തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നടിമാര്‍ രാജി വെച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി സംവിധായകന്‍ ഡോ. ബിജു. ഇടതുജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ത്രീ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണച്ച ഒരു താരത്തെയും അതിഥികളോ ആതിഥേയരോ ആയി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അമ്മയുടെ ഭാഗമായ മുകേഷ്, ഗണേഷ്, ഇന്നസെന്റ് എന്നീ ജനപ്രതിനിധികളോ മറ്റേതെങ്കിലും താരങ്ങളെയോ പങ്കെടുപ്പിക്കുമെങ്കില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അത് നിശ്ചയിച്ച ജൂറി അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ പങ്കെടുക്കാന്‍ ധാര്‍മികമായി ബുദ്ധിമുട്ടുണ്ടെന്നും ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്ന ഡോ. ബിജു വ്യക്തമാക്കി.
കത്തിന്റെ പൂര്‍ണ രൂപം,
ബഹുമാനപ്പെട്ട കേരളാ മുഘ്യമന്ത്രിയുടെയും സാംസ്‌കാരിക മന്ത്രിയുടെയും അടിയന്തര ശ്രദ്ധയ്ക്ക്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി പ്രവര്‍ത്തിച്ച ഒരാള്‍ ആണ് ഞാന്‍. ഒരുപക്ഷേ കേരള സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ യാതൊരു വിവാദങ്ങളും ഇല്ലാതെയുള്ള ആദ്യ അവാര്‍ഡ് നിര്‍ണ്ണയം ആയിരിന്നു കഴിഞ്ഞ വര്‍ഷത്തേത്. ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണല്ലോ.
ഈ അവസരത്തില്‍ ഒന്ന് രണ്ട് കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങ് ചില സ്വകാര്യ ടെലിവിഷന്‍ അവാര്‍ഡ് ഷോ പോലെ താര ഷോ ആയാണ് നടത്തുന്നത്. പുരസ്‌കാരം നേടിയവര്‍ക്ക് പോലും അര്‍ഹമായ പ്രാധാന്യം നല്‍കാതെ താരങ്ങളെ ആനയിച്ചു കൊണ്ടു വന്നും അവരുടെ ഫാന്‍സ് എന്ന അക്രമ ആസാംസ്‌കാരിക കൂട്ടങ്ങള്‍ക്ക് ആര്‍പ്പ് വിളിക്കാനുള്ള കൂത്തരങ്ങായും സംസ്ഥാന പുരസ്‌കാര ചടങ്ങ് മാറിപ്പോയി. മാത്രവുമല്ല താര ഷോ മാതൃകയില്‍ മിമിക്സ് പരേഡും ഡാന്‍സും കുത്തിനിറച്ച മാമാങ്കം ആക്കി അവാര്‍ഡ് വിതരണം മാറ്റുകയും ചെയ്തു. കടുത്ത വംശീയതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ മിമിക്രികള്‍ ആണ് പലപ്പോഴും ആ വേദിയില്‍ ഉണ്ടായത്. ഇത് മാറ്റി പുരസ്‌കാര വിതരണം സാംസ്‌കാരികമായ ഒരു ചടങ്ങ് ആയി മാറ്റണം എന്ന് ഞങ്ങള്‍ പലതവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്.
ഇപ്പോള്‍ മലയാള സിനിമയില്‍ അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ. ഇത്രമാത്രം സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവും ആരാഷ്ട്രീയവുമായ നിലപാടുകള്‍ എടുത്ത ആ സംഘടനയുടെ തലപ്പത്ത് മൂന്ന് ഇടത് പക്ഷ ജനപ്രതിനിധികള്‍ ഉള്ള വിവരം അറിയാമല്ലോ. അവര്‍ ഉള്‍പ്പെടെ ഈ സ്ത്രീ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണച്ച ഒരു താരത്തെയും അതിഥികളോ ആതിഥേയരോ ആയി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. കൊല്ലത്ത് ശ്രീ മുകേഷ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഈ പരിപാടി നടത്താനുള്ള നിലവിലുള്ള നീക്കം ഉപേക്ഷിക്കണം. അമ്മയുടെ ഭാഗമായ ശ്രീ മുകേഷ്, ശ്രീ ഇന്നസെന്റ്റ്, ശ്രീ ഗണേഷ് എന്നിവരെ ഈ സാംസ്‌കാരിക പരിപാടിയുമായി സഹകരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാംസ്‌കാരിക ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഇവര്‍ പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ വെച്ച് ഈ പുരസ്‌കാരം ഏറ്റു വാങ്ങാന്‍ ധാര്‍മികമായി ബുദ്ധിമുട്ടുള്ളതായി പല പുരസ്‌കാര ജേതാക്കളും ഇതിനോടകം പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പുരസ്‌കാരം ലഭിച്ച താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ആണ് അവാര്‍ഡ് വിതരണ ചടങ്ങിലെ പ്രധാന താരങ്ങള്‍. അല്ലാതെ ഷോയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേറെ താരങ്ങളെ കൊണ്ടു വരുന്ന രീതി അവസാനിപ്പിക്കണം. ഈ വര്‍ഷത്തെ പുരസ്‌കാര ദാന ചടങ്ങില്‍ പുരസ്‌കാരം കിട്ടിയവര്‍ അല്ലാത്ത താരങ്ങളെ വേദിയില്‍ അതിഥികള്‍ ആയി ക്ഷണിക്കരുത്. ഇത്രയേറെ സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ പുലര്‍ത്തുന്ന അമ്മ സംഘടനയിലെ താരങ്ങളെ ഒരു കാരണവശാലും സര്‍ക്കാര്‍ ഇത്തരം ഒരു ചടങ്ങില്‍ വേദിയില്‍ അതിഥികളായി വിളിക്കരുത്. വംശീയതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ബഡായി ബംഗ്‌ളാവുകളുടെ മിമിക്രി വേദി ആയി സംസ്ഥാനത്തിന്റെ പരമോന്നത സിനിമാ പുരസ്‌കാരം നല്‍കുന്ന ഒരു വേദിയെ മാറ്റരുത് എന്ന് അപേക്ഷിക്കുന്നു. പുരസ്‌കാര ജേതാക്കള്‍ അല്ലാതെ വേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി അമ്മയുടെ ഭാഗമായ ഈ മൂന്ന് ജനപ്രതിനിധികളോ മറ്റേതെങ്കിലും താരങ്ങളെയോ പങ്കെടുപ്പിക്കും എങ്കില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അത് നിശ്ചയിച്ച ജൂറി അംഗങ്ങളില്‍ ഒരാള്‍ എന്ന നിലയില്‍ പങ്കെടുക്കാന്‍ ധാര്‍മികമായി ബുദ്ധിമുട്ടുണ്ടാകും എന്ന വിവരം അറിയിച്ചു കൊള്ളട്ടെ.
Post Your Comments