിയ വേളയില്‍ നടിയെ സഹായിച്ച്‌ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ‘അമ്മ’ നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. അതിനിടെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ഒരുവിഭാഗം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും ‘അമ്മ’യ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞദിവസം വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കത്തു തയാറാക്കി മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും അത് ഒരുവിഭാഗം മുക്കിയെന്നും സര്‍ക്കാരിനു മുന്നില്‍ നിവേദനം എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണു നടിയെ അനുകൂലിക്കുന്ന വിഭാഗം കോടതിയില്‍ കക്ഷി ചേരാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനു തിരിച്ചടിയായത് നടിയുടെ നിലപാടായിരുന്നു.

താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയർന്നെന്നാണു സൂചനകൾ. സ്വന്തമായി കേസ് നടത്താൻ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവർക്ക് ഈ കേസിലുള്ള താൽപര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹർജി പിൻവലിച്ചേക്കും.

shortlink

Related Articles

Post Your Comments


Back to top button