പതിനഞ്ചാമത് സ്റ്റൂട്ട് ഗർട്ട് ഇന്ത്യൻ ഫെസ്റ്റിവലിൽ മികച്ച ചിത്രമായി മലയാളചലച്ചിത്രം ” ഒറ്റമുറി വെളിച്ചം ” തിരഞ്ഞെടുക്കപ്പെട്ടു . ജർമ്മനിയിലെ സ്റ്റൂർട്ട് ഗർട്ടിൽ നടന്ന അവാർഡ് വിതരണച്ചടങ്ങിൽ സംവിധായകൻ രാഹുൽ റിജി നായർ ” ജർമ്മൻ സ്റ്റാർ ഓഫ് ഇന്ത്യ ”അവാർഡ് എറ്റുവാങ്ങി . ശിൽപ്പവും നാലായിരം യൂറോയുടെ ക്യാഷ് അവാർഡുമാണ് നൽകപ്പെട്ടത് .നിറഞ്ഞസദസ്സിൽ നടന്ന ”ഒറ്റമുറി വെളിച്ച ”ത്തിൻറെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി നടന്ന സംവാദത്തിലും രാഹുൽ പങ്കെടുത്തു.
ചിത്രത്തിൻറെ ആഖ്യാനരീതി ഏറെ ശ്രദ്ധേയമാണെന്ന് അവാർഡ് ജൂറി അഭിപ്രായപ്പെടുകയുമുണ്ടായി. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയുടെ അഭിനയ മികവ് ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി .സാധാരണയായി ബോളിവുഡ് ചിത്രങ്ങളാണ് ഇന്ത്യക്കു പുറത്ത് കൂടുതൽ പ്രാധാന്യം കരസ്ഥമാക്കുന്നതെന്നും കേരളവും മലയാളവും ഈ അവാർഡിലൂടെ ആ സ്ഥാനം ഇപ്പോൾ കൈയ്യടക്കിയിരിക്കയാണെന്നും ജൂറി പ്രസ്താവനയിൽ പറഞ്ഞു .
രാഹുൽ റിജിനായരുടെ ആദ്യചിത്രമായ ‘ഒറ്റമുറിവെളിച്ച’ത്തിന് സംസ്ഥാനസർക്കാരിൻ്റെ ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു .
ഗോവ ,ദുബായ് ,ന്യുയോർക്ക് ,തുടങ്ങിയ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുമുണ്ടായി. ആദ്യത്തെ ചിത്രനിർമ്മാണം നേരിട്ട പ്രതിസന്ധികളെപ്പറ്റി മറുപടിപ്രസംഗത്തിൽ പരാമർശിച്ച രാഹുൽ ചിത്രത്തിൻറെ പൂർത്തീകരണത്തിന് തന്നോടൊപ്പം പ്രവർത്തിച്ച സുഹൃത്തുക്കൾക്കും അണിയറപ്രവർത്തകർക്കും ഈ അവാർഡ് സമർപ്പിക്കുന്നതായി പറഞ്ഞു .
വിവാഹാനന്തര ലൈംഗിക അതിക്രമം ,ഗാർഹിക പീഡനം ,എന്നിവയെപ്പറ്റി അവബോധം സൃക്ഷ്ടിക്കുന്നതിനും പൊതുസമൂഹത്തിൽ ഈ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിനും ചിത്രം വഴിവെച്ചി ട്ടുണ്ടെന്ന് രാഹുൽ അഭിപ്രായപ്പെട്ടു .
തന്റെ രണ്ടാമത്തെ ചിത്രമായ ”ഡാകിനി ”യുടെ പണിപ്പുരയിൽനിന്നാണ് രാഹുൽറിജിനായർ സ്റ്റൂട്ട് ഗർട്ട് ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ജർമ്മനിയിൽ എത്തിയത്. യൂണിവേഴ്‌സൽ സിനിമയും ഉർവ്വശി തീയേറ്റേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ” ഡാകിനി’ ‘ യുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണ് .ഫ്രൈഡെ ഫിലിം ഹൌസ് പ്രദർശന ശാലകളിലെത്തിക്കുന്ന ‘ ഡാകിനി ” യിൽ ചെമ്പൻ വിനോദ്‌ജോസ് ,അഞ്‍ജുവർഗ്ഗീസ് ,അലൻസിയർ ,സൈജുകുറുപ്പ് ,ഇന്ദ്രൻസ് ,സേതുലക്ഷ്‌മി ,പൗളിവത്സൻ ,സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
Post Your Comments