പ്രമുഖ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ് സിഎംഡി കെ.ജി.അനില്‍കുമാര്‍ മലയാള സിനിമാ നിർമ്മാണ മേഖലയിയിൽ തുടക്കം കുറിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും, അഭിനേതാവുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പതിനെട്ടാംപടി’ എന്ന സിനിമയിലൂടെയാണ് ഐസിഎൽ ഫിൻ കോർപ്പിന്റെ സിനിമയിലെ തുടക്കം. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ‘പതിനെട്ടാംപടി’നിർമ്മാണ പങ്കാളിയാണ് കെ.ജി അനിൽകുമാർ സാരഥ്യം വഹിക്കുന്ന ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ്.
65-ലേറെ പുതുമുഖങ്ങൾ അഭിനയിക്കുന്ന സിനിമയാണ് ‘പതിനെട്ടാംപടി’. എട്ടു മാസത്തോളം പരിശീലനം നൽകിയതിനു ശേഷമാണ് അവരെ ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. ഇവർക്കൊപ്പം തമിഴിലെയും, മലയാളത്തിലെയും പ്രമുഖ താരങ്ങളും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ‘ബാഹുബലി-2’, ‘ബില്ല’, ‘തുപ്പാക്കി’, ‘വിശ്വരൂപം’ തുടങ്ങിയ സിനിമകളുടെ സംഘട്ടന സംവിധാനം നിർവ്വഹിച്ച കെച്ച ഖമ്പക്ഡീ ‘പതിനെട്ടാംപടി’യിലൂടെ മലയാളത്തിൽ തുടക്കം കുറിക്കുകയാണ്. നവാഗതനായ സുദീപ് ഇളമൺ ആണ് ഛായാഗ്രഹണ വിഭാഗം കൈകാര്യം ചെയ്യുന്നത്.
“സിനിമാ മേഖലയിലേക്ക് കടക്കുന്നതിൽ ഒരുപാട് സന്തോഷവും, അതിലുപരി ആവേശവുമുണ്ട്. സിനിമയോടുള്ള അതിയായ ഇഷ്ടമാണ് ഇതിനു കാരണം. ആഗസ്റ്റ് സിനിമ പോലെ ഏറെ അറിയപ്പെടുന്ന ഒരു പ്രൊഡക്ഷൻ ഹൗസിനൊപ്പം തുടങ്ങാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു”, എന്നാണ് ഇതേക്കുറിച്ച് ഐസിഎൽ ഫിൻകോർപ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ കെ.ജി.അനിൽകുമാർ അഭിപ്രായപ്പെട്ടത്. തൃശ്ശൂരിലെ ഇരിഞ്ഞാലക്കുട ആസ്ഥാനമായി 1991’ല്‍ ആരംഭിച്ച ഐസിഎല്‍ ഫിന്‍കോര്‍പ് ഇന്ന് ഇരുനൂറില്പരം ശാഖകളോടെ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഒരു ടീമെന്ന നിലയില്‍ എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള നിത്യവും, കഠിനവുമായ പരിശ്രമമാണ് ഇങ്ങനെയൊരു വിജയാവസ്ഥയിലെത്താന് സഹായിച്ചതെന്നും കെ.ജി.അനില്‍കുമാര്‍ പറയുന്നു.
‘പതിനെട്ടാംപടി’ എന്ന പ്രോജക്റ്റ് ഡിസൈൻ ചെയ്തിട്ടുള്ളത് ഇന്ത്യയിലെ പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഓസ്കാർ ഈവന്റ്സാണ്. ജെനീഷ് ഓസ്കാർ ആണ് ഓസ്കാർ ഈവന്റ്സിന്റെ സാരഥി. കല്യാൺ ജൂവലേഴ്സ്, ശോഭഡെവലപ്പേഴ്സ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് ഈവന്റ്സ് കൈകാര്യം ചെയ്യുന്നത് ഓസ്കാർ ഈവന്റ്സാണ്.
Post Your Comments