മലയാളത്തിലെ താരസംഘടനയായ അമ്മയിലേക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്ന സംഭവുമായി ബന്ധപ്പെട്ട് നാല് നടിമാർ രാജിവെച്ചത് വലിയ ചർച്ചാ വിഷയമായിരുന്നു. അമ്മയിലെ പുരുഷ മേധാവിത്വത്തിനും ഒരു വിഭാഗത്തിന്റെ മേൽക്കോയ്മയ്ക്കുമെതിരെ വനിതാ സംഘടനായ ഡബ്ല്യൂസിസി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു.
അമ്മയെ അറിയാൻ’ എന്ന തലക്കെട്ടിൽ ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ താരസംഘടനയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടി പറയുകയാണ് ഇടവേള ബാബു. കാര്യമറിയാതെയാണ് പലരും ‘അമ്മയെ’ ചീത്ത പറയുന്നതെന്നും പുരുഷ മേധാവിത്വം അമ്മയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ നന്മനിറഞ്ഞ പദ്ധതികളെക്കുറിച്ച് പറയാനും ബാബു മറന്നില്ല.
ഇടവേള ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“അമ്മയെ അറിയാൻ”
“അമ്മ” യിൽ 2018 ജൂലൈ 01 നു 484 അംഗങ്ങൾ ആണുള്ളത്. ഇതിൽ 248 പുരുഷന്മാരും 236 സ്ത്രീകളും. 112 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്പർമാരും ( ആജീവനാന്ത അംഗങ്ങൾ).
1995 മുതൽ 10 പേർക്ക് 1000 രൂപയിൽ നിന്നും തുടങ്ങിയ കൈനീട്ടം പദ്ധതി ഈ ഓഗസ്റ്റ് 01 മുതൽ 143 പേർക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ “കൈനീട്ടം” നൽകുന്നതിലേക്കു എത്തി നിൽക്കുകയാണ്. ഇന്ത്യയിലെ ഒരു ഭാഷയിലും ഇതര സംഘടനകൾ ഇത്രയും വലിയൊരു സഹായം ചെയ്യുന്നതായി അറിവില്ല. സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സഹ പ്രവർത്തകർക്കും വളരെ മുതിർന്നവർക്കും പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കി “അമ്മ”യിൽ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്തു വരുന്നു.
മൂന്നു ലക്ഷം – ഇൻഷുറൻസ് കമ്പനിയും രണ്ടു ലക്ഷം അമ്മ നൽകുന്നതോടെ അഞ്ചു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വർങ്ങളായി നടപ്പിൽ നടത്തുന്നുണ്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട – മരണ ഇൻഷുറൻസ് നൽകുന്നുമുണ്ട്. കൂടാതെ, അപകടത്തിൽപെട്ട് വിശ്രമകാലയളവിൽ ആഴ്ച തോറും 1500 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂർണമായും “അമ്മ” യാണ് അടക്കുന്നത്. സിനിമ മേഖലയിലെ പലർക്കും (മറ്റു അസോസിയേഷനിൽ ഉള്ളവർക്ക്) സമയാ സമയങ്ങളിൽ ചികിൽസാ സഹായവും അമ്മ ചെയ്യുന്നു.
പ്രകൃതി ദുരന്ത സാഹചര്യങ്ങൾ വന്നപ്പോൾ എല്ലാം, സർക്കാറിനോടൊപ്പം കൈകോർത്തു “അമ്മ” ഷോ നടത്തി സാമ്പത്തിക സമാഹരണം നടത്തിക്കൊടുക്കയും, ഒപ്പം “അമ്മ”യുടെ നീക്കിയിരിപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കാല കാലങ്ങളിൽ ഉണ്ടായിട്ടുള്ള സർക്കാരുകളെ സഹായിക്കേണ്ട സന്നിഗ്ദ്ധ ഘട്ടങ്ങളിലെല്ലാം “അമ്മ” എപ്പോഴും കൂടെ നിന്നിട്ടുണ്ട്. കാർഗിൽ യുദ്ധം, ലാത്തൂരിൽ ഭൂമികുലുക്കം – ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണ വേള എന്നിവയെല്ലാം ഇതിൽ ചിലതു മാത്രം. സദുദ്ദേശപരമായതും സമൂഹത്തിൽ ശ്രദ്ധിക്കേണ്ടതുമായ സർക്കാർ പരസ്സ്യങ്ങളിൽ ആവശ്യപ്പെടുന്ന “അമ്മ” അംഗങ്ങളെല്ലാം വേതനം ഒന്നും തന്നെ വാങ്ങാതെ സഹകരിക്കുന്നുണ്ട് .
പരേതനായ ശ്രീ. കൊച്ചിൻ ഹനീഫയുടെ കുട്ടികളുടെ വിദ്യാഭാസ ചെലവ് വഹിക്കുന്നത് അമ്മയാണ്. ” അമ്മ വീട് ” – എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീർത്തും നിർധനരായവർക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽ 6 ” അമ്മ വീടുകൾ ” പൂർത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയിൽ ആണ്.
സ്പോൺസർമാരുടെ സഹായത്തോടെയുള്ള കാരുണ്യ പദ്ധതിയായ അക്ഷര വീടിലൂടെ 51 പേർക്ക് വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടും കേറി കിടക്കാൻ ഒരു കൂര പോലും ഇല്ലാത്തവരെ തിരഞ്ഞെടുത്തു വീട് നിർമിച്ചു കൊടുക്കുന്നു. ചിലർക്ക് അവർ ആഗ്രഹിക്കുന്ന സ്ഥലത്തു ഭൂമി വിലക്ക് വാങ്ങി, വീടുവച്ചു കൊടുക്കുകയുണ്ടായി. മൂന്നെണ്ണം താക്കോൽ ദാനം കഴിഞ്ഞു, 13 എണ്ണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.. അടുത്ത 10 എണ്ണം പണി തുടങ്ങുവാൻ പോകുന്നു. ജി. ശങ്കറിന്റെ രൂപ കല്പനയിൽ ആണ് സ്നേഹത്തിന്റെ 51 സൗധങ്ങൾ കേരളത്തിന്റെ മണ്ണിൽ പണിയുന്നത്.
തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിൽസ നൽകുന്ന തെരുവോരം മുരുകന് തന്റെ സൽക്കർമത്തിനു സഹായകമാകുന്ന രീതിയിൽ “അമ്മ ” ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകി. ഈയൊരു യാത്രയിൽ നമുക്കൊന്നിക്കാം…. നിങ്ങളുടെ പ്രാർത്ഥന മാത്രം മതി, ഞങ്ങൾ പ്രവർത്തിച്ചോളാം.
Post Your Comments